ദുബായ്, 2024 ജനുവരി 29,(WAM)--മെന മേഖലയിലെ ഏറ്റവും വലിയ ഹെൽത്ത് കെയർ എക്‌സിബിഷനായ അറബ് ഹെൽത്തിൻ്റെ 49-ാമത് പതിപ്പ് ദുബായിലെ ആദ്യ ഡെപ്യൂട്ടി ഭരണാധികാരിയും യുഎഇയുടെ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ന് ഉദ്ഘാടനം ചെയ്തു.
ഉപരാഷ്ട്രപതിയും, പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ ദീർഘവീക്ഷണത്തോടെയുള്ള മാർഗനിർദേശപ്രകാരം ദുബായിലെ ആരോഗ്യമേഖല അതിൻ്റെ മാനദണ്ഡങ്ങൾ കൂടുതൽ ദൃഢമാക്കാൻ ഒരുങ്ങുകയാണെന്ന് പരിപാടിയുടെ ഉദ്ഘാടന വേളയിൽ സംസാരിച്ച ശൈഖ് മക്തൂം പറഞ്ഞു. മികച്ച ഇൻ-ക്ലാസ് ഇൻഫ്രാസ്ട്രക്ചർ പ്രദാനം ചെയ്യുന്നതിലൂടെയും ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ വിന്യസിക്കുന്നതിലൂടെയും വിദഗ്ധരായ പ്രതിഭകളെ ആകർഷിക്കുന്നതിലൂടെയും പ്രദർശനം മികവ് പുലർത്തുന്നതായി, അദ്ദേഹം ചൂണ്ടിക്കാട്ടി.
"പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ ഉയർന്ന നിലവാരമുള്ള വൈദ്യസഹായം നൽകുന്നതിൽ ദുബായ് ശ്രദ്ധ കേന്ദ്രീകരിച്ചത് ഒരു പ്രമുഖ പ്രാദേശിക, ആഗോള ആരോഗ്യ സംരക്ഷണ കേന്ദ്രമെന്ന നിലയിൽ അതിൻ്റെ പ്രശസ്തി ഗണ്യമായി വർദ്ധിപ്പിച്ചു. ലോകത്തെ മുൻനിര ആരോഗ്യപരിചരണ വൈദഗ്ധ്യവും സ്ഥാപനങ്ങളും ഒരുമിച്ച് കൊണ്ടുവരികയും ഈ മേഖലയിലെ മികവിനും നൂതനത്വത്തിനും വേണ്ടിയുള്ള അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിലൂടെയും ദുബായ് ഒരു പ്രധാന ഹെൽത്ത് കെയർ ഡെസ്റ്റിനേഷൻ എന്ന പദവി ഉറപ്പിക്കുന്നത് തുടരുന്നു. ജീവിക്കാനും ജോലി ചെയ്യാനുമുള്ള ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നായി ദുബായെ മാറ്റുക എന്ന സർക്കാരിന്റെ ലക്ഷ്യത്തിന് അനുസൃതമായി ആരോഗ്യ സംരക്ഷണം ഞങ്ങളുടെ ഏറ്റവും ഉയർന്ന മുൻഗണനകളിലൊന്നാണ്, ” എന്ന് ശൈഖ് മക്തൂം കൂട്ടിച്ചേർത്തു.
ജനുവരി 29 മുതൽ ഫെബ്രുവരി 1 വരെ ദുബായ് വേൾഡ് ട്രേഡ് സെൻ്ററിൽ നടക്കുന്ന എക്‌സിബിഷനിൽ 3,400-ലധികം പ്രദർശകരും 40-ലധികം അന്താരാഷ്ട്ര പവലിയനുകളും 180-ലധികം രാജ്യങ്ങളും പങ്കെടുക്കുന്നു.
ഹെൽത്ത് ആൻഡ് പ്രിവൻഷൻ മന്ത്രി അബ്ദുൾ റഹ്മാൻ ബിൻ മുഹമ്മദ് ബിൻ നാസർ അൽ ഒവൈസിനൊപ്പം ശൈഖ് മക്തൂം പ്രദർശനം സന്ദർശിച്ചു. ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ സെക്രട്ടറി അബ്ദുല്ല അൽ ബസ്തി, അബുദാബി ആരോഗ്യ വകുപ്പ് ചെയർമാൻ ജനറൽ ഡോ. മൻസൂർ ഇബ്രാഹിം അൽ മൻസൂരി, ദുബായ് ഹെൽത്ത് അതോറിറ്റി ഡയറക്ടർ ജനറൽ അവാദ് സെഗായർ അൽ കെത്ബി, ദുബായ് വേൾഡ് ട്രേഡ് സെൻ്റർ അതോറിറ്റി ചെയർമാൻ ഹെലാൽ സയീദ് അൽ മർറി, കൂടാതെ മുതിർന്ന ഉദ്യോഗസ്ഥരും ആരോഗ്യ വിദഗ്ധരും അദ്ദേഹത്തെ അനുഗമിച്ചു.
പര്യടനത്തിനിടെ, എം42, ദുബായ് ഹെൽത്ത്‌കെയർ സിറ്റി, എമിറേറ്റ്സ് ഹെൽത്ത് സർവീസസ്, യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം, ഫിലിപ്‌സ്, ജിഇ ഹെൽത്ത്‌കെയർ എന്നിവയുടെ പവലിയനുകളും, എക്സിബിഷനിലെ ഇറ്റാലിയൻ പവലിയനും അദ്ദേഹം സന്ദർശിച്ചു.
മെഡിക്കൽ ഉപകരണങ്ങളും ഉപകരണങ്ങളും, ഡിസ്പോസിബിൾസും കൺസ്യൂമർ ഗുഡ്‌സും, ഓർത്തോപീഡിക്‌സും ഫിസിയോതെറാപ്പിയും, ഇമേജിംഗ് ആൻഡ് ഡയഗ്‌നോസ്റ്റിക്‌സ്, ഹെൽത്ത്‌കെയർ ആൻഡ് ജനറൽ സർവീസസ്, ഹെൽത്ത്‌കെയർ ഇൻഫ്രാസ്ട്രക്ചർ, അസറ്റുകൾ, ആരോഗ്യം, പ്രതിരോധം എന്നിവ ഉൾപ്പടെ നിരവധി മേഖലകൾ പ്രദർശനത്തിന് ഒരുക്കിയിട്ടുണ്ട്.
WAM/അമൃത രാധാകൃഷ്ണൻ