ഗാസ, 2024 ജനുവരി 26, (WAM) -- ഓപ്പറേഷൻ ഗാലൻ്റ് നൈറ്റ് 3-ൻ്റെ ഭാഗമായി ഗാസ മുനമ്പിലെ എമിറേറ്റ്സ് റെഡ് ക്രസൻ്റ് (ഇആർസി) ടീം ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിൽ നിന്നും പ്രാദേശിക ആശുപത്രി ഡയറക്ടർമാരിൽ നിന്നുമുള്ള ഒരു മെഡിക്കൽ പ്രതിനിധി സംഘത്തെ സ്വീകരിച്ചു.
പലസ്തീനികൾക്കായി വൈദ്യചികിത്സയും ആംബുലൻസ് സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന ഗാസ മുനമ്പിലെ യുഎഇയുടെ സമഗ്ര ഫീൽഡ് ഹോസ്പിറ്റലിൽ സന്ദർശനം നടത്തിയ മന്ത്രാലയത്തിൻ്റെ പ്രതിനിധി സംഘത്തിന് മുന്നിൽ ഇആർസി ടീം അവരുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
ഗാസ മുനമ്പിലെ പ്രതികൂല ആരോഗ്യ സ്ഥിതിയിൽ ദുരിതമനുഭവിക്കുന്ന ഗസ്സക്കാർക്കുള്ള യുഎഇയുടെ മെഡിക്കൽ പിന്തുണയുടെ ഭാഗമായ ആശുപത്രിയുടെ മെഡിക്കൽ, ചികിത്സാ സേവനങ്ങളെക്കുറിച്ചും ഇആർസി സംഘം ചർച്ച ചെയ്തു.
ഗസ്സ നിവാസികളുടെ ആരോഗ്യത്തിന് പിന്തുണ നൽകാനുള്ള യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി ഫീൽഡ് ഹോസ്പിറ്റൽ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള യുഎഇയുടെ ശ്രമങ്ങൾക്കും അത് നൽകുന്ന മെഡിക്കൽ സഹായത്തിനും മെഡിക്കൽ പ്രതിനിധി സംഘം അഗാധമായ നന്ദിയും അഭിനന്ദനവും അറിയിച്ചു.
യുഎഇ എല്ലായ്‌പ്പോഴും പലസ്തീൻ ജനതയുടെ പ്രധാന പിന്തുണക്കാരനാണ്, വിവിധ സാഹചര്യങ്ങളിൽ ഫലസ്തീനികളെ സഹായിക്കുന്നതിനുള്ള രാജ്യത്തിൻ്റെ ഉറച്ച മാനുഷിക നിലപാടിനെ അഭിനന്ദിച്ചുകൊണ്ട് പ്രതിനിധി സംഘം പറഞ്ഞു.
ജനറൽ, പീഡിയാട്രിക്, വാസ്കുലർ സർജറി എന്നിങ്ങനെ വിവിധ ശസ്ത്രക്രിയകൾക്കായി ആശുപത്രിയിൽ ഓപ്പറേഷൻ റൂമുകൾ ഉണ്ട്. മുതിർന്നവരുടെയും കുട്ടികളുടെയും തീവ്രപരിചരണ മുറികൾ, അനസ്‌തേഷ്യ വിഭാഗം, ഇൻ്റേണൽ മെഡിസിൻ, ദന്തചികിത്സ, ഓർത്തോപീഡിക്‌സ്, സൈക്യാട്രി, ഫാമിലി മെഡിസിൻ, പീഡിയാട്രിക്‌സ്, ഗൈനക്കോളജി എന്നിങ്ങനെ വിവിധ മെഡിക്കൽ മേഖലകൾക്കായുള്ള സ്പെഷ്യലിസ്റ്റ് ക്ലിനിക്കുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. അതോടൊപ്പം ഇത് സഹായകമായ മെഡിക്കൽ സേവനങ്ങളും സിടി, എക്സ്-റേ സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു.
മികച്ച അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും പ്രോട്ടോക്കോളുകൾക്കും അനുസൃതമായി രോഗികൾക്കും ഗുണഭോക്താക്കൾക്കും സമ്പൂർണ്ണ ചികിത്സ നൽകാൻ പ്രാപ്തമാക്കുന്ന വിവിധ പരിശോധനകൾക്കും രോഗനിർണ്ണയങ്ങൾക്കുമായി ഏറ്റവും പുതിയ ഉപകരണങ്ങളുള്ള ഒരു ഫാർമസിയും ലബോറട്ടറിയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
WAM/ അമൃത രാധാകൃഷ്ണൻ