ഉഭയകക്ഷി വ്യാപാര, നിക്ഷേപ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനായി യുഎസ് വാണിജ്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി താനി അൽ സെയൂദി
അബുദാബി, 11 ഒക്ടോബർ 2023 (WAM) --ഉഭയകക്ഷി വ്യാപാര നിക്ഷേപ ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി യുഎഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദിയും അമേരിക്കൻ വാണിജ്യ സെക്രട്ടറി ജിന റൈമോണ്ടോയും അബുദാബിയിൽ കൂടിക്കാഴ്ച്ച നടത്തി.
ഇരു രാജ്യങ്ങളും തമ്മിലുള്ള എണ്ണ ഇതര വ്യാപാരമാണ് 2023ന്റെ ആദ്യ പകുതിയിൽ 21.63 ബില്യൺ യുഎസ് ഡോളറായി വർദ്ധിച്ചതായും, 2022ലെ ഇതേ കാലഘട്ടവുമായി താരത്മ്യം ചെയ്യുമ്പോൾ 37% വളർച്ച കൈവരിച്ചതായും യോഗം വിലയിരുത്തി. യുഎസിൽ നിന്നുള്ള ഇറക്കുമതി 28% വർധിച്ച് 12.8 ബില്യൺ യുഎസ് ഡോളറാണ്. പുനർ കയറ്റുമതി 2022 ലെ ആദ്യ പാദത്തിനേക്കാൾ 62% ഉയർന്ന് 2023-ന്റെ ആദ്യ പകുതിയിൽ 6.5 ബില്യൺ യുഎസ് ഡോളറിലെത്തി. ശുദ്ധമായ ഊർജം, സുസ്ഥിര വ്യാവസായിക വികസനം, നൂതന സാങ്കേതികവിദ്യ തുടങ്ങിയ മുൻഗണനാ മേഖലകളിലെ സഹകരണം ത്വരിതപ്പെടുത്തുന്നതിനുള്ള വഴികളും യോഗം ചർച്ച ചെയ്തു. 2022 നവംബറിൽ, 2035-ഓടെ 100 ജിഗാവാട്ട് ശുദ്ധ ഊർജം ഉൽപ്പാദിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള 100 ബില്യൺ ഡോളറിന്റെ നിക്ഷേപ പദ്ധതിയായ ആക്സിലറേറ്റിംഗ് ക്ലീൻ എനർജിയിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചിരുന്നു.
അടുത്ത വർഷം ഫെബ്രുവരിയിൽ അബുദാബിയിൽ നടക്കുന്ന വേൾഡ് ട്രേഡ് ഓർഗനൈസേഷന്റെ 13-ാമത് മന്ത്രിതല സമ്മേളനത്തിന് (എംസി13) മുന്നോടിയായി, ആഗോള വ്യാപാരത്തെ ബാധിക്കുന്ന വിഷയങ്ങളിൽ പരസ്പര ധാരണ ഉണ്ടാക്കേണ്ടതിന്റെ പ്രാധാന്യവും യോഗത്തിൽ ഇരുപക്ഷവും ചർച്ച ചെയ്തു.
WAM/അമൃത രാധാകൃഷ്ണൻ