ഡീകാർബണൈസ് പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനായി ലോകത്തിലെ ഏറ്റവും വലിയ കേബിൾ-ലേയിംഗ് കപ്പൽ അഡ്നോകിൽ പ്രവർത്തനം ആരംഭിച്ചു

അബുദാബി, 29 ജനുവരി 2024 (WAM) -- അഡ്നോകിന്റെ ഓഫ് ഷോർ ഉൽപ്പാദന പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനും ഡീകാർബണൈസ് പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനുമായി ലോകത്തിലെ ഏറ്റവും വലുതും അത്യാധുനികവുമായ വൈദ്യുത കേബിൾ സ്ഥാപിക്കുന്ന കപ്പൽ അബുദാബിയിൽ പ്രവർത്തനം ആരംഭിച്ചു. അഡ്നോകും, അബുദാബി നാഷണൽ എനർജി കമ്പനി പിജിഎസ്സി (TAQA)
സംയുക്തമായി നടപ്പിലാക്കുന്ന 3.8 ബില്യൺ ഡോളറിൻ്റെ പദ്ധതിയുടെ കീഴിലാണ് കപ്പലിന്റെ പ്രവർത്തനം.

മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക (മെന) മേഖലയിലെ ആദ്യത്തെ ഹൈ-വോൾട്ടേജ്, ഡയറക്ട് കറൻ്റ് (HVDC) സബ്‌സീ ട്രാൻസ്മിഷൻ സിസ്റ്റത്തിൻ്റെ വികസനത്തിനും പ്രവർത്തനത്തിനും ലക്ഷ്യമിടുന്നതാണ് ഈ പുതിയ പദ്ധതി . അബുദാബി നാഷണൽ എനർജി കമ്പനി പിജിഎസ്സിയുടെ പൂർണ ഉടമസ്ഥതയിലുള്ള അബുദാബി ട്രാൻസ്മിഷൻ ആൻഡ് ഡെസ്പാച്ച് കമ്പനി (ട്രാൻസ്‌കോ) നടത്തുന്ന അബുദാബി ഓൺഷോർ പവർ ഗ്രിഡിലൂടെ വിതരണം ചെയ്യുന്ന ശുദ്ധവും കാര്യക്ഷമവുമായ ഊർജം ഉപയോഗിച്ച് അഡ്‌നോകയുടെ ഓഫ്‌ഷോർ ഉൽപ്പാദന പ്രവർത്തനങ്ങൾക്ക് ഇത് കൂടുതൽ കരുത്ത് പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രോജക്റ്റിനായി ഏകദേശം 1,000 കിലോമീറ്റർ (കി.മീ) എച്ച്.വി.ഡി.സി കേബിളുകൾ ഫൈബർ ഒപ്റ്റിക്‌സ് ബണ്ടിൽ ചെയ്യേണ്ടതുണ്ട്, കൂടാതെ ട്രാൻസ്മിഷൻ സിസ്റ്റത്തിന് മൊത്തം സ്ഥാപിത ശേഷി 3.2 ജിഗാവാട്ടാണ്. രണ്ട് സ്വതന്ത്ര ഉപ-കടൽ ലിങ്കുകളും എച്ച്.വി.ഡി.സി കൺവെർട്ടർ സ്റ്റേഷനുകളും പദ്ധതിയിൽ ഉൾപ്പെട്ടതായി അധികൃതർ അറിയിച്ചു.

പ്രിസ്മിയൻ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള ലിയോനാർഡോ ഡാവിഞ്ചി എന്ന കേബിൾ സ്ഥാപിക്കുന്ന കപ്പൽ യൂറോപ്പിൽ നിന്ന് നാല് മാസത്തേക്ക് യുഎഇയിൽ എത്തി. പടിഞ്ഞാറൻ അബുദാബി തീരപ്രദേശത്തുള്ള മിർഫയ്ക്കും അബുദാബിക്കും ദുബായ്ക്കും ഇടയിലുള്ളതിന് തുല്യമായ ദൂരത്തിൽ ഓഫ്‌ഷോർ സക്കും ക്ലസ്റ്ററിനും ഇടയിൽ പ്രവർത്തിക്കുന്ന ലിയോനാർഡോ ഡാവിഞ്ചി ആദ്യത്തെ 134 കിലോമീറ്റർ റൂട്ടിൽ ബണ്ടിൽ കേബിളിംഗ് സ്ഥാപിക്കും, മടങ്ങുന്നതിന് മുന്നോടിയായി രണ്ടാമത്തെ ഘട്ടത്തിൽ 141 കിലോമീറ്ററിൽ കേബിളുകൾ സ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു.

ഓഫ്‌ഷോർ വൈദ്യുതീകരണ പദ്ധതിയുടെ വാണിജ്യ പ്രവർത്തനങ്ങൾ 2025-ൽ ആരംഭിക്കും. അബുദാബിയിൽ നിലവിലുള്ള ഓഫ്‌ഷോർ ഗ്യാസ് ടർബൈൻ ജനറേറ്ററുകൾക്ക് പകരം കൂടുതൽ സുസ്ഥിര ഊർജ്ജ സ്രോതസ്സുകൾ ഉപയോഗിച്ച് അഡ്നോക് ഓഫ്‌ഷോർ പ്രവർത്തനങ്ങളുടെ കാർബൺ കാൽപ്പാട് 50% വരെ കുറയ്ക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

അഡ്നോകിൻ്റെ ഇൻ-കൺട്രി വാല്യൂ പ്രോഗ്രാമിന് കീഴിൽ ഈ പദ്ധതിയുടെ മൂല്യത്തിൻ്റെ 50%-ലധികം യുഎഇയുടെ സമ്പദ്‌വ്യവസ്ഥയിലേക്ക് തിരികെയെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2022 ജനുവരിയിൽ, എമിറേറ്റ്‌സ് വാട്ടർ ആൻഡ് ഇലക്‌ട്രിസിറ്റി കമ്പനിയുടെ (ഇഡബ്ല്യുഇസി) പങ്കാളിത്തത്തിലൂടെ സോളാർ, ന്യൂക്ലിയർ, ശുദ്ധ ഊർജം എന്നിവയിൽ നിന്ന് ഓൺഷോർ ഗ്രിഡ് പവർ സോഴ്‌സ് ചെയ്യുന്ന ആദ്യത്തെ പ്രധാന എണ്ണ-വാതക കമ്പനിയായി അഡ്നോക് മാറി. ഈ പങ്കാളിത്തത്തിൻ്റെ ഫലമായി, 2022-ൽ ഏകദേശം 4 ദശലക്ഷം ടൺ ഹരിതഗൃഹ വാതക ഉദ്‌വമനം കുറക്കാനും കമ്പനിക്ക് കഴിഞ്ഞിരുന്നു.

2045-ഓടെ നെറ്റ് സീറോയിലേക്ക് എന്ന ലക്ഷ്യം കൈവരിക്കുന്നത്തിന് ലോ-കാർബൺ സൊല്യൂഷനുകൾക്കും ഡീകാർബണൈസേഷൻ സാങ്കേതികവിദ്യകൾക്കുമായി 23 ബില്യൺ ഡോളർ വകയിരുത്തിക്കൊണ്ട് അഡ്നോക് അതിൻ്റെ പ്രവർത്തനങ്ങളുടെ ഡീകാർബണൈസേഷൻ ത്വരിതപ്പെടുത്തുന്നു.

2021 ഡിസംബറിൽ പദ്ധതി പ്രഖ്യാപിച്ചതു മുതൽ, കമ്പനി തങ്ങളുടെ ട്രാൻസ്മിഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ബിസിനസ്സ് വിപുലീകരിക്കുന്നതിന് പുതുക്കിയ വളർച്ചാ ലക്ഷ്യങ്ങൾക്ക് അനുസൃതമായി നിരവധി പ്രധാന എച്ച്ഡിവിസി പ്രോജക്ടുകൾ പിന്തുടരുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ, ഗ്രീസിനും സൈപ്രസിനും ഇടയിൽ 900 കിലോമീറ്റർ ഹൈ-വോൾട്ടേജ് ഡയറക്ട് കറൻ്റ് ഇലക്‌ട്രിസിറ്റി ഇൻ്റർകണക്‌ടർ പ്രോജക്‌റ്റ് വികസിപ്പിക്കുന്നതിനുള്ള ഒരു പ്രോജക്‌റ്റിൽ ഷെയർഹോൾഡർമാരിൽ ഒരാളാകാനുള്ള സാധ്യത പര്യവേക്ഷണം ചെയ്യുന്നതിനായി കമ്പനി ധാരണാപത്രത്തിൽ ഒപ്പുവച്ചു.

റൊമാനിയയിലെ എച്ച്ഡിവിസി ഇൻഫ്രാസ്ട്രക്ചർ പ്രോജക്റ്റിൻ്റെ സാധ്യതാ പഠനത്തിനായും കമ്പനി ധാരണാപത്രം ഒപ്പുവെച്ചിരുന്നു. കൂടാതെ യുകെയിലേക്ക് പുനരുപയോഗിക്കാവുന്ന വൈദ്യുതി എത്തിക്കുന്നതിനായി ലോകത്തിലെ ഏറ്റവും നീളം കൂടിയ സബ്‌സീ കേബിളുകൾ യുകെയ്ക്കും മൊറോക്കോയ്ക്കും ഇടയിൽ സ്ഥാപിക്കാൻ യുഎഇ കഴിഞ്ഞ വർഷം 113 മില്യൺ ദിർഹത്തിന്റെ നിക്ഷേപം നടത്തിയിരുന്നു.


WAM/ അമൃത രാധാകൃഷ്ണൻ