തിങ്കളാഴ്ച 19 ഏപ്രിൽ 2021 - 6:54:37 am

ഹോപ്പ് പ്രോബ് ലക്ഷ്യസ്ഥാനത്തെ സമീപിക്കുന്നതു തന്നെ വലിയൊരു നേട്ടമെന്ന് റഷ്യ

  • 157d4042-a321-4200-9483-a2b479f0d455.jfif
  • photo5843445316110628393
  • photo5843445316110628396
  • photo5843445316110628389

ബിൻസാൽ അബ്ദുൾകാദർ തയ്യാറാക്കിയത്: അബുദാബി, ഫെബ്രുവരി 9, 2021 (WAM) -- അഞ്ച് പതിറ്റാണ്ടുകൾക്ക് മുമ്പ് ചൊവ്വയിൽ ആദ്യമായി ബഹിരാകാശ പേടകം ഇറക്കിയ റഷ്യ, യു‌എഇയുടെ ഹോപ്പ് പ്രോബ് ലക്ഷ്യസ്ഥാനത്ത് എത്തുന്നതു തന്നെ ഒരു വലിയ നാഴികക്കല്ലാണെന്ന് പ്രസ്താവിച്ചു.

എമിറേറ്റ്സ് ന്യൂസ് ഏജൻസിക്കു വേണ്ടി (WAM) Roscosmos (ഫെഡറൽ ബഹിരാകാശ ഏജൻസി) പുറത്തിറക്കിയ പ്രസ്താവന ഇങ്ങനെ പറഞ്ഞു: "ലക്ഷ്യസ്ഥാനത്ത് എത്തുക എന്നതുതന്നെ ഒരു ദൗത്യത്തിന്റെ വലിയ നാഴികക്കല്ലാണ്. ഈ നിർണായക വിജയത്തിന് ഞങ്ങളുടെ എമിറാത്തി സഹപ്രവർത്തകരെ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു."

ഹോപ് പ്രോബ് ചൊവ്വ ഭ്രമണപഥത്തിലേക്ക് കടക്കുന്ന സന്ദർഭത്തിലാണ് ചൊവ്വാഴ്ച റോസ്‌കോസ്മോസ് ഈ അഭിപ്രായം അറിയിച്ചത്. അതിലോലമായ ഈ ഘട്ടത്തിലാണ് അറബ് ലോകത്ത് നിന്നുള്ള ആദ്യത്തെ ചൊവ്വ ദൗത്യത്തിന്റെ വിജയം തീരുമാനിക്കപ്പെടുക.

"ഹോപ്പ് ദൗത്യത്തിന്റെ ഇനിയുള്ള തുടർച്ച എന്തായിരുന്നാലും ഇതിനകം തന്നെ ഒരു വലിയ വിജയമാണ്. കഴിവുള്ള നേതൃത്വത്തിന്റെ പിന്തുണയുള്ള ഒരു അഭിലാഷത്തിന് ഒരു യുവരാജ്യത്തെ വേഗത്തിൽ ഹെവി-വെയ്റ്റ് കളിക്കാരുടെ ക്ലബ്ബിലേക്ക് എത്തിക്കാൻ കഴിയുമെന്ന് ഇത് ലോകത്തെ മുഴുവൻ കാണിച്ചു," റഷ്യൻ ഏജൻസി കൂട്ടിച്ചേർത്തു.

"വളരെ പ്രധാനപ്പെട്ടതും ധീരവുമായ ഈ ദൗത്യത്തിന്റെ വിജയം എമിറാത്തി സഹപ്രവർത്തകർക്ക് ഞങ്ങൾ ആശംസിക്കുന്നു," പ്രസ്താവന പറഞ്ഞു.

1971 ലും 1973 ലും ചൊവ്വയിൽ ഒരു ബഹിരാകാശ പേടകം ഇറക്കിയ ആദ്യത്തെ രാജ്യമാണ് റഷ്യ. 1976 നും 2018 നും ഇടയിൽ എട്ട് വിജയകരമായ ചൊവ്വ ലാൻഡിംഗുകളുമായി യുഎസ് പിന്നാലെയെത്തി.

1993 ൽ യൂറോപ്യൻ യൂണിയനും 2014 ൽ ഇന്ത്യയും ഈ ബഹിരാകാശ യാത്രികരുടെ എക്സ്ക്ലൂസീവ് ക്ലബിൽ ചേർന്നു.

ഹോപ് പ്രോബ് വിജയകരമായി ചൊവ്വയിലെത്തിയാൽ, യു‌എഇ ആ എലൈറ്റ് ക്ലബിലെ അഞ്ചാമത്തെ അംഗമാകും.

ഈ നേട്ടത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ റോസ്‌കോസ്മോസ് പറഞ്ഞു: "യു‌എഇയെന്ന സൗഹൃദ രാഷ്ട്രത്തെ ലോകത്തിലെ ബഹിരാകാശ പര്യവേക്ഷണ രാജ്യങ്ങളുടെ ക്ലബിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്."

ആഴത്തിലുള്ള ബഹിരാകാശ പര്യവേക്ഷണത്തിന് സാധാരണമായി വിശാലമായ അന്താരാഷ്ട്ര സഹകരണം ആവശ്യമാണെന്ന് റോസ്കോസ്മോസ് വ്യക്തമാക്കി. "ആഗോള ബഹിരാകാശ സമൂഹത്തിന് ദീർഘകാല സമവായമുണ്ട്. ഇന്റർപ്ലാനറ്ററി ദൗത്യങ്ങൾ എല്ലായ്പ്പോഴും ഒരു ഉന്നതതല കൃത്യമാണ്. കൂടുതൽ രാജ്യങ്ങൾ ആ കഴിവ് നേടിയെടുക്കുമ്പോൾ ലോകം മുഴുവൻ അതിൽ നിന്ന് പ്രയോജനം നേടുന്നു."

യുഎഇയുടെ ചൊവ്വ ദൗത്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് റോസ്‌കോസ്മോസ് വിശദീകരിച്ചു: "മനുഷ്യരുടെ ബഹിരാകാശ പ്രവർത്തനങ്ങളിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ ജോലികളിലൊന്നാണ് ഇന്റർപ്ലാനറ്ററി ദൗത്യങ്ങൾ. ഒരൊറ്റ ദൗത്യം ആരംഭിക്കുന്നതിന് സാധാരണയായി ധാരാളം വർഷങ്ങൾ ചെലവഴിക്കേണ്ടതുണ്ട്. കൂടാതെ ധാരാളം ജോലികൾ ചെയ്യേണ്ടതുമുണ്ട്. മാസങ്ങളുടെ, വർഷങ്ങളുടെ, ചിലപ്പോൾ പതിറ്റാണ്ടുകളുടെ സ്ഥിരമായ കഠിനാധ്വാനം ആരംഭിക്കുന്നത് അപ്പോഴാണ്."

റോസ്‌കോസ്മോസിന്റെ ബഹിരാകാശ ദൗത്യങ്ങളിലേക്ക് ഹോപ്പ് പ്രോബിന്റെ സാധ്യമായ സംഭാവനയെക്കുറിച്ച് പ്രസ്താവന ഇങ്ങനെ പറഞ്ഞു: "ഞങ്ങളുടെ ശാസ്ത്രജ്ഞരിൽ ലഭിച്ചിട്ടുള്ള വിവരങ്ങൾ പ്രകാരം ഹോപ്പ് ദൗത്യം ഭാവിയിലെ ചില ചൊവ്വയിലെ ദൗത്യ പദ്ധതികളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അതിൽ നിന്ന് ലഭിക്കുന്ന ഡാറ്റ ഏതൊരു പ്രകൃതി പ്രതിഭാസത്തെയും നന്നായി മനസ്സിലാക്കാൻ സഹാകമാകും."

റഷ്യൻ ബഹിരാകാശ വ്യവസായത്തിന്റെ സമഗ്ര പരിഷ്കരണത്തിന് മേൽനോട്ടം വഹിക്കുന്നതിനും നടപ്പാക്കുന്നതിനുമായാണ് 2015 ഓഗസ്റ്റിൽ റോസ്‌കോസ്മോസ് സ്റ്റേറ്റ് കോർപ്പറേഷൻ സ്ഥാപിക്കപ്പെട്ടത്.

റോസ്കോസ്മോസും യൂറോപ്യൻ ബഹിരാകാശ ഏജൻസിയും സംയുക്തമായി നടത്തിയ എക്സോമാർസ് പ്രോഗ്രാം 2016 ൽ ചൊവ്വയിലേക്ക് എക്സോ മാർസ് ട്രേസ് ഗ്യാസ് ഓർബിറ്ററിൽ (ടിജിഒ) ഒരു ടെക്നോളജി ലാൻഡറായ ഷിയപരേലിയെ അയയ്ക്കുകയുണ്ടായി.

ചില സാങ്കേതിക കാരണങ്ങളാൽ 2020ൽ റെഡ് പ്ലാനറ്റിലേക്കുള്ള രണ്ടാമത്തെ എക്സോമാർസ് ദൗത്യം 2022ലേക്ക് നീട്ടി.

ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ യാത്രയുടെ ഏറ്റവും അപകടകരമായ ഘട്ടമാണിത്. കാരണം ഹോപ്പ് പ്രോബിന്റെ വേഗത അതിവേഗം കുറയ്ക്കുകയാണ് ഈ ഘട്ടത്തിൽ ചെയ്യുക. മണിക്കൂറിൽ 121,000 കിലോമീറ്റർ വേഗതയിൽ നിന്ന് 18,000 കിലോമീറ്റർ വേഗതയിലേക്കാണ് താഴുന്നത്.

ഈ ഘട്ടത്തിൽ ഓപ്പറേഷൻ ടീമും പ്രോബും തമ്മിലുള്ള സമ്പർക്കം കുറഞ്ഞ അളവിൽ നിലനിർത്തുന്നു. ഇത് ചൊവ്വയുടെ ഭ്രമണപഥത്തിൽ വിജയകരമായി പ്രവേശിക്കുകയാണെങ്കിൽ, ഹോപ്പ് പ്രോബ് "സയൻസ് ഫേസി"ലേക്ക് മാറുകയും ഒരാഴ്ചയ്ക്കുള്ളിൽ ചൊവ്വയുടെ ആദ്യ ഫോട്ടോ പിടിച്ചെടുക്കുകയും അയയ്ക്കുകയും ചെയ്യും.

ഈ സമയത്ത്, ചൊവ്വയുടെ അന്തരീക്ഷത്തിന്റെ ആദ്യത്തെ പൂർണ്ണമായ ചിത്രം മൂന്ന് ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് പകർത്താനുള്ള ദൗത്യം ആരംഭിക്കും. 687 ഭൗമദിനങ്ങൾക്ക് തുല്യമായ ഒരു ചൊവ്വ വർഷം റെഡ് പ്ലാനറ്റിന്റെ അന്തരീക്ഷത്തിന്റെ ഡാറ്റ നൽകിക്കൊണ്ടിരിക്കുന്നത് തുടരും.

ആയിരം ജിബിയിലധികം പുതിയ ഡാറ്റ ഈ ദൗത്യം ശേഖരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഡാറ്റ ലോകമെമ്പാടുമുള്ള 200ഓളം അക്കാദമിക്, ശാസ്ത്ര സ്ഥാപനങ്ങളുമായി പങ്കിടും.

WAM/Ambily http://wam.ae/en/details/1395302908494

WAM/Malayalam