Mon 01-03-2021 11:56 AM
അബുദാബി, മാർച്ച് 1, 2021 (WAM) -- അത്യാധുനിക മെഡിക്കൽ ടെസ്റ്റിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 175,033 കോവിഡ്-19 പരിശോധനകൾ കൂടി നടത്തിയതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) അറിയിച്ചു.
കൊറോണ വൈറസ് കേസുകൾ നേരത്തേ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സ നടപ്പാക്കുന്നതിനും രാജ്യവ്യാപകമായി പരിശോധനയുടെ വ്യാപ്തി വിപുലീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുമ്പോട്ടു പോകുന്നതെന്ന് തിങ്കളാഴ്ച ഒരു പ്രസ്താവനയിൽ മന്ത്രാലയം ഊന്നിപ്പറഞ്ഞു.
ടെസ്റ്റിംഗ് ക്യാമ്പയിന്റെ ഭാഗമായി, മന്ത്രാലയം 2,526 പുതിയ കൊറോണ വൈറസ് കേസുകൾ പ്രഖ്യാപിച്ചു. ഇതോടെ യുഎഇയിൽ രേഖപ്പെടുത്തിയ ആകെ കേസുകളുടെ എണ്ണം 394,050 ആയി.
രോഗം ബാധിച്ച വ്യക്തികൾ വിവിധ ദേശീയതകളിൽ നിന്നുള്ളവരാണെന്നും എല്ലാവരും തൃപ്തികരമായ അവസ്ഥയിലാണെന്നും ആവശ്യമായ പരിചരണം ലഭിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
കോവിഡ്-19 സങ്കീർണതകൾ മൂലം 17 മരണങ്ങൾ മന്ത്രാലയം പ്രഖ്യാപിച്ചു. രാജ്യത്തെ മൊത്തം മരണങ്ങളുടെ എണ്ണം 1,238 ആയി.
മരിച്ചവരുടെ കുടുംബങ്ങളെ മന്ത്രാലയം ആത്മാർത്ഥ അനുശോചനം അറിയിച്ചു. കോവിഡ് -19 രോഗികൾക്ക് വേഗത്തിലും പൂർണവുമായ രോഗമുക്തി ആശംസിച്ച മന്ത്രാലയം ആരോഗ്യ അധികാരികളുമായി സഹകരിക്കണമെന്നും എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുള്ള നിർദ്ദേശങ്ങളും ശാരീരിക അകലവും പാലിക്കണമെന്നും സമൂഹത്തിലെ എല്ലാ അംഗങ്ങളോടും മന്ത്രാലയം ആവശ്യപ്പെട്ടു.
കോവിഡ് രോഗത്തിൽ നിന്ന് 1,107 പേർ കൂടി പൂർണ്ണമായി സുഖം പ്രാപിച്ചുവെന്നും ഭേദമായവരുടെ ആകെ എണ്ണം 382,332 ആയെന്നും ആരോഗ്യ-പ്രതിരോധ മന്ത്രാലയം പറഞ്ഞു.
WAM/Ambily http://wam.ae/en/details/1395302914478