ഡിജിറ്റൽ വാളിൽ യുഎഇ-യുഎസ് സൗഹൃദത്തിൻ്റെ കഥകൾ പങ്കുവെച്ച് ‘50 വർഷം | 50 മുഖങ്ങൾ’

വാഷിംഗ്ടൺ ഡിസി, 2024 ജനുവരി 25, (WAM) --യുഎഇ-യുഎസ് ഉഭയകക്ഷി ബന്ധത്തിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് വാഷിംഗ്ടൺ ഡിസിയിലെ യുഎഇ എംബസി നിർമ്മിച്ച “50 വർഷം | 50 മുഖങ്ങൾ," ഡിജിറ്റൽ സ്റ്റോറിടെല്ലിംഗ് കാമ്പെയ്ന്റെ അവസാന കഥ ഈ ആഴ്ച പ്രസിദ്ധീകരിച്ചു. അഞ്ച് പതിറ്റാണ്ടുകളായുള്ള യുഎഇ-യുഎസ് ബന്ധത്തെ ഇരു രാജ്യങ്ങളിലേയും വ്യത്യസ്തരായ മനുഷ്യരുടെ അനുഭവങ്ങളിലൂടെ വിവരിക്കുന്ന വ്യക്തിഗത കഥകളുടെ ഒരു പരമ്പരയാണ് ഈ ക്യാമ്പയ്‌ൻ.

“ജോർജ്‌ടൗൺ യൂണിവേഴ്‌സിറ്റിയിൽ ഒരു യുവ ബിരുദ വിദ്യാർത്ഥി എന്ന നിലയിൽ ജീവിത പാത കണ്ടെത്തുന്ന എൻ്റെ കഥയിൽ നിന്നാണ് പരമ്പര ആരംഭിച്ചത്. പരമ്പരയിൽ അവിശ്വസനീയമായ നിരവധി കഥാ സന്ദർഭങ്ങൾ ഉണ്ടാകുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു, പക്ഷേ ഞങ്ങൾ കണ്ടെത്തിയ കാര്യങ്ങൾ ഞങ്ങളെ അത്ഭുതപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്തു." യുഎസിലെ യുഎഇ അംബാസഡർ യൂസഫ് അൽ ഒതൈബ പറഞ്ഞു.

" കലാകാരന്മാർ, കായികതാരങ്ങൾ, അധ്യാപകർ, വിനോദ സഞ്ചാരികൾ, കവികൾ, പ്രസിഡൻ്റുമാർ എന്നിങ്ങനെ ജീവിതത്തിൻ്റെ എല്ലാ മേഖലകളിൽ നിന്നുമുള്ള എമിറാറ്റികളുമായും അമേരിക്കക്കാരുമായും ഞങ്ങൾ സംസാരിച്ചു," അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎഇയുടെ സമ്പന്നമായ ചരിത്രത്തിൻ്റെ ആഴവും, യുഎസുമായുള്ള ബന്ധവും ആളുകൾ തമ്മിലുള്ള ബന്ധത്തിൻ്റെ ശക്തിയും പ്രതിഫലിപ്പിക്കുന്നതാണ് ഈ ഡിജിറ്റൽ ക്യാമ്പയ്‌ൻ.

യുഎഇയും യുഎസും കൂടുതൽ സമ്പന്നവും സമാധാനപരവുമായ ഒരു ലോകത്തിനായുള്ള കാഴ്ചപ്പാട് പങ്കിടുന്നു, ഈ കാഴ്ചപ്പാട് പങ്കെടുക്കുന്നവർ പറയുന്ന വൈവിധ്യമാർന്ന കഥകളിൽ പ്രതിഫലിക്കുന്നു.

• നാസ ശാസ്ത്രജ്ഞൻ ഡോ. ഫാറൂഖ് എൽ-ബാസ്, എമിറാറ്റി ഗവേഷക ഡോ. നൂറ അൽസെയ്ദ്, എമിറേറ്റ്സ് ചൊവ്വ ദൗത്യം ഡയറക്ടർ ഒമ്രാൻ ഷറഫ്, എമിറാറ്റി ബഹിരാകാശ യാത്രികരായ നൂറ അൽമത്റൂഷി, മുഹമ്മദ് അൽമുല്ല എന്നിവരുടെ കഥകൾ യുഎഇയുടെ ബഹിരാകാശ പദ്ധതിയുടെ പരിണാമവും 1974 മുതൽ 2024 വരെ യുഎസുമായുള്ള ബഹിരാകാശ സഹകരണവും പ്രദർശിപ്പിക്കുന്നു.

• മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഡോ. കോണ്ടലീസ റൈസും പ്രതിരോധ സെക്രട്ടറിമാരായ വില്യം കോഹനും ജനറൽ ജെയിംസ് മാറ്റിസും പതിറ്റാണ്ടുകളായി യുഎസും യുഎഇയും തമ്മിലുള്ള സുപ്രധാന നയതന്ത്രപരവും തന്ത്രപരവുമായ പങ്കാളിത്തം ശക്തിപ്പെടുത്തി.

• യുഎഇയിലെ മുൻ യുഎസ് അംബാസഡർ മാർസെല്ലെ വഹ്ബയും യുഎഇ ഫെഡറൽ നാഷണൽ കൗൺസിൽ അംഗം ഡോ. അലി അൽ നുഐമിയും 9/11-ന് ശേഷം എമിറാറ്റികളും അമേരിക്കക്കാരും പരസ്പരം പിന്തുണച്ചത് എങ്ങനെയെന്ന് പങ്കുവെച്ചു;

• കലാസംവിധായകരായ ഹുദ അൽഖാമിസ്-കനൂ, ബിൽ ബ്രാഗിൻ, വിഷ്വൽ ആർട്ടിസ്റ്റുകളായ സാറാ അഹ്‌ലി, മൈസൂൺ അൽ സാലിഹ്, സംഗീതസംവിധായകൻ ഇഹാബ് ദാർവിഷ്, സ്ലാം കവി ഡോറിയൻ പോൾ റോജേഴ്‌സ് എന്നിവർ യുഎഇ-യുഎസ് സാംസ്‌കാരിക സഹകരണത്തിൻ്റെയും ക്രോസ്ഓവറുകളുടെയും വിപുലമായ ശ്രേണിയെ വിശദീകരിക്കുന്നു.

'50 വർഷം | 50 മുഖങ്ങൾ' പ്രസിദ്ധീകരിച്ചിരിക്കുന്ന കഥകളും അനുഭവങ്ങളും അടുത്തറിയാനും കാണുന്നതിനും UAEUSAUnited.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

WAM/അമൃത രാധാകൃഷ്ണൻ