ജുഡീഷ്യൽ തർക്ക പരിഹാരങ്ങൾ സംബന്ധിച്ച ഫോറം സംഘടിപ്പിച്ച് ധനകാര്യമന്ത്രാലയം

ദുബായ്, 2024 ജനുവരി 25 (WAM) --തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ജുഡീഷ്യൽ നടപടികൾക്കുള്ള ഏറ്റവും നൂതനവും വിപുലമായതുമായ ആഗോള സമ്പ്രദായങ്ങളും ബദൽ മാർഗങ്ങളും യുഎഇ ധനകാര്യ മന്ത്രാലയം 'സഹകരണ തർക്ക പരിഹാര പരിസ്ഥിതിയിലേക്ക്' എന്ന പേരിൽ ഇന്നലെ ദുബായിൽ ഫോറം സംഘടിപ്പിച്ചു.

ജുഡീഷ്യൽ നടപടിക്രമങ്ങളും ആവശ്യകതകളും ലഘൂകരിക്കാനും അനുബന്ധ നേട്ടങ്ങളും അപകടസാധ്യതകളും വ്യക്തമാക്കാനും പൊതു-സ്വകാര്യ സംഭാഷണം മെച്ചപ്പെടുത്തുന്ന നിയന്ത്രണ ചട്ടക്കൂടുകൾ മെച്ചപ്പെടുത്താനുമുള്ള സർക്കാർ നിർദ്ദേശങ്ങൾക്ക് അനുസൃതമായി, ബദൽ പരിഹാരങ്ങളിലെ നൂതനവും ഫലപ്രദവുമായ സമ്പ്രദായങ്ങളെക്കുറിച്ചും ഫോറം പര്യവേക്ഷണം ചെയ്തു.

നിയമ നടപടിക്രമങ്ങളിലെ ചെലവ് കുറയ്ക്കുന്നതിനും കാര്യക്ഷമതയും വഴക്കവും മെച്ചപ്പെടുത്തുന്നതിനും വിവിധ കക്ഷികൾ തമ്മിലുള്ള ബന്ധം നിലനിർത്തുന്നതിനും അവർക്കിടയിൽ ഭാവി സഹകരണത്തിന്റെ തുടർച്ച ഉറപ്പാക്കുന്നതിനും ഫോറം നിർണായകമായ പങ്ക് വഹിച്ചു.

“ഫെഡറൽ ഉൾപ്പെടെയുള്ള മധ്യസ്ഥതയുടെ ആശയങ്ങൾ സ്ഥാപിക്കുന്ന നിയമനിർമ്മാണം നടത്തി തർക്ക പരിഹാരത്തിനുള്ള ബദൽ പരിഹാരങ്ങളിൽ വഴക്കം നൽകുന്നതിൽ യുഎഇ വലിയ രീതിയിൽ പ്രാധാന്യം നൽകുന്നു. പൊതു-സ്വകാര്യ പങ്കാളിത്തം സംബന്ധിച്ച 2023-ലെ നിയമം നമ്പർ 12, ഫെഡറൽ ഗവൺമെന്റ് സംഭരണത്തെക്കുറിച്ചുള്ള 2023-ലെ 11-ാം നമ്പർ ഫെഡറൽ നിയമം, ആർബിട്രേഷൻ, മധ്യസ്ഥത തുടങ്ങിയ ബദൽ തർക്ക പരിഹാര സംവിധാനങ്ങൾക്കായി പ്രത്യേക വ്യവസ്ഥകളും വകയിരുത്തുന്നുണ്ട്," ഫോറത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അഭിപ്രായപ്പെട്ട ഗവൺമെന്റ് ഫിനാൻഷ്യൽ മാനേജ്‌മെന്റ് സെക്‌ടറിന്റെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മറിയം മുഹമ്മദ് അൽ അമിരി പറഞ്ഞു.

ജഡ്ജിമാർ, അഭിഭാഷകർ, സിഇഒമാർ, ഫെഡറൽ, പ്രാദേശിക സർക്കാർ പ്രതിനിധികൾ, അക്കാദമിക് വിദഗ്ധർ, സ്വകാര്യ മേഖലയിൽ നിന്നുള്ള നിരവധി അന്തർദേശീയവും പ്രാദേശികവുമായ പ്രഭാഷകരും ഫോറത്തിൽ പങ്കെടുത്തു.

ഫോറത്തിന്റെ വിവിധ സെഷനുകൾ, തർക്ക പരിഹാരത്തിനുള്ള ഒരു സംവിധാനമെന്ന നിലയിൽ നിയമ സംവിധാനത്തിന്റെ ഉപയോഗം വിപുലീകരിക്കേണ്ടതിന്റെ ആവശ്യകത മുതൽ, സഹകരണ തർക്ക പരിഹാര അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിൽ ധനമന്ത്രാലയത്തിന്റെ ശ്രമങ്ങൾ, യുഎഇയുടെ മധ്യസ്ഥ നിയമ ചട്ടക്കൂട്, അനുബന്ധ നിയമങ്ങൾ, നിയമനിർമ്മാണം, സ്ഥിതിവിവരക്കണക്കുകൾ തുടങ്ങിയ വിഷയങ്ങളും ഫോറം ചർച്ച ചെയ്തു.

മാത്രമല്ല, സങ്കീർണ്ണമായ വാണിജ്യ തർക്കങ്ങൾ പരിഹരിക്കാൻ മധ്യസ്ഥതയെക്കാൾ അനുയോജ്യമാണോ നിയമ വ്യവഹാരങ്ങൾ എന്നതിനെക്കുറിച്ചുള്ള ഒരു സംവാദവും ഫോറത്തിൽ നടന്നു.

വ്യാപാര മേഖലയിലെ മധ്യസ്ഥത നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള അവതരണത്തെത്തുടർന്ന്, നിർമ്മാണം, അടിസ്ഥാന സൗകര്യങ്ങൾ, ഊർജ്ജം, സാങ്കേതിക കരാറുകൾ എന്നിവയ്ക്ക് ഊന്നൽ നൽകി, തർക്കങ്ങളും സംഘർഷങ്ങളും പരിഹരിക്കുന്നതിൽ മധ്യസ്ഥതയുടെ ഫലപ്രാപ്തി അവതരിപ്പിക്കുന്ന മധ്യസ്ഥതയെക്കുറിച്ചുള്ള പ്രായോഗിക കുറിപ്പുകളെക്കുറിച്ചുള്ള ചർച്ചയും ഫോറത്തിൽ നടന്നു.

അവസാന സെഷനിൽ , പ്രേക്ഷകർക്കിടയിൽ ഫോറത്തിന്റെ ഭാഗമായി ലഭിച്ച നിർദ്ദേങ്ങളെയും പ്രവർത്തനങ്ങളെയും കുറിച്ചുള്ള തുറന്ന സംഭാഷണം സംഘടിപ്പിച്ചു

WAM/അമൃത രാധാകൃഷ്ണൻ