ഫുജൈറ, 2024 ഫെബ്രുവരി 3,(WAM)-- 4,544 ടൺ സാമഗ്രികളുമായി യുഎഇയുടെ രണ്ടാമത്തെ സഹായ കപ്പൽ ഇന്ന് ഗാസ മുനമ്പിലെ ഈജിപ്തിലെ അൽ അരിഷ് നഗരത്തിലേക്ക് പുറപ്പെട്ടു. ഗാസ മുനമ്പിലെ പലസ്തീൻ ജനതയെ പിന്തുണയ്ക്കുന്നതിനായി രാഷ്ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ട 'ഗാലൻ്റ് നൈറ്റ് 3' മാനുഷിക പ്രവർത്തനത്തിൻ്റെ ഭാഗമാണ് ഈ സഹായം.
ഫുജൈറ തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പലിൽ 4,303 ടൺ ഭക്ഷണവും 154 ടൺ ഷെൽട്ടർ സാമഗ്രികളും ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷൻ, സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ചാരിറ്റബിൾ ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ എമിറേറ്റ്സ് റെഡ് ക്രസൻ്റ് എന്നിവർ നൽകിയ 87 ടൺ മെഡിക്കൽ സഹായവും ഉൾപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ വർഷം നവംബർ 5നാണ് രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് യുഎഇ പ്രതിരോധ മന്ത്രാലയത്തിലെ ജോയിൻ്റ് ഓപ്പറേഷൻസ് കമാൻഡിനോട്, യുഎഇയിലെ മാനുഷിക സംഘടനകളുമായി സഹകരിച്ച്, പലസ്തീൻ ജനതയെ പിന്തുണച്ച് 'ഗാലൻ്റ് നൈറ്റ് 3' നടപ്പിലാക്കാൻ ഉത്തരവിട്ടത്.
യുഎഇ തങ്ങളുടെ എയർബ്രിഡ്ജ് വഴി 151 വിമാനങ്ങളിലൂടെ 15,075 ടൺ സഹായമാണ് പലസ്തീൻ ജനതയ്ക്ക് എത്തിച്ചത്.
പലസ്തീൻ ജനതയ്ക്ക് സാധ്യമായ എല്ലാ പിന്തുണയും നൽകാനുള്ള ഭരണകൂടത്തിൻ്റെ ദൃഢനിശ്ചയത്തിന് അനുസൃതമായാണ് രാജ്യം 'ഗാലൻ്റ് നൈറ്റ് 3' പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്
WAM/അമൃത രാധാകൃഷ്ണൻ