അബുദാബി, 5 ഫെബ്രുവരി 2024 (WAM) --യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കോമോറോസ് രാഷ്‌ട്രപതി അസാലി അസ്സൗമാനിയോട് ടെലിഫോണിൽ സംസാരിച്ചു. യോഗം ഉഭയകക്ഷി ബന്ധങ്ങൾ അവലോകനം ചെയ്യുകയും ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും സുസ്ഥിര വികസന അഭിലാഷങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിന്, പ്രത്യേകിച്ച് സാമ്പത്തിക, നിക്ഷേപ മേഖലകളിലെ സഹകരണത്തിനുള്ള പുതിയ അവസരങ്ങൾ പര്യവേക്ഷണം ചെയ്യുകയും ചെയ്തു.
സംഭാഷണത്തിനിടയിൽ, വീണ്ടും രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട അസ്സൗമാനിക്ക് ശൈഖ് മുഹമ്മദ് അഭിനന്ദനങ്ങൾ അറിയിക്കുകയും തൻ്റെ രാജ്യത്തെ വികസനത്തിലേക്കും പുരോഗതിയിലേക്കും നയിക്കുന്നതിൽ കൊമോറിയൻ രാഷ്ട്രപതിയുടെ തുടർച്ചയായ വിജയത്തിന് ആശംസകൾ അറിയിക്കുകയും ചെയ്തു. നിലവിലുള്ള സഹകരണത്തെ പിന്തുണയ്ക്കുന്നതിനായി യുഎഇയും കൊമോറോസും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ തന്റെ താൽപര്യവും യുഎഇ രാഷ്‌ട്രപതി പ്രകടിപ്പിച്ചു.
തൻ്റെ രാജ്യത്തോടും അവിടുത്തെ ജനങ്ങളോടും കാണിച്ച താൽപര്യത്തിന് അസ്സൗമാനി യുഎഇ രാഷ്‌ട്രപതിക്ക് നന്ദി രേഖപ്പെടുത്തി. ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിലുള്ള സഹകരണത്തിൻ്റെ വ്യാപ്തി വിപുലീകരിക്കുന്നതിനുമുള്ള പരസ്പര പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു.
WAM/ അമൃത രാധാകൃഷ്ണൻ