അബുദാബി, 2024 ജനുവരി 25, (WAM) -- പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന യുഎഇയുടെ പ്രതിരോധ, സുരക്ഷാ ഏറ്റെടുക്കൽ അതോറിറ്റിയായ തവാസുൻ കൗൺസിൽ 2.932 ബില്യൺ യുഎഇ ദിർഹത്തിൻ്റെ 18 ഇടപാടുകളുടെ പ്രഖ്യാപനത്തോടെ യുഎംഇഎക്സ്, സിംടെക്സ് 2024-ൻ്റെ ആറാം പതിപ്പ് ഇന്നലെ സമാപിച്ചു.
പ്രദർശനത്തിന്‍റെ അവസാന ദിനത്തിൽ പ്രതിരോധ മന്ത്രാലയത്തിനു വേണ്ടി ഒപ്പുവെച്ച 8 ഇടപാടുകളുടെ മൂല്യം 1.022 ബില്യൺ യുഎഇ ദിർഹമാണ്. അതേസമയം, ആദ്യ ദിവസം 971 മില്യൺ യുഎഇ ദിർഹത്തിൻ്റെ 5 ഡീലുകളും രണ്ടാം ദിവസം 939 മില്യൺ യുഎഇ ദിർഹത്തിൻ്റെ 5 ഡീലുകളും ഒപ്പുവെച്ചിരുന്നു.
തവാസുൻ കൗൺസിലിൻ്റെ ഔദ്യോഗിക വക്താവ് മജീദ് അഹമ്മദ് അൽ ജാബെറി, തവാസുൻ കൗൺസിലിലെ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ മേധാവി മോന അഹമ്മദ് അൽ ജാബർ, മുതിർന്ന ഉദ്യോഗസ്ഥർ, മാധ്യമ പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ യുഎംഇഎക്സ്, സിംടെക്സ് 2024ൻ്റെ അവസാന ദിവസം നടന്ന പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
"യുഎംഇഎക്സ്, സിംടെക്സ് 2024" അവസാന ദിവസം ഒപ്പുവച്ച 5 പ്രാദേശിക കരാറുകളുടെ മൂല്യം 859 ദശലക്ഷം യുഎഇ ദിർഹം എത്തിയതായി മജീദ് അഹമ്മദ് അൽ ജാബെരി പറഞ്ഞു. 509 മില്യൺ യുഎഇ ദിർഹം വിലമതിക്കുന്ന ആദ്യ കരാർ ഇൻഫ്രാസ്ട്രക്ചർ ഡിഫൻസ് സിസ്റ്റങ്ങൾ വാങ്ങുന്നതിനായി എഡ്‌ജ് ഗ്രൂപ്പുമായാണ് ഒപ്പിട്ടത്.
പരിശീലന സിമുലേറ്റർ സപ്പോർട്ട് പാക്കേജ് വാങ്ങുന്നതിനായി 'സെൻ ടെക്നോളജീസ് ലിമിറ്റഡുമായി' 17 ദശലക്ഷം യുഎഇ ദിർഹം മൂല്യമുള്ള രണ്ടാമത്തെ കരാർ ഒപ്പിട്ടു. 152 ദശലക്ഷം യുഎഇ ദിർഹം മൂല്യമുള്ള മൂന്നാമത്തെ കരാർ ഗ്രൗണ്ട് കമ്മ്യൂണിക്കേഷൻ സെൻ്ററുകളിൽ അറ്റകുറ്റപ്പണികളും പ്രവർത്തന സേവനങ്ങളും നൽകുന്നതിനായി 'സ്റ്റാർ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് കമ്പനി- യാഹ്‌സാറ്റ്' എന്ന കമ്പനിയുമായാണ്.
100 മില്യൺ യുഎഇ ദിർഹത്തിന് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പ്രോഗ്രാമിംഗ് വികസിപ്പിക്കുന്നതിന് ബയാനറ്റുമായി മറ്റൊരു കരാറും ആശയവിനിമയ ബാൻഡുകൾ നൽകുന്നതിന് സാറ്റലൈറ്റ് ഇമേജിംഗ് ടെക്നോളജീസ് എന്ന കമ്പനിയുമായി 81 ദശലക്ഷം യുഎഇ ദിർഹത്തിൻ്റെ കരാറും ഒപ്പുവെച്ചു.
അണ്ടർവാട്ടർ സോണാർ സംവിധാനങ്ങൾ വാങ്ങുന്നതിനായി 110 ദശലക്ഷം യുഎഇ ദിർഹം മൂല്യമുള്ള കരാർ ഫ്രഞ്ച് കമ്പനിയായ എക്സെയ്ൽ റോബോട്ടിക്സ് എസ്എഎസ് എന്ന കമ്പനിയുമായി ഒപ്പിട്ടു, ആശയവിനിമയ സബ്‌സ്‌ക്രിപ്‌ഷൻ നൽകുന്നതിന് രണ്ടാമത്തെ ഏറ്റവും വലിയ കരാർ അമേരിക്കൻ കമ്പനിയായ "ഹോക്ഐ360" എന്ന കമ്പനിക്ക് 51 ദശലക്ഷം യുഎഇ ദിർഹത്തിന് നൽകി. 2 ദശലക്ഷം യുഎഇ ദിർഹത്തിൻ്റെ ആൻ്റിന മെയിൻ്റനൻസ് സേവനങ്ങൾ നൽകുന്നതിന് അമേരിക്കൻ കമ്പനിയായ ഡിജിറ്റൽ ഗ്ലോബുമായി മറ്റൊരു കരാർ ഒപ്പിട്ടു.
ഏറ്റെടുക്കൽ, സംഭരണം, തന്ത്രപരമായ പങ്കാളിത്തം എന്നിവയിലെ ആഗോള മികച്ച സമ്പ്രദായങ്ങളിലൂടെ പ്രതിരോധ വ്യവസായങ്ങളെ ഉത്തേജിപ്പിക്കുന്നതിനുള്ള തവാസുൻ കൗൺസിലിൻ്റെ പ്രതിബദ്ധത പത്രസമ്മേളന സമാപനത്തിൽ അൽ ജബെറി വ്യക്തമാക്കി.
ബിസിനസ് വികസനം, വ്യവസായങ്ങളെ ശാക്തീകരിക്കൽ, പ്രതിരോധ മേഖലയിലെ മുൻനിര നൂതനാശയങ്ങൾ എന്നിവയ്‌ക്കായുള്ള യുഎഇയുടെ കാഴ്ചപ്പാടുമായി ഈ ശ്രമങ്ങൾ യോജിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
WAM/അമൃത രാധാകൃഷ്ണൻ