അബുദാബി, 24 ജനുവരി 2024 (WAM) -- സൗഹൃദ രാജ്യങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി യുഎഇ ഇന്ന് 50 ടൺ അവശ്യ ഭക്ഷ്യ സഹായവുമായി ഒരു വിമാനം ബുർക്കിനാ ഫാസോയിലേക്ക് അയച്ചു.
“ മാനുഷിക സഹായങ്ങൾ വിതരണം ചെയ്യുന്നതിലൂടെയും ആഫ്രിക്കയിലെ എല്ലാ സഹോദര സൗഹൃദ രാജ്യങ്ങൾക്കും അവശ്യ സഹായങ്ങൾ നൽകുന്നതിലൂടെയും യുഎഇയുടെ മുൻനിര പങ്കിന്റെ തുടർച്ചയായി, കുട്ടികളും പ്രായമായവരും സ്ത്രീകളും അടങ്ങുന്ന ഭക്ഷ്യസുരക്ഷാ വെല്ലുവിളികൾ നേരിടുന്ന ഏറ്റവും ദുർബലമായ വിഭാഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് സഹായ വിമാനം അയച്ചത്," എന്ന് അന്താരാഷ്ട്ര വികസന കാര്യങ്ങളുടെ വിദേശകാര്യ സഹമന്ത്രി സുൽത്താൻ അൽ ഷംസി പറഞ്ഞു.
ബുർക്കിന ഫാസോയിലെ വലിയൊരു വിഭാഗം നിവാസികൾക്ക് ഭക്ഷ്യസുരക്ഷ കൈവരിക്കാനുള്ള ദേശീയ അന്തർദേശീയ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് വിമാനം അയക്കുന്നതെന്നും അൽ ഷംസി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് വിവിധ മേഖലകളിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ് യുഎഇയുടെ സംഭാവനകൾ ലക്ഷ്യമിടുന്നത്.
ആവശ്യമുള്ള സമയങ്ങളിൽ രാജ്യങ്ങൾക്ക് സഹായഹസ്തം നീട്ടാനുള്ള രാജ്യത്തിന്റെ മാനുഷിക സമീപനത്തിന്റെ തുടർച്ചയാണ് ഈ ദുരിതാശ്വാസ സഹായങ്ങളെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
WAM/ അമൃത രാധാകൃഷ്ണൻ