തിങ്കളാഴ്ച 18 ജനുവരി 2021 - 9:13:02 am

ദുബായ് സുപ്രീം കൗൺസിൽ ഓഫ് എനർജി 2020 ഡിസംബർ 1 മുതൽ ഇന്ധന സർചാർജ് കുറയ്ക്കുന്നു


ദുബായ്, 29 നവംബർ 2020 (WAM) - ദുബായിലെ ഊർജ്ജ മിശ്രിതത്തിൽ പുനരുപയോഗ ഊർജ്ജത്തിന്റെ പങ്ക് വർദ്ധിപ്പിക്കാൻ യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരം വൈദ്യുതിക്കും വെള്ളത്തിനുമുള്ള ഇന്ധന സർചാർജ് കുറയ്ക്കുന്നതിന് ദുബായ് സുപ്രീം കൗൺസിൽ ഓഫ് എനർജി ചെയർമാൻ എച്ച് എച്ച് ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം തീരുമാനമെടുത്തു.

വൈദ്യുതിയുടെ ഇന്ധന സർചാർജ്, നിലവിലെ 6.5 ഫില്ലുകൾക്ക് പകരം കിലോവാട്ട് മണിക്കൂറിന് 5 ഫില്ലും വെള്ളത്തിനുള്ളത്, നിലവിലെ 0.6 ഫില്ലുകൾക്ക് പകരം ഇംപീരിയൽ ഗാലന് 0.4 ഫില്ലും ആയിരിക്കും . ആഗോളതലത്തിൽ മത്സരാധിഷ്ഠിത വിലയ്ക്ക് വൈദ്യുതി, ജല സേവനങ്ങൾ നൽകുന്നതിൽ ദുബായിയുടെ അഭിമാനകരമായ സ്ഥാനം ഉയർത്താനുള്ള സുപ്രീം കൗൺസിലിന്റെ പ്രതിജ്ഞാബദ്ധതയാണ് ഈ തീരുമാനത്തിലൂടെ പ്രതിഫലിക്കുന്നത്. സൗരോർജ്ജ ഉൽപാദനത്തിലെ വർദ്ധനവിന്റെ ഫലമായി ഇന്ധന ഉപഭോഗത്തിൽ കരസ്ഥമാക്കിയ സമ്പാദ്യം ഉപഭോക്താക്കൾക്ക് കൈമാറും. 2020 ഡിസംബർ 1 മുതൽ വൈദ്യുതി, ജല ബില്ലുകളിൽ ഇന്ധന സർചാർജ് കുറവ് പ്രാബല്ല്യത്തിൽ വരും.

"പുനരുപയോഗ ഊർജ്ജത്തിന്റെ പങ്ക് വർദ്ധിപ്പിക്കാനും 2050 ഓടെ ദുബായിയുടെ ഊർജ്ജ ശേഷിയുടെ 75 ശതമാനം ശുദ്ധമായ ഊർജ്ജ സ്രോതസ്സുകളിൽ നിന്ന് ദുബായ് ക്ലീൻ എനർജി സ്ട്രാറ്റജി 2050 വഴി നൽകാനുമുള്ള, യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻറെ കാഴ്ചപ്പാടിനും നിർദ്ദേശങ്ങൾക്കും അനുസൃതമായി ഞങ്ങൾ ഡിഇഡബ്ല്യൂഎ യിൽ, പ്രവർത്തിക്കുന്നു. ദുബായിലെ ഊർജ്ജ മിശ്രിതത്തിൽ ശുദ്ധമായ ഊർജ്ജ ശേഷിയുടെ വിഹിതം ഏകദേശം 9 ശതമാനമായി ഉയർന്നു, ഇന്ധന ഉപഭോഗം കുറഞ്ഞു. ഈ സമ്പാദ്യം ഉപഭോക്താക്കളുടെ ബില്ലുകളിൽ പ്രതിഫലിക്കും,'' ദുബായ് സുപ്രീം കൗൺസിൽ ഓഫ് എനർജി വൈസ് ചെയർമാനും ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി, ഡിഇഡബ്ല്യൂഎ, സിഇഒയുമായ സയീദ് മുഹമ്മദ് അൽ തായർ പറഞ്ഞു. ''വൈദ്യുതിയുടെയും വെള്ളത്തിൻറെയും ഇന്ധന സർചാർജ് കുറയ്ക്കാനുള്ള ദുബായ് സുപ്രീം കൗൺസിൽ ഓഫ് എനർജി തീരുമാനം, ദുബായ് നിവാസികൾക്ക് മാന്യമായ ജീവിതം ഉറപ്പാക്കാനുള്ള, പ്രഗൽഭരായ നേതൃത്വത്തിന്റെ താൽപ്പര്യം അടിവരയിട്ട് കാണിക്കുന്നു, "അദ്ദേഹം കൂട്ടിച്ചേർത്തു.

WAM/ Ambily http://www.wam.ae/en/details/1395302891137

WAM/Malayalam