ലൈസൻസുകളുടെ എണ്ണത്തിൽ 25 ശതമാനം കുതിപ്പുമായി ഡിഎഫ്എസ്എ

ദുബായ്, 2024 ജനുവരി 25,(WAM)-- ദുബായ് ഫിനാൻഷ്യൽ സർവീസസ് അതോറിറ്റിയുടെ (ഡിഎഫ്എസ്എ) കഴിഞ്ഞ വർഷത്തെ അവലോകന റിപ്പോർട്ടിൽ അതോറിറ്റിയിൽ നിന്ന് 117 സ്ഥാപനങ്ങൾ ലൈസൻസും രജിസ്‌ട്രേഷനും നേടിയതായും, ഈ മേഖലയിൽ മുൻ വർഷത്തേക്കാൾ 25 ശതമാനം വർദ്ധനവ് നേടിയതായും റിപ്പോർട്ട് രേഖപ്പെടുത്തി. ധനകാര്യ സേവന മേഖലയുടെ വിവിധ വിഭാഗങ്ങളിൽ ലൈസൻസിംഗിൽ വളർച്ച വിലയിരുത്തുന്നതാണ് റിപ്പോർട്ട്.

ഡി‌എഫ്‌സിയിൽ പങ്കാളികളാക്കുന്ന അസറ്റ് മാനേജർമാരുടെയും ഹെഡ്ജ് ഫണ്ട് മാനേജർമാരുടെയും എണ്ണത്തിലെ വർദ്ധനവും റിപ്പോർട്ട് രേഖപ്പെടുത്തി. കൂടാതെ, 2023 നവംബർ വരെയുള്ള കണക്കുകൾ
അനുസരിച്ച് യു‌എസ് നാമനിർദ്ദേശമുള്ള ഇഎസ്‍ജി സുകുക്കിൻ്റെ 60 ശതമാനത്തിലധികം ഉൾപ്പെടുന്ന ഡിഐഎഫ്‍സിയുടെ എക്‌സ്‌ചേഞ്ചായ നാസ്‌ഡാക്ക് ദുബായ്, 27 ബില്യൺ ഡോളർ മൂല്യമുള്ള ലോകത്തിലെ ഏറ്റവും വലിയ ലിസ്റ്റ് ചെയ്‌ത ഇഎസ്‍ജി സുകുക്ക് മാർക്കറ്റ് കൈവശം വച്ചിരിക്കുന്നതായും റിപ്പോർട്ട് അവലോകനം ചെയ്തു. ഇതോടെ, ലിസ്റ്റുചെയ്ത സുകുക്ക് മാർക്കറ്റിൻ്റെ ലോകത്തിലെ രണ്ടാമത്തെ വലിയ വേദിയായി മാറിയിരിക്കുകയാണ് നാസ്ഡാക്ക് ദുബായ്.

ഈ നേട്ടങ്ങൾ വർത്തമാനകാലത്തെ നിയന്ത്രിക്കുക മാത്രമല്ല, ഭാവിയെ രൂപപ്പെടുത്താനും ഭരിക്കാനും ഉള്ള തങ്ങളുടെ സമർപ്പണത്തിൻ്റെ തെളിവാണെന്ന് ഡിഎഫ്എസ്എ ചെയർമാൻ ഫാദൽ അൽ അലി പറഞ്ഞു. ദുബായ് ഇക്കണോമിക് അജണ്ട ഡി 33 ഉൾപ്പെടെ സർക്കാരിൻ്റെ തന്ത്രങ്ങൾക്ക് അനുയോജ്യമായ ഒരു അന്താരാഷ്ട്ര സ്ഥാപനമെന്ന നിലയിൽ ആഗോള മാതൃകയായി മാറുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ലൈസൻസുള്ള സ്ഥാപനങ്ങളുടെ വളർച്ചയ്‌ക്കൊപ്പം, പ്രാദേശികവും അന്തർദേശീയവുമായ റെഗുലേറ്ററി ബോഡികളുമായും പങ്കാളികളുമായും ബന്ധം ശക്തിപ്പെടുത്താനും ഡിഎഫ്എസ്എക്ക് ഈ കാലയളവിൽ കഴിഞ്ഞതായും റിപ്പോർട്ട് വിലയിരുത്തുന്നു. കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ സഹകരണം വർധിപ്പിച്ചും തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകുന്നതിനെതിരെയും യുഎഇയുടെ സാമ്പത്തിക ഇൻ്റലിജൻസ് യൂണിറ്റുമായി ഡിഎഫ്എസ്എ ധാരണാപത്രം ഒപ്പുവച്ചു. മിഡിൽ ഈസ്റ്റിലെയും ഏഷ്യയിലെയും കാലാവസ്ഥ ധനസഹായത്തെ പിന്തുണയ്‌ക്കുന്നതിനും പ്രാപ്‌തമാക്കുന്നതിനുമുള്ള നയവും നിയന്ത്രണ പ്രതികരണങ്ങളും എങ്ങനെ കൂടുതൽ വികസിപ്പിക്കാമെന്ന് പര്യവേക്ഷണം ചെയ്യാൻ ലക്ഷ്യമിട്ട് ഹോങ്കോംഗ് മോണിറ്ററി അതോറിറ്റിയുമായി ഡിഎഫ്എസ്എ ഒരു പങ്കാളിത്തവും രൂപീകരിച്ചു.

ഡിഐഎഫ്‍സിയിലെ സുസ്ഥിര മൂലധന വിപണികളുടെ വികസനം ത്വരിതപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയ്ക്ക് അടിവരയിടുന്ന ഡിഎഫ്എസ്എ, കോപ്28-ൻ്റെ സാമ്പത്തിക ദിനത്തിൽ, 2024-ൽ ഡിഐഎഫ്‍സി-യിൽ സുസ്ഥിരതയുമായി ബന്ധപ്പെട്ട ഡെറ്റ് സെക്യൂരിറ്റികൾ ലിസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് റെഗുലേറ്ററി ഫീസ് ഇളവ് പ്രഖ്യാപിച്ചു.

“ഈ വർഷം ഞങ്ങളുടെ കാഴ്ചപ്പാടുകൾ ഉയർത്തുമ്പോൾ, ഡെലിവറി, ഇടപഴകൽ, നവീകരണം, സുസ്ഥിരത തുടങ്ങിയ ഞങ്ങളുടെ നാല് തന്ത്രപ്രധാന സ്തംഭങ്ങളിൽ ഉറച്ചുനിൽക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നു. ഈ തൂണുകൾ നിലവാരം പുലർത്തുക മാത്രമല്ല, സാമ്പത്തിക രംഗത്ത് സ്ഥിരത, നവീകരണം, പുരോഗതി എന്നിവ ഉറപ്പാക്കുകയും ചെയ്യുന്നതിനുള്ള ഞങ്ങളുടെ പരിശ്രമത്തിൻ്റെ അടിത്തറയാണ്," എന്ന് അൽ അലി പറഞ്ഞു.


WAM/അമൃത രാധാകൃഷ്ണൻ