തിങ്കളാഴ്ച 18 ജനുവരി 2021 - 9:28:11 am

അൽ ദഹ്‌റയും ഇസ്രായേലിന്റെ വാട്ടർജെനും തന്ത്രപ്രധാന ജല സുരക്ഷാ പങ്കാളിത്ത കരാർ ഒപ്പിട്ടു


അബു ദാബി, 26 നവംബർ, 2020 (WAM) - അബുദാബി ആസ്ഥാനമായുള്ള മൃഗ ഭക്ഷ്യ ഉൽപന്നങ്ങൾ നിർമ്മിക്കുന്ന അൽ ദഹ്‌റ ഹോൾഡിംഗ് കമ്പനിയും വാട്ടർ-ഫ്രം-എയർ സൊല്യൂഷൻസ് ഡെവലപ്പറായ ഇസ്രായേൽ കമ്പനി വാട്ടർജെനും ജല സുരക്ഷ സംബന്ധിച്ച തന്ത്രപ്രധാന പങ്കാളിത്ത കരാറിൽ ഒപ്പുവച്ചു.

അൽ ദഹ്‌റ ഹോൾഡിംഗ് കമ്പനിയുടെ വൈസ് ചെയർമാനും സഹസ്ഥാപകനുമായ ഖാദിം അൽ ദാരെ, വാട്ടർജെൻ സിഇഒയും പ്രസിഡന്റുമായ മൈക്കൽ മിരിലാഷ്വിലി എന്നിവരാണ് അബുദാബിയിൽ വച്ച് കരാർ ഒപ്പിട്ടത്.

മനുഷ്യർക്കും കാർഷിക ഉപഭോഗത്തിനും വേണ്ടി വായുവിൽ നിന്ന് വെള്ളം ഉൽപാദിപ്പിക്കുന്നതും ശുദ്ധജലത്തിന്റെ പുനരുപയോഗ സ്രോതസ്സ് സൃഷ്ടിക്കുന്നതും സംബന്ധിച്ച് ഇരുപക്ഷവും തമ്മിൽ തന്ത്രപ്രധാനമായ പങ്കാളിത്തം സ്ഥാപിക്കുകയാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്.

കുടിവെള്ളത്തിനും ജലസേചനത്തിനുമുള്ള ജല ഉൽപാദന ഉപകരണങ്ങൾ നിർമ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി അബുദാബിയിൽ ഒരു സ്ഥിര കേന്ദ്രം സ്ഥാപിക്കാൻ ഇരുപക്ഷവും ധാരണയിലെത്തി. വായുവിൽ നിന്ന് വെള്ളം ഉത്പാദിപ്പിക്കുന്നതിനുള്ള ഒരു പ്രധാന സാങ്കേതികവിദ്യ വാട്ടർജെൻ വികസിപ്പിക്കുകയും ലോകത്തിലെ ഏറ്റവും ഊർജ്ജക്ഷമമായ അന്തരീക്ഷ ജല ജനറേറ്ററായ എഡബ്ല്യൂജി യ്ക്ക് പേറ്റന്റ് നേടുകയും ചെയ്തിട്ടുണ്ട്.

സഹകരണവും തന്ത്രപ്രധാന പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിനായി യുഎഇയും ഇസ്രയേലും സമാധാന കരാറിലേർപ്പെട്ടതിനെ തുടർന്ന് 2020 ഒക്ടോബറിൽ യുഎഇ കമ്പനി പ്രതിനിധി സംഘം ഇസ്രായേൽ സന്ദർശിച്ചതിന് ശേഷമാണ് ഈ നിർദ്ദിഷ്ട കരാരിലെത്തിച്ചേർന്നതെന്ന് അൽ ദാരെ വ്യക്തമാക്കി.

വായുവിൽ നിന്ന് വെള്ളം ഉൽപാദിപ്പിക്കുന്നതിനുള്ള നൂതന സാങ്കേതികവിദ്യ കൈവശമുള്ള വാട്ടർജെനുമായി അൽ ദഹ്‌റ ധാരണാപത്രത്തിൽ ഒപ്പുവച്ചതായും, വലിയ അളവിൽ കുടിവെള്ളം നൽകാനും ഫാമുകൾ, പാർക്കുകൾ, കരുതൽ ശേഖരം തുടങ്ങിയ ആവശ്യങ്ങൾക്കുള്ള ജല ആവശ്യകത നിറവേറ്റാനും ഇത് സഹായകരമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടിവെള്ളത്തിനും ജലസേചനത്തിനുമായി ഒരു AWG ന് പ്രതിദിനം 5,000 ലിറ്റർ വെള്ളം ഉല്പാദിപ്പിക്കാൻ കഴിയും.

"ലോകമെമ്പാടുമുള്ള പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ, പ്രത്യേകിച്ചും യുഎഇയിൽ, പരിസ്ഥിതി സൂചികകൾക്ക് ഇപ്പോൾ വികസിത രാജ്യങ്ങൾ മുൻഗണന നൽകുന്നു. അതിനാൽ, പരിസ്ഥിതിയെ സംരക്ഷിക്കുന്നതും സുസ്ഥിര വികസന പരിപാടികൾക്ക് പിന്തുണ നൽകുന്നതുമായ സമഗ്രമായ പാരിസ്ഥിതിക പരിഹാരങ്ങൾ കണ്ടെത്താനാണ് അൽ ദഹ്‌റ ലക്ഷ്യമിടുന്നത്," അദ്ദേഹം ഊന്നിപ്പറഞ്ഞു.

മേഖലയിൽ സ്ഥിരത കൈവരിക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിനും യുഎഇയും ഇസ്രായേലും ഒപ്പുവച്ച അബ്രഹാം ഉടമ്പടിയാണ് അബുദാബിയിലേക്കുള്ള തങ്ങളുടെ സന്ദർശനത്തിന് കാരണമെന്ന് മിറിലാഷ്‌വിലി പറഞ്ഞു.

വാട്ടർജെൻ അതിന്റെ സാങ്കേതികവിദ്യ യുഎഇയിൽ പ്രദർശിപ്പിക്കും, വാട്ടർജെന്റെ ഉൽപ്പന്നങ്ങൾ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

2009 ൽ സ്ഥാപിതമായ വാട്ടർജെൻ ലോകത്തെ പല രാജ്യങ്ങളിലും പ്രവർത്തിക്കുന്നു. അൽ ദഹ്റ ഹോൾഡിംഗ് കമ്പനിയുമായുള്ള സഹകരണത്തിലൂടെ ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനുമുള്ള തന്ത്രപ്രധാനമായ പദ്ധതി മുന്നോട്ട് കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നത്. യുഎഇ മരുഭൂമി പരിതസ്ഥിതിക്ക് അനുസൃതമായി അഞ്ച് വർഷത്തെ സഹകരണ പദ്ധതി വികസിപ്പിക്കുകയും ക്രമീകരിക്കുകയും ചെയ്യും.

സാഹചര്യത്തിന്റെ ആവശ്യകത അനുസരിച്ച് വാട്ടർജെന് മൂന്ന് പ്രധാന അന്തരീക്ഷ വാട്ടർ ജനറേറ്ററുകൾ, എഡബ്ല്യൂജികൾ ഉണ്ട്. ഓരോ യൂണിറ്റിലും ഒരു ആന്തരിക ജല ശുദ്ധീകരണ സംവിധാനം അടങ്ങിയിരിക്കുന്നു, പ്രത്യേക അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഇതിന് പ്രവർത്തിക്കാൻ കഴിയും.

പട്ടണങ്ങൾ, ഗ്രാമങ്ങൾ, ഫാക്ടറികൾ, ഓഫ് ഗ്രിഡ് സെറ്റിൽമെന്റുകൾ, ഗ്രാമീണ സമൂഹങ്ങൾ എന്നിവയ്ക്കായി രൂപകൽപ്പന ചെയ്ത വ്യാവസായിക തലത്തിലുള്ള അന്തരീക്ഷ ജല ജനറേറ്ററാണ് വലിയ തോതിലുള്ള എഡബ്ല്യൂജി, പ്രതിദിനം 5,000 ലിറ്റർ വരെ വെള്ളം ഉത്പാദിപ്പിക്കാൻ ഇതിന് കഴിയും. മേൽക്കൂരയിലും ഇവ സ്ഥാപിക്കാവുന്നതാണ്, വേണ്ടത്ര ജലലഭ്യതാ സൗകര്യങ്ങളില്ലാത്ത മുനിസിപ്പാലിറ്റികളിൽ സുരക്ഷിതമായി കുടിവെള്ള വിതരണം സാധ്യമാക്കാൻ ഇത് സഹായിക്കുന്നു.

പ്രതിദിനം 800 ലിറ്റർ വെള്ളവും, പ്രതിദിനം 30 ലിറ്റർ വെള്ളവും ഉല്പാദിപ്പിക്കുന്ന എഡബ്ല്യൂജികൾ വീടുകളിലും ഓഫീസുകളിലും ഉപയോഗിക്കുന്നു.

WAM/ Ambily http://www.wam.ae/en/details/1395302890325

WAM/Malayalam