ദുബായിലെ എസ്എംഇകളുടെ ആഗോള വിപുലീകരണത്തിന് 500 മില്യൺ ദിർഹത്തിന്റെ ഗ്രോത്ത് ഇനീഷ്യേറ്റീവുമായി ഹംദാൻ ബിൻ മുഹമ്മദ്

ദുബായ്, 29 ജനുവരി 2024 (WAM) -- ദുബായിൽ സ്ഥാപിതമായ ഇടത്തരം സംരംഭങ്ങളെ (എസ്എംഇ) ആഗോള വിപണി നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ്‌ ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, 'ദുബായ് ഇൻ്റർനാഷണൽ ഗ്രോത്ത് ഇനീഷ്യേറ്റീവിന് തുടക്കമിട്ടു. എമിറേറ്റ്‌സ് നാഷണൽ ബാങ്ക് ഓഫ് ദുബായുടെ (എമിറേറ്റ്‌സ് എൻബിഡി) പങ്കാളിത്തത്തോടെയാണ് 500 മില്യൺ ദിർഹത്തിന്റെ ഈ സംരംഭം ദുബായ് സർക്കാർ ആരംഭിച്ചത്.

" ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ ദർശനത്താൽ നയിക്കപ്പെടുകയും, ദുബായ് സാമ്പത്തിക അജണ്ട, ഡി33 ൻ്റെ ലക്ഷ്യങ്ങളുമായി യോജിച്ച് സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം ഇരട്ടിയാക്കാൻ ലക്ഷ്യമിടുന്നതാണ് ഈ സംരംഭം. ദുബായിൽ സ്ഥാപിതമായ എസ്എംഇകളുടെ ആഗോള വിപുലീകരണത്തെ പിന്തുണയ്ക്കുന്ന സംരംഭം ചെറുകിട, ഇടത്തരം സംരംഭങ്ങൾ എമിറേറ്റിൻ്റെ സമ്പദ്‌വ്യവസ്ഥയിൽ നിർണായക പങ്ക് വഹിക്കുന്നതായും, രജിസ്റ്റർ ചെയ്ത ബിസിനസുകളിൽ 95 ശതമാനവും ഉൾപ്പെടുന്നതായും, ” ശൈഖ് ഹംദാൻ പറഞ്ഞു.

“സംരംഭകർ, നിക്ഷേപകർ, എസ്എംഇകൾ എന്നിവർക്കുള്ള സ്ഥിരവും ശക്തവുമായ പിന്തുണ ദുബായുടെ ബിസിനസ് സൗഹൃദ അന്തരീക്ഷത്തെ പ്രതിഫലിപ്പിക്കുന്നു, ഇത് പ്രാദേശികവും ആഗോളവുമായ നിക്ഷേപങ്ങൾക്ക് ആകർഷകമായ ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നു,” ശൈഖ് ഹംദാൻ കൂട്ടിച്ചേർത്തു.

“ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ മാർഗനിർദേശപ്രകാരം ബിസിനസുകളെ ശാക്തീകരിക്കാൻ ലക്ഷ്യമിട്ടുള്ള നിരവധി സംരംഭങ്ങൾ ദുബായ് ആരംഭിച്ചിട്ടുണ്ട്. ഇവയിൽ, എസ്എംഇകളെ പിന്തുണയ്ക്കാൻ 500 ദശലക്ഷം ദിർഹം അനുവദിക്കുന്ന ദുബായ് ഇൻ്റർനാഷണൽ ഗ്രോത്ത് ഇനിഷ്യേറ്റീവ്, ദുബായുടെ സമ്പദ്‌വ്യവസ്ഥയുടെ ഭാവി വികസനത്തിനുള്ള തന്ത്രപരമായ പ്രതിബദ്ധതയായി പ്രവർത്തിക്കുന്നു," എന്ന് ദുബായ് ഡെപ്യൂട്ടി ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു,

“എസ്എംഇകളുടെ സുസ്ഥിരമായ ആഗോള വിപുലീകരണം സുഗമമാക്കുന്നത് ഡി 33 അജണ്ടയ്ക്ക് അനുസൃതമായി സർക്കാരിൻ്റെ മുൻഗണനയാണ് ഈ സംരംഭം. നിലവിൽ വിവിധ എസ്എംഇകളിലായി എമിറേറ്റിൽ , 60 ശതമാനത്തിലധികം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ഈ സംരംഭത്തെ പിന്തുണയ്ക്കുന്നതിനായി ദുബായ് സർക്കാരുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിന് എമിറേറ്റ്‌സ് എൻബിഡിക്ക് ഞങ്ങൾ അഭിനന്ദനം അറിയിക്കുന്നു. ദുബായുടെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയെ പരിപോഷിപ്പിക്കുന്നതിൽ സ്വകാര്യമേഖല ഒരു നിർണായക പങ്കാളിയായി തുടരുന്നു," ശൈഖ് മക്തൂം കൂട്ടിച്ചേർത്തു.

ഉടമയുടെ ദേശീയത പരിഗണിക്കാതെ ദുബായിൽ സ്ഥാപിതമായ എല്ലാ എസ്എംഇകളും അന്താരാഷ്ട്ര തലത്തിൽ വ്യാപിപ്പിക്കുന്നതിന് ബിസിനസുകളെ ശാക്തീകരിക്കുന്നതിനുമാണ് ഈ സംരംഭം രൂപകൽപ്പന ചെയ്തിരിക്കുന്നത്. എമിറേറ്റിലെ തന്ത്രപ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഈ സംരംഭം. ഇൻ്റർനാഷണൽ ഗ്രോത്ത് ഇനിഷ്യേറ്റീവിൻ്റെ കൂടുതൽ വിശദാംശങ്ങൾ ഫെബ്രുവരിയിൽ എമിറേറ്റ്സ് എൻബിഡി പ്രഖ്യാപിക്കുമെന്ന് അധികൃതർ പ്രഖ്യാപിച്ചു.

സംരംഭത്തിന്റെ ഭാഗമായി യോഗ്യരായ ചെറുകിട കമ്പനികൾക്ക് അധിക മാർജിൻ ഇല്ലാതെ എമിറേറ്റ്‌സിൻ്റെ ഇൻ്റർബാങ്ക് ഓഫർ നിരക്ക് (EIBOR) ഈടാക്കാതെ എമിറേറ്റ്‌സ് എൻബിഡി, മത്സര നിരക്കിൽ ധനസഹായം നൽകുമെന്ന് അധികൃതർ അറിയിച്ചു. ഉദ്യമത്തിന് മാർഗനിർദേശം നൽകുന്നതിനും യോഗ്യരായ എസ്എംഇകളെ തിരഞ്ഞെടുക്കുന്നതിനും നടപ്പാക്കലിന് മേൽനോട്ടം വഹിക്കുന്നതിനും എമിറേറ്റിൻ്റെ തന്ത്രപരമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ വിജയം ഉറപ്പാക്കുന്നതിനും ദുബായ് സർക്കാരിൻ്റെയും എമിറേറ്റ്‌സ് എൻബിഡിയുടെയും പ്രതിനിധികൾ ഉൾപ്പെടുന്ന ഒരു സംയുക്ത സ്റ്റിയറിങ് കമ്മിറ്റി രൂപീകരിക്കും.


WAM/ അമൃത രാധാകൃഷ്ണൻ