പ്രദേശത്തിൻ്റെ സുരക്ഷയും സുസ്ഥിരതയും ഉറപ്പിക്കുന്നതിന് യുഎൻആർഡബ്ല്യുഎയെ പിന്തുണച്ചുകൊണ്ട് ലാസറിനിയുമായി കൂടിക്കാഴ്ച നടത്തി യുഎഇ വിദേശകാര്യ മന്ത്രി

അബുദാബി, 5 ഫെബ്രുവരി 2024 (WAM) -- ഐക്യരാഷ്ട്ര സഭയുടെ നിയർ ഈസ്റ്റിലെ പലസ്തീൻ അഭയാർത്ഥികൾക്കായുള്ള യുഎൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസിയെ (യുഎൻആർഡബ്ല്യുഎ) പിന്തുണയ്ക്കുന്നത് മേഖലയിലെ സ്ഥിരതയും, സുരക്ഷയും ഏകീകരിക്കുന്നതിന് അനിവാര്യമാണെന്ന് വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ സ്ഥിരീകരിച്ചു.

യുഎൻആർഡബ്ല്യുഎ കമ്മീഷണർ ജനറൽ ഫിലിപ്പ് ലസാരിനിയുമായി അബുദാബിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പലസ്തീൻ ജനതയുടെ, പ്രത്യേകിച്ച് ഗാസ മുനമ്പിലെ മാനുഷിക ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള വഴികളെക്കുറിച്ചും സിവിലിയൻമാർക്ക് ദുരിതാശ്വാസവും വൈദ്യസഹായവും എത്തിക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്തു.

കൂടിക്കാഴ്ചയിൽ, യുഎഇയുടെ ഉന്നത നയതന്ത്രജ്ഞൻ യുഎൻആർഡബ്ല്യുഎയ്‌ക്കുള്ള യുഎഇയുടെ പിന്തുണ ആവർത്തിച്ചു. നിലവിലെ വെല്ലുവിളികളുടെ വെളിച്ചത്തിൽ, അവരുടെ മാനുഷിക ശ്രമങ്ങൾ നിലനിർത്തുന്നത് അടിയന്തിര മുൻഗണനയായി മാറിയിരിക്കുന്നു, ഏജൻസിയെയും എല്ലാ യുഎൻ ശ്രമങ്ങളെയും പിന്തുണയ്ക്കാൻ അന്താരാഷ്ട്ര സമൂഹത്തിൻ്റെ ശ്രമങ്ങൾ ആവശ്യമാണെന്ന് യോഗം എടുത്തുകാണിച്ചു.

യുഎൻ മൂല്യങ്ങളോടും, മാനുഷിക ലക്ഷ്യങ്ങളോടുമുള്ള ഏജൻസിയുടെ ഉറച്ച പ്രതിബദ്ധതയെയാണ് ഈ നടപടി പ്രതിഫലിപ്പിക്കുന്നതെന്നും നിരവധി വ്യക്തികൾക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ അന്വേഷിക്കാൻ യുഎൻ, യുഎൻആർഡബ്ല്യുഎ എന്നിവയുടെ അടിയന്തര നടപടിക്ക് അദ്ദേഹം അഭിനന്ദനം അറിയിച്ചു.

യുഎൻആർഡബ്ല്യുഎയ്ക്കുള്ള ധനസഹായം താൽക്കാലികമായി നിർത്തിവച്ച ദാതാക്കളുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ശൈഖ് അബ്ദുള്ള ആവർത്തിച്ചു.

പലസ്തീൻ ജനതയുടെ, പ്രത്യേകിച്ച് ഗാസ മുനമ്പിലുള്ളവരുടെ ദുരിതങ്ങളിൽ നിന്ന് മോചനം നേടുന്നതിൽ
യുഎൻആർഡബ്ല്യുഎ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു, ഒപ്പം നിൽക്കാനും, രാജ്യത്തിന്റെ മാനുഷിക ശ്രമങ്ങളെ പിന്തുണയ്ക്കാനും യുഎഇ താൽപ്പര്യപ്പെടുന്നുവെന്നും കൂട്ടിച്ചേർത്തു.

മേഖലയിലെ തീവ്രവാദവും സംഘർഷവും അക്രമവും അവസാനിപ്പിച്ച് ശാശ്വതമായ വെടിനിർത്തൽ കരാറിലെത്തുന്നത് എല്ലാ സിവിലിയൻമാരുടെയും സംരക്ഷണം ഉറപ്പാക്കുന്നതിനും കൂടുതൽ ജീവഹാനി തടയുന്നതിനും പലസ്തീൻ ജനതയ്ക്ക് ആവശ്യമായ മാനുഷിക പിന്തുണ നൽകുന്നതിനുമുള്ള പാതയാണെന്നും യുഎഇ വിദേശകാര്യ മന്ത്രി ഊന്നിപ്പറഞ്ഞു.

യോഗത്തിൽ രാജ്യാന്തര സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി, യുഎഇയുടെ രാഷ്ട്രീയകാര്യ അസിസ്റ്റൻ്റ് വിദേശകാര്യ മന്ത്രിയും, ഐക്യരാഷ്ട്രസഭയിലെ സ്ഥിരം പ്രതിനിധിയുമായ അംബാസഡർ ലാന സാക്കി നുസൈബെ പങ്കെടുത്തു.

WAM/ അമൃത രാധാകൃഷ്ണൻ