40 മില്യൺ യൂറോ നികുതി തട്ടിപ്പിലെ പ്രധാന പ്രതിയെ പിടികൂടി ദുബായ് പോലീസിന്റെ 'ഓപ്പറേഷൻ പിറ്റ് സ്റ്റോപ്പ്'

ദുബായ്, 2024 ജനുവരി 26,(WAM)-- 40 മില്യൺ യൂറോ നികുതി തട്ടിപ്പിലെ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്ത് അന്താരാഷ്ട്ര ശ്രദ്ധയാകർഷിക്കുകയാണ് ദുബായ് പോലീസിന്റെ 'ഓപ്പറേഷൻ പിറ്റ് സ്റ്റോപ്പ്'. 15 രാജ്യങ്ങളിൽ നിന്നുള്ള നിയമ നിർവ്വഹണ ഏജൻസികളുമായി ചേർന്ന് അന്താരാഷ്ട്ര തലത്തിൽ കുറ്റവാളികളെ പിടികൂടാനും കൈമാറുന്നത്തിനുമായി തുടങ്ങിയ പദ്ധതിയാണ് ഓപ്പറേഷൻ പിറ്റ് സ്റ്റോപ്പ്.

ജപ്പാനിൽ നിന്ന് യുഎഇയിലേക്ക് കടന്ന 40 മില്യൺ യൂറോ നികുതി തട്ടിപ്പിലെ ഇറ്റാലിയൻ പ്രതിയെ പിടികൂടിയതും ഈ ഓപ്പറേഷനിൽ ദുബായ് പോലീസിൻ്റെ പങ്ക് ഉൾപ്പെടുന്നു. വിപുലമായ നികുതി തട്ടിപ്പ് പദ്ധതിയിൽ ഉൾപ്പെട്ട ഒരു സംഘടിത കുറ്റകൃത്യ സംഘത്തിലെ പ്രധാന വ്യക്തിയാണ് പ്രതി. സ്പെയിൻ, റൊമാനിയ, എസ്തോണിയ എന്നിവിടങ്ങളിൽ നിന്നുള്ള കമ്പനികൾ വഴിയാണ് തട്ടിപ്പ് നടത്തിയത്, എന്നാൽ ഇറ്റലിയിൽ നിന്നാണ് ഇത് പ്രവർത്തിക്കുന്നത്.

ഈ കമ്പനികൾ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെ വഞ്ചനാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായും, വ്യവസ്ഥാപിതമായി 40 മില്യൺ യൂറോയിലധികം വരുന്ന വിൽപ്പനയുടെ തെറ്റായ മൂല്യവർദ്ധിത നികുതി (വാറ്റ്) സമർപ്പിച്ചതായുമാണ് അവർക്ക് മേൽ ആരോപിക്കപ്പെടുന്ന കുറ്റകൃത്യം.

രാജ്യ അതിർത്തികൾ കടന്നുള്ള ഇത്തരം കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ആഗോള നിയമ നിർവ്വഹണ ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കാനും അവരുമായി അറിവും ബുദ്ധിയും പങ്കുവയ്ക്കാനുമുള്ള ദുബായ് പോലീസിൻ്റെ പ്രതിബദ്ധത ദുബായ് പോലീസ് കമാൻഡർ-ഇൻ-ചീഫ് ലെഫ്റ്റനൻ്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർരി എടുത്തുപറഞ്ഞു. വിവിധ തുറമുഖങ്ങളിലെ ദുബായിലെ പോലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളേയും, പ്രത്യേകിച്ച് അന്താരാഷ്ട്ര തലത്തിൽ തിരയുന്ന കുറ്റവാളികളെ പിടികൂടുന്നതിൽ അവർക്കുള്ള വൈദഗ്ദ്ധ്യത്തേയും അദ്ദേഹം അഭിനന്ദിച്ചു.

സമൂഹത്തിൻ്റെ സുരക്ഷ ഉറപ്പാക്കുന്നതിനും ജീവിക്കുന്നതിനും ജോലി ചെയ്യുന്നതിനും സന്ദർശിക്കുന്നതിനുമുള്ള ലോകത്തിലെ ഏറ്റവും മികച്ച ലക്ഷ്യസ്ഥാനമെന്ന നിലയിൽ നഗരത്തിൻ്റെ പദവി ഉറപ്പിക്കുന്നതിനും അത്യന്താപേക്ഷിതമായ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള വിപുലമായ ആഗോള സമ്പ്രദായങ്ങൾ സമന്വയിപ്പിച്ചുകൊണ്ട് ദുബായ് പോലീസ് തങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നത് തുടരുന്നതായി, അദ്ദേഹം അഭിപ്രായപ്പെട്ടു.

WAM/അമൃത രാധാകൃഷ്ണൻ