അബുദാബി, 2024 ജനുവരി 27, (WAM) --യുഎഇ നേതൃത്വത്തിൽ നടന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിയുടെ തുടർ നടപടികൾ അവലോകനം ചെയ്യുന്നത്തിനും, യുഎഇ കൺസെൻസസ് നടപ്പിലാക്കുന്നതും പ്രതിജ്ഞാബദ്ധതകളും പ്രതിജ്ഞകളും പ്രായോഗികമാക്കുന്നതും യുഎഇയുടെ പൈതൃകത്തിൻ്റെ തുടർച്ച ഉറപ്പാക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്യാൻ വിദേശകാര്യ മന്ത്രിയും കോപ്28 യുഎഇ ഉന്നത സമിതി ചെയർമാനുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ കോപ്28 യുഎഇ ഉന്നത സമിതി അംഗങ്ങളുടെ യോഗത്തിന് അധ്യക്ഷത വഹിച്ചു.
"കോപ്28 ഒരു ചരിത്ര സംഭവമായിരുന്നു, യുഎഇ കൺസെൻസസ്, ആക്ഷൻ അജണ്ട എന്നിവയിലൂടെ കാലാവസ്ഥ വ്യതിയാനത്തിന് ശക്തമായതും പ്രവർത്തനക്ഷമവുമായ പരിഹാരങ്ങൾ നമ്മൾ മുന്നോട്ടുവെച്ചു. നമ്മൾ പ്രവർത്തനരഹിതരാകരുത്. ഈ വാഗ്ദാനങ്ങൾ അവ പ്രഖ്യാപിച്ച ഊർജ്ജത്തോടെ തന്നെ നടപ്പിലാക്കേണ്ടതുണ്ട്," എന്ന് ശൈഖ് അബ്ദുല്ല ബിൻ സായിദ് പറഞ്ഞു.
"കോപ്28 പ്രസിഡൻസി യുഎഇ ഏറ്റെടുത്തപ്പോൾ, ഞങ്ങളുടെ ലക്ഷ്യം വ്യക്തമായിരുന്നു; മാറ്റം സൃഷ്ടിക്കുന്നതും പ്രചോദനാത്മകവും പരിവർത്തനപരവുമായ ഒരു കോപ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു. മുൻകാല പ്രതിബദ്ധതകൾ നിറവേറ്റാനും പുതിയ അഭിലാഷങ്ങൾ സ്ഥാപിക്കാനും ഞങ്ങൾ ലക്ഷ്യമിടുകയും വിശ്വാസവും യുഎഇയുടെ സമർപ്പണവും കെട്ടിപ്പടുക്കുന്നതിലൂടെ ഇത് നേടിയെടുക്കാനാകുമെന്നും ഞങ്ങൾ അടിയുറച്ച് വിശ്വസിച്ചു. അത് നിറവേറ്റാൻ കോപ്28 പ്രസിഡൻസിക്ക് കഴിഞ്ഞു എന്നതിൽ സംശയമില്ല, ഒരു പൊതുവായ ലക്ഷ്യത്തെ കേന്ദ്രീകരിച്ച് ആളുകൾക്ക് ഒത്തുചേരാനും ഐക്യപ്പെടാനും കഴിയുന്ന ഒരു ഇടമാണ് കോപ് സമ്മേളനത്തിലൂടെ യുഎഇ ലോകത്തിന് സമ്മാനിച്ചത്," ശൈഖ് അബ്ദുല്ല ബിൻ സായിദ് അഭിപ്രായപ്പെട്ടു.
പരിസ്ഥിതിയെ സംരക്ഷിക്കുന്നതിൽ സ്ഥാപക പിതാവ് പരേതനായ ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ്റെ പാരമ്പര്യത്തെ പ്രശംസിച്ച ശൈഖ് അബ്ദുല്ല, ആ കാഴ്ചപ്പാടിൽ പ്രചോദിതമായി കോപ്28 പ്രസിഡൻസി ആ ചുവടുകൾ പിന്തുടരുകയും ചെയ്തതായി വ്യക്തമാക്കി.
ഉച്ചകോടിയിൽ പങ്കെടുത്ത ഫെഡറൽ, ദേശീയ, സ്വകാര്യ മേഖലകളിൽ നിന്നുള്ള എല്ലാവരുടെയും സംഭാവനകൾക്കും ഗുണപരമായ സഹകരണത്തിനും അദ്ദേഹം അഭിനന്ദനം അറിയിച്ചു. സുപ്രധാന അന്താരാഷ്ട്ര സമ്മേളനങ്ങൾ മികച്ച സംഘാടന മികവോടെ ആതിഥേയത്വം വഹിക്കാനും നിയന്ത്രിക്കാനുമുള്ള യുഎഇയുടെ കഴിവിന്‍റെ സാക്ഷാത്കാരമായിരുന്നു കോപ്28 എന്ന് ചൂണ്ടിക്കാട്ടിയ യുഎഇ വിദേശകാര്യ മന്ത്രി ഹയർ കമ്മിറ്റി അംഗങ്ങൾക്ക് നന്ദി പറഞ്ഞു.
കോപ്28ന്‍റെ ചരിത്രപരമായ വിജയം യുഎഇയുടെ നേതൃത്വത്തിൻ്റെ ദീർഘവീക്ഷണത്തിൻ്റെയും രാജ്യത്തിനും ലോകത്തിനും സുസ്ഥിരമായ ഭാവി കെട്ടിപ്പടുക്കാനുള്ള ഉറച്ച പ്രതിബദ്ധതയുടെയും ഫലമാണെന്ന് യുഎഇ വ്യവസായ, നൂതന സാങ്കേതികവിദ്യ മന്ത്രിയും കമ്മിറ്റിയുടെ ഡെപ്യൂട്ടി ചെയർമാനും കോപ്28 പ്രസിഡൻ്റുമായ ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബർ ഊന്നിപ്പറഞ്ഞു.
സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾക്കും ക്രമീകരണങ്ങൾക്കും മേൽനോട്ടം വഹിച്ച എജ്യുക്കേഷൻ ആന്‍റ് ഹ്യൂമൻ റിസോഴ്‌സ് കൗൺസിൽ വൈസ് പ്രസിഡൻ്റും സലാമ ബിൻത് ഹംദാൻ അൽ നഹ്യാൻ ഫൗണ്ടേഷൻ (എസ്എച്ച്എഫ്) ചെയർപേഴ്‌സണുമായ ഷെയ്ഖ മറിയം ബിൻത് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ അദ്ദേഹം പ്രശംസിച്ചു.
അരുടെ നേതൃത്വത്തിൽ കമ്മിറ്റി, മികച്ച നിലവാരമുള്ള സന്ദർശകാനുഭവം നൽകുന്നതിന് ആവശ്യമായ എല്ലാ സഹായ നടപടികളും സ്വീകരിച്ചു, നിർമ്മാണത്തിനും ലോജിസ്റ്റിക്‌സ് ഡിസൈനിനുമായി നൂതനമായ പദ്ധതികൾ നടപ്പിലാക്കി, എല്ലാ പങ്കാളികളെയും ഏകോപിപ്പിക്കാനും ഒരുമിച്ച് പ്രവർത്തിക്കാനും വിജയം നേടാനും ഇത് പ്രാപ്തമാക്കി.
ഭാവി ആസൂത്രണം, സാമ്പത്തിക വികസനം, സുസ്ഥിര വികസനം എന്നിവയിൽ യുഎഇയുടെ മാതൃക എടുത്തുകാണിച്ച ഷെയ്ഖ് സായിദ് ബിൻ ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ്റെ നേതൃത്വത്തിലുള്ള കോൺഫറൻസിൻ്റെ മീഡിയ കമ്മിറ്റിയുടെ പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു.
അതോടൊപ്പം മുഹമ്മദ് അബ്ദുല്ല അൽ ജുനൈബിയുടെ നേതൃത്വത്തിലുള്ള പ്രോട്ടോക്കോൾ കമ്മിറ്റിയുടെയും തലാൽ ബെൽഹൂൽ അൽ ഫലാസിയുടെ നേതൃത്വത്തിലുള്ള സെക്യൂരിറ്റി ആൻഡ് ഓപ്പറേഷൻസ് കമ്മിറ്റിയുടെയും പങ്കിനെയും പ്രശംസനീയമായ പരിശ്രമങ്ങളെയും അദ്ദേഹം പ്രശംസിച്ചു.
രാജ്യാന്തര തലത്തിലുള്ള കാലാവസ്ഥ ശ്രമങ്ങൾ ഏകോപിപ്പിക്കുന്നതിനും വിജയകരമായ രീതിയിൽ ഉച്ചകോടി നടത്തുന്നതിനും എല്ലാ മേഖലകളെയും പ്രതിനിധീകരിക്കുന്ന മന്ത്രിമാരും സർക്കാർ ഉദ്യോഗസ്ഥരും അടങ്ങുന്ന കോപ്28 യുഎഇ ഉന്നത സമിതി ഒറ്റക്കെട്ടായി പ്രവർത്തിച്ചു.
രണ്ടാഴ്ച നീണ്ടു നിന്ന കോപ്28 സമ്മേളന കാലയളവിൽ, 85,000-ത്തോളം ആളുകൾ 'ബ്ലൂ സോണിലെ' വിവിധ പരിപാടികളിൽ പങ്കെടുത്തു. അതിൽ 156 രാഷ്ട്രത്തലവന്മാർ, 22 അന്താരാഷ്ട്ര സംഘടനാ നേതാക്കൾ, 780-ലധികം മന്ത്രിമാർ, 500 മേയർമാർ, 50,000-ത്തിലധികം വിദ്യാർത്ഥികൾ, പാർലമെൻ്റേറിയൻമാർ, യുവാക്കൾ, ബിസിനസ്സുകൾ, മനുഷ്യസ്‌നേഹികൾ, സിവിൽ സമൂഹം, തദ്ദേശീയർ എന്നിവരുൾപ്പെടെ ആയിരക്കണക്കിന് മറ്റ് പ്രധാന പങ്കാളികൾ ഉൾപ്പെടുന്നു.
ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് ക്രമവും നീതിയുക്തവുമായ രീതിയിൽ മാറാനുള്ള അഭൂതപൂർവമായ പ്രതിബദ്ധതയും 2030-ഓടെ പുനരുപയോഗിക്കാവുന്ന ഊർജ്ജവും ശേഷിയും മൂന്നിരട്ടി വർദ്ധിപ്പിക്കാനും ഊർജ്ജ കാര്യക്ഷമത ഇരട്ടിയാക്കാനുമുള്ള ലക്ഷ്യവും യുഎഇ കൺസെൻസ് അംഗീകരിക്കുന്നതിലൂടെ ആഗോള നേതാക്കൾ കോപ്28-ൽ പ്രഖ്യാപിച്ചു. മീഥേനും മറ്റ് സിഒ2 ഇതര വാതകങ്ങളും കുറയ്ക്കുക, 2030-ഓടെ വനനശീകരണം അവസാനിപ്പിക്കുക, ഭാവിയിലെ എല്ലാ കോപ് സമ്മേളനങ്ങളിലും ഒരു യൂത്ത് ക്ലൈമറ്റ് ചാമ്പ്യൻ ഉണ്ടെന്ന് ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളും നേതാക്കൾ അംഗീകരിച്ചു.
ഉച്ചകോടിയിൽ ലോക നേതാക്കൾ കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ആഘാതങ്ങളുമായി പൊരുത്തപ്പെടാൻ കാലാവസ്ഥാ ദുർബലമായ രാജ്യങ്ങളെ സഹായിക്കുന്ന ലോസ് ആന്‍റ് ഡാമേജ് ഫണ്ടിന് രൂപം നൽകി പ്രവർത്തനക്ഷമമാക്കുകയും അത് വിതരണം ചെയ്യാൻ തുടങ്ങുകയും ചെയ്തു, നാളിതുവരെ 792 മില്യൺ യുഎസ് ഡോളർ വാഗ്ദാനങ്ങൾ ഫണ്ട് നേടിയിട്ടുണ്ട്.
രാഷ്ട്രീയമായി ചർച്ച ചെയ്യപ്പെട്ട ഈ ഫലങ്ങൾ, ആഗോള നേതാക്കൾ, ബിസിനസ്സ് നേതാക്കൾ, സിവിൽ സമൂഹം, യുവാക്കൾ, തദ്ദേശവാസികൾ എന്നിവരെ ഉൾപ്പെടുത്തിയ ഒരു ആക്ഷൻ അജണ്ടയുമായി പൊരുത്തപ്പെട്ടു.
ഈ അജണ്ടയുടെ ഭാഗമായി, ഉൽപ്പാദനത്തിൻ്റെ 40 ശതമാനം പ്രതിനിധീകരിക്കുന്ന 52 എണ്ണ-വാതക കമ്പനികൾ, 2030-ഓടെ നെറ്റ് സീറോ എമിഷൻ ലക്ഷ്യമിടുന്ന 'ഓയിൽ ആൻഡ് ഗ്യാസ് ചാർട്ടർ' അംഗീകരിച്ചു.
അജണ്ടയിൽ 85 ബില്യൺ യുഎസ് ഡോളർ പുതിയ സാമ്പത്തിക പ്രതിബദ്ധതകൾ വാഗ്ദാനം ചെയ്തു - അതിൽ ലോകത്തിലെ ഏറ്റവും വലിയ കാറ്റലറ്റിക് സ്വകാര്യ നിക്ഷേപകരായ യുഎഇയുടെ ആൾട്ടെറ ഫണ്ടിൻ്റെ സമാരംഭവും ഉൾപ്പെടുന്നു. 30 ബില്യൺ യുഎസ് ഡോളർ ധനസഹായത്തോടെ ആരംഭിച്ച ഫണ്ട്, ആഗോളതലത്തിൽ അനുകൂലമായ കാലാവസ്ഥാ പ്രവർത്തനങ്ങൾ നടത്താൻ 250 ബില്യൺ യുഎസ് ഡോളർ സമാഹരിക്കാൻ ലക്ഷ്യമിടുന്നു.
ഭക്ഷണം, കൃഷി, കാലാവസ്ഥ, ആരോഗ്യം എന്നിവയിൽ 144 രാജ്യങ്ങൾ അംഗീകരിച്ച, 159 രാജ്യങ്ങളിൽ നിന്നുള്ള പ്രതിജ്ഞകൾ ഉൾപ്പെടെ, പൊരുത്തപ്പെടുത്തൽ സംബന്ധിച്ച കാര്യമായ ഫലങ്ങൾ അജണ്ട നൽകി. പ്രഖ്യാപനങ്ങൾ ഇത്തരത്തിലുള്ള ആദ്യത്തേത് കൂടിയാണ് ഇത്. കൂടാതെ, പുനരുപയോഗിക്കാവുന്നതും ഊർജ്ജ കാര്യക്ഷമതയും സംബന്ധിച്ച പ്രതിജ്ഞ 132 രാജ്യങ്ങൾ അംഗീകരിച്ചു.
മൊത്തത്തിൽ പതിനൊന്ന് പ്രതിജ്ഞകളും പ്രഖ്യാപനങ്ങളും സമാരംഭിക്കുകയും ചരിത്രപരമായ റിപ്പോർട്ടുകൾ ലഭിക്കുകയും ചെയ്തു, അത് കാലാവസ്ഥാ വ്യതിയാനങ്ങളോട് പ്രായോഗികമായ അഡാപ്റ്റീവ്, ലഘൂകരണ പ്രതികരണങ്ങൾ വർദ്ധിപ്പിക്കുകയും ഏറ്റവും ദുർബലരായവരെ സംരക്ഷിക്കുകയും ചെയ്യും.
യുഎഇ കൺസെൻസസ് നടപ്പിലാക്കുന്നതിലും പ്രതിബദ്ധതകളും പ്രതിജ്ഞകളും പാലിക്കുന്നതിലും യുഎഇയുടെ പൈതൃകത്തിൻ്റെ തുടർച്ച ഉറപ്പാക്കുന്നതിലും കോപ്28 പ്രസിഡൻസി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
യുഎഇ ഉന്നത സമിതി അംഗങ്ങളിൽ സാമ്പത്തിക കാര്യ സഹമന്ത്രി മുഹമ്മദ് ഹാദി അൽ ഹുസൈനി; റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി, രാജ്യാന്തര സഹകരണ സഹമന്ത്രി; സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്‌റൂയി, ഊർജ, അടിസ്ഥാന സൗകര്യ വികസന മന്ത്രി; താനി ബിൻ അഹമ്മദ് അൽ സെയൂദി, വിദേശ വ്യാപാര സഹമന്ത്രി; ശമ്മ ബിൻത് സുഹൈൽ ഫാരിസ് അൽ മസ്‌റൂയി, കമ്മ്യൂണിറ്റി ഡെവലപ്‌മെൻ്റ് മന്ത്രി; മുഹമ്മദ് അബ്ദുല്ല അൽ ജുനൈബി, ഫെഡറൽ പ്രോട്ടോക്കോൾ ആൻഡ് സ്ട്രാറ്റജിക് നറേറ്റീവ് അതോറിറ്റി ചെയർമാൻ; പ്രസിഡൻഷ്യൽ കോടതിയിലെ ഇൻ്റർനാഷണൽ അഫയേഴ്സ് ഓഫീസ് മേധാവി മറിയം ബിൻത് മുഹമ്മദ് അൽംഹെരി; ലഫ്റ്റനൻ്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർരി, ദുബായ് പോലീസ് കമാൻഡർ ഇൻ ചീഫ് എന്നിവർ ഉൾപ്പെടുന്നു.
മറ്റ് അംഗങ്ങളിൽ ദുബായ് പോലീസിലെ സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ജനറൽ ലഫ്റ്റനൻ്റ് ജനറൽ തലാൽ ഹുമൈദ് ബെൽഹൂൾ അൽ ഫലാസി, അബുദാബി പോലീസ് കമാൻഡർ ഇൻ ചീഫ് സ്റ്റാഫ് മേജർ ജനറൽ പൈലറ്റ് ഫാരിസ് ഖലാഫ് അൽ മസ്റൂയി, ഡയറക്ടർ ജനറൽ, റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) എക്‌സിക്യൂട്ടീവ് ഡയറക്ടർമാരുടെ ബോർഡ് ചെയർമാൻ മത്താർ മുഹമ്മദ് അൽ തായർ, ദുബായ് ഇക്കണോമി ആൻഡ് ടൂറിസം വകുപ്പ് ഡയറക്ടർ ജനറൽ ഹെലാൽ സയീദ് അൽമറി, അബുദാബി എക്‌സിക്യൂട്ടീവ് ഓഫീസ് സെക്രട്ടറി ജനറൽ സെയ്ഫ് സയീദ് ഘോബാഷ്; ജമാൽ മുഹമ്മദ് അൽ ഹൊസാനി, സുപ്രീം കൗൺസിൽ ഫോർ നാഷണൽ സെക്യൂരിറ്റി പ്രതിനിധി; നാഷണൽ മീഡിയ ഓഫീസ് ചെയർമാൻ ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഹമദ് ; യുവജനകാര്യ സഹമന്ത്രി സുൽത്താൻ സെയ്ഫ് അൽ നെയാദി എന്നിവർ ഉൾപ്പെടുന്നു.
WAM/ അമൃത രാധാകൃഷ്ണൻ