പലസ്തീൻ ജനതയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ഐസിജെയുടെ തീരുമാനങ്ങളെ സ്വാഗതം ചെയ്ത് യുഎഇ

അബുദാബി, 2024 ജനുവരി 27, (WAM) -- ഗാസ നിവാസികളുടെ ജീവൻ സംരക്ഷിക്കുന്നതിന് താൽക്കാലിക നടപടികൾ കൈക്കൊള്ളാനും, ഗാസ മുനമ്പിലെ പലസ്തീൻ ജനതയ്‌ക്കെതിരെ വംശഹത്യ പ്രേരിപ്പിക്കുന്ന പ്രത്യക്ഷവും പരസ്യവുമായ ഏതെങ്കിലും പ്രസ്താവനകളോ നടപടികളോ അവസാനിപ്പിക്കാനും ആവശ്യപ്പെടുന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ (ഐസിജെ) പ്രാഥമിക വിധികളെ യുഎഇ സ്വാഗതം ചെയ്തു.

ഇസ്രയേൽ നടത്തുന്ന അന്താരാഷ്ട്ര നിമയ ലംഘനങ്ങൾ തടയാനും പലസ്തീനികൾക്ക് സംരക്ഷണം നൽകാനും ലക്ഷ്യമിട്ടുള്ള ഐസിജെയുടെ തീരുമാനത്തെ യുഎഇ സ്വാഗതം ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ യുഎഇ ഊന്നിപ്പറഞ്ഞു.

ദക്ഷിണാഫ്രിക്കയുടെ ശ്രമങ്ങളെ യുഎഇ അഭിനന്ദിക്കുന്നുവെന്നും സിവിലിയൻമാർക്ക് സംരക്ഷണം നൽകേണ്ടതിൻ്റെ പ്രാധാന്യവും മാനുഷിക, ദുരിതാശ്വാസ സഹായങ്ങൾ അടിയന്തരമായും സുസ്ഥിരമായും തടസ്സങ്ങളില്ലാതെയും എത്തിക്കുന്നത് ഉറപ്പാക്കുമെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു. കൂടുതൽ ജീവഹാനി ഒഴിവാക്കാനും അധിനിവേശ പലസ്തീൻ പ്രദേശത്ത് സ്ഥിതിഗതികൾ കൂടുതൽ സംഘർഷഭരിതമാക്കുന്നത് തടയാനും മന്ത്രാലയം ആവശ്യപ്പെട്ടു. കൂടാതെ, സ്വതന്ത്ര പലസ്തീൻ രാഷ്ട്രത്തോടൊപ്പം ദ്വിരാഷ്ട്ര പരിഹാരം കൈവരിക്കേണ്ടതിൻ്റെ പ്രാധാന്യവും പ്രസ്താവനയിൽ യുഎഇ ആവർത്തിച്ചു.

WAM/ അമൃത രാധാകൃഷ്ണൻ