തിങ്കളാഴ്ച 19 ഏപ്രിൽ 2021 - 6:02:46 am

WAM ഫീച്ചർ: ആഴക്കടലിലെ ഗൃഹാതുര ഓർമകളുടെ പവിഴപ്പെട്ടി അബ്ദുള്ള തുറന്നപ്പോൾ

  • d4.jpg
  • d3.jpg
  • d1.jpg
  • d2.jpg
വീഡിയോ ചിത്രം

ബിൻസാൽ അബ്ദുൾകാദർ തയ്യാറാക്കിയത്: അബുദാബി, ജനുവരി 12, 2021 (WAM) -- ജാസിം അബ്ദുള്ള തന്റെ പവിഴപ്പെട്ടി തുറക്കുമ്പോൾ സന്ദർശകർ അവസാനിക്കാത്ത കഥകളുടെ മായികലോകത്തെത്തുന്നു.
61കാരനായ ഈ എമിറാത്തി തന്റെ യൌവനകാലത്ത് പവിഴം മുങ്ങിയെടുക്കുന്ന ജോലി ചെയ്തിരുന്നു. ആഴക്കടലിലേക്ക് പവിഴം തേടിയുള്ള സാഹസിക യാത്രകളുടെ ഗൃഹാതുര ഓർമകൾ എമ്പാടുമുണ്ട് അദ്ദേഹത്തിന്റെ പക്കൽ.
"ആഴക്കടലിലേക്കുള്ള മുങ്ങാങ്കുഴിയിടലുകളെല്ലാം തന്നെ വെല്ലുവിളികൾ നിറഞ്ഞവയായിരുന്നു. അവ അത്രകണ്ട് ആസ്വദിക്കുകയും ചെയ്തിരുന്നു. ചെറിയ ആഴങ്ങളിലേക്ക് മുങ്ങാങ്കുഴിയിടുന്നത് എനിക്ക് വലിയ ത്രില്ലുള്ള കാര്യമായിരുന്നില്ല," അബ്ദുള്ള ഓർത്തെടുക്കുന്നു.
അന്ന് തന്നെ ത്രില്ലടിപ്പിച്ച കാലമൊന്നും തിരികെ വരില്ലെന്നറിയാം അബ്ദുള്ളയ്ക്ക്. എന്നാൽ, യുനൈറ്റഡ് അറബ് എമിറേറ്റ്സിലെ നിരവധിയായ മുൻതലമുറകളെ പോറ്റിയിരുന്ന പവിഴവേട്ടയെക്കുറിച്ച് പുതിയ തലമുറ അറിയണമെന്നുണ്ട് അദ്ദേഹത്തിന്.
"അതുകൊണ്ടു തന്നെയാണ് ഈ പവിഴപ്പെട്ടി ഞാൻ ഒരു നിധിപോലെ കൊണ്ടുനടക്കുന്നത്. ഞാൻ ഈ പെട്ടി എന്റെ കുട്ടികൾക്ക് കൈമാറും. അവരത് തങ്ങളുടെ അടുത്ത തലമുറകൾക്ക് കൈമാറണമെന്ന അതിയായ ആഗ്രഹവും എനിക്കുണ്ട്," അബുദാബിയിൽ നടക്കുന്ന ഷെയ്ഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവലിലെ ഒരു സ്റ്റാളിൽ പവിഴവേട്ടയ്ക്കുപയോഗിച്ചിരുന്ന പരമ്പരാഗത സാമഗ്രികൾ പ്രദർശിപ്പിക്കവെ അബ്ദുള്ള എമിറേറ്റ്സ് ന്യൂസ് ഏജൻസിയോട് (WAM) പറഞ്ഞു.
എമിറാത്തികൾ തങ്ങളുടെ സാംസ്കാരികപൈതൃകം സൂക്ഷിക്കണമെന്ന് എപ്പോഴും ആഹ്വാനം ചെയ്തിരുന്നയാളാണ് യുഎഇയുടെ സ്ഥാപക പിതാവായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനെന്ന് അബ്ദുള്ള ഓർത്തെടുത്തു. തന്നെ ഏറെ സ്വാധീനിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തിട്ടുള്ളയാളാണ് അദ്ദേഹം.
"നമ്മൾ നമ്മുടെ കഴിഞ്ഞകാലങ്ങളെ ഓർക്കണമെന്ന് അദ്ദേഹം എപ്പോഴും ഞങ്ങളോട് പറയാറുണ്ടായിരുന്നു. എവിടെയാണ്, എന്നാണ് നാം തുടങ്ങിയതെന്ന് എപ്പോഴും ഓർത്തിരിക്കണം. ഇപ്പോഴത്തെ ഭരണാധികാരികളും എമിറേറ്റ്സിന്റെ സാംസ്കാരികപൈതൃകം കാക്കുന്നതിൽ ബദ്ധശ്രദ്ധയുള്ളവരാണ്. യുവതലമുറയെ നമ്മുടെ സംസ്കാരം പഠിപ്പിക്കുന്നതിൽ അവർ ശ്രദ്ധ പുലർത്തുന്നുണ്ട്. ഇതരരാജ്യക്കാരെയും ഇത്തരം സോവനീറുകളിലൂടെ നമ്മുടെ സംസ്കാരത്തെ വിളംബരം ചെയ്യുന്നു," അബ്ദുള്ള വിശദീകരിച്ചു.
അബുദാബിയിലെ അൽ റാഹ്ബയിലാണ് അബ്ദുള്ള കഴിയുന്നത്. തന്റെ പതിനഞ്ചാം വയസ്സു മുതൽ മീൻപിടിത്തക്കാരനായി മാറിയ ഇദ്ദേഹം പിന്നീട് പവിഴവേട്ടയിലേക്ക് തിരിയുകയായിരുന്നു. "മീൻപിടിത്തത്തിലും പവിഴം തപ്പുന്നതിലും എന്റെ പിതാവ് തന്നെയാണ് എന്നെ നയിച്ചത്."
"പവിഴവേട്ട ഏറെ അനിശ്ചിതത്വം നിറഞ്ഞ തൊഴിലാണ്. പലപ്പോഴും ദിവസങ്ങളോളം ഒന്നും കിട്ടാറില്ല. പക്ഷെ, ചില ദിവസങ്ങളിൽ വലിയ വിലയേറിയ പവിഴം ലഭിച്ചെന്നു വരും. അതുതന്നെ മതി ദിവസങ്ങളോളം കഴിയാനുള്ള വകയ്ക്ക്. അത് എന്റെ ജീവിതത്തിലെ ഏറ്റവും രസകരമായ കാലമായിരുന്നു."
നാല് ആണുങ്ങളും അഞ്ച് പെണ്ണുങ്ങളുമായി ഒമ്പത് മക്കളുണ്ട് അബ്ദുള്ളയ്ക്ക്. തങ്ങളുടെ പിതാവ് ഇപ്പോഴും തന്റെ പവിഴപ്പെട്ടി സൂക്ഷിക്കുന്നതിൽ അവർക്ക് തികഞ്ഞ ആഹ്ലാദമാണുള്ളത്.
"എന്റെ ഈ കഥകൾ അവർ വരുംതലമുറകളിലേക്ക് പകരുമെന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ഇതാണ് നമ്മുടെ സംസ്കാരം." അൽ വാത്ബയിൽ നടക്കുന്ന ഫെസ്റ്റിവലിലെ ഇദ്ദേഹത്തിന്റെ സ്റ്റാളിലേക്ക് നൂറുകണക്കിനാളുകളാണ് എത്തിച്ചേരുന്നത്. അബുദാബി നഗരത്തിൽ നിന്ന് 30 മിനിറ്റ ഡ്രൈവ് ചെയ്താൽ വാത്ബയിലെത്തിച്ചേരാം.
2020 ഒക്ടോബർ 20നാണ് ഈ ഫെസ്റ്റിവൽ തുടങ്ങിയത്. 2021 ഫെബ്രുവരി 20 വരെ സന്ദർശകർക്ക് ഇവിടേക്ക് ചെല്ലാം. ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ട ഈ ഉത്സവം രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ വിളംബരം ചെയ്യുകയാണ്.
വിവിധ ദേശങ്ങളിൽ നിന്നുള്ള പത്ത് ലക്ഷത്തിലധികം സന്ദർശകർ ഈ ഉത്സവത്തിലേക്ക് എല്ലാവർഷവും എത്തിച്ചേരാറുണ്ട്. 90 ദിവസം നീളുന്നതാണ് ഈ ഉത്സവം.
WAM/Ambily
http://wam.ae/en/details/1395302900926

WAM/Malayalam