ദുബായ് എമിറേറ്റിൽ നവീകരണവും ഉപയോക്തൃ അനുഭവവും മെച്ചപ്പെടുത്താൻ എഡബ്ല്യുഎസുമായി പങ്കാളിത്ത കരാർ ഒപ്പിട്ട് ആർടിഎ

ദുബായ്, 2024 ഫെബ്രുവരി 05, (WAM) -- ക്ലൗഡ് കമ്പ്യൂട്ടിംഗ് പ്ലാറ്റ്‌ഫോമുകളും ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇൻ്റർഫേസുകൾ എന്നിവയിൽ വൈദഗ്ധ്യമുള്ള ആമസോൺ അനുബന്ധ കമ്പനിയായ ആമസോൺ വെബ് സർവീസസുമായി (എഡബ്ല്യുഎസ്) ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) കരാർ ഒപ്പിട്ടു.

ക്ലൗഡ് കംപ്യൂട്ടിംഗിലേക്കുള്ള ആർടിഎയുടെ മാറ്റത്തെ പിന്തുണയ്ക്കുകയും ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഡാറ്റാ സൊല്യൂഷൻസ്, ഓഗ്മെൻ്റഡ് റിയാലിറ്റി (എആർ), വെർച്വൽ റിയാലിറ്റി (വിആർ), ഇൻറർനെറ്റ് ഓഫ് തിംഗ്സ് (ഐഒടി) തുടങ്ങിയ മേഖലകളിലെ അറിവും മികച്ച രീതികളും കൈമാറുകയും ചെയ്യുക എന്നതാണ് ഈ പങ്കാളിത്തത്തിൻ്റെ പ്രധാന ലക്ഷ്യം.

ക്ലൗഡ് കമ്പ്യൂട്ടിംഗിലേക്കുള്ള പരിവർത്തനത്തെ പിന്തുണയ്ക്കുന്നതിനും ദുബായ് എമിറേറ്റിൽ പൊതുജനങ്ങൾക്ക് സാധാരണയായി നൽകുന്ന സേവനങ്ങളിൽ ഡിജിറ്റൽ പരിവർത്തനം വർദ്ധിപ്പിക്കുന്നതിനും ഏറ്റവും പുതിയ ഡിജിറ്റൽ സാങ്കേതികവിദ്യകൾ ഉപയോഗിക്കാൻ ഈ പങ്കാളിത്തത്തിലൂടെ ആർടിഎ ശ്രമിക്കുന്നു.

ആർടിഎയ്ക്ക് വേണ്ടി കോർപ്പറേറ്റ് ടെക്‌നോളജി സപ്പോർട്ട് സർവീസസ് സെക്‌ടറിൻ്റെ സിഇഒ മുഹമ്മദ് അൽ മുദർറെബ്, ആമസോൺ വെബ് സർവീസിന് (എഡബ്ല്യുഎസ്) വേണ്ടി മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും പൊതുമേഖലാ ഡയറക്ടർ വോജ്‌സിക് ബജ്‌ദയും കരാറിൽ ഒപ്പുവെച്ചു.

“ആർടിഎയുടെ മുൻനിര സ്ഥാനം വർദ്ധിപ്പിക്കുന്നതിനും ക്ലൗഡ് കമ്പ്യൂട്ടിംഗ് ഉൾപ്പെടെയുള്ള ഏറ്റവും പുതിയ സാങ്കേതിക കണ്ടുപിടുത്തങ്ങൾ സ്വീകരിക്കുന്നതിനുമുള്ള ലക്ഷ്യവുമായി ഈ കരാർ യോജിക്കുന്നു. ഈ ലക്ഷ്യം നിറവേറ്റാൻ ആമസോൺ വെബ് സർവീസസ് പോലുള്ള സ്പെഷ്യലൈസ്ഡ് കമ്പനികളുമായി ഞങ്ങൾ സഹകരിച്ച് പ്രവർത്തിക്കുകയാണ്." കരാർ സംബന്ധിച്ച് അൽ മുദർറെബ് പറഞ്ഞു.

"ദുബായിലെ ആർടിഎയുമായുള്ള ഈ സഹകരണം മേഖലയിലെ ഡിജിറ്റൽ പരിവർത്തനം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പിനെ പ്രതിനിധീകരിക്കുന്നു. ക്ലൗഡ് കമ്പ്യൂട്ടിംഗും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും ഉപയോഗിച്ച് ആർടിഎയുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ദുബായിൽ നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണ നൽകാനാകുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു." വോജ്‌സിക് ബജ്‌ദ അഭിപ്രായപ്പെട്ടു.

ക്ലൗഡ് കമ്പ്യൂട്ടിംഗ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് തുടങ്ങിയ ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി ദുബായ് എമിറേറ്റിൽ നവീകരണവും ഉപയോക്തൃ അനുഭവവും മെച്ചപ്പെടുത്താൻ സഹായിക്കുന്ന നൂതന ഡിജിറ്റൽ ഭാവിയിലേക്കുള്ള ഗുണപരമായ മാറ്റത്തെ ഈ കരാർ പ്രതിനിധീകരിക്കുന്നതിനാൽ, എഡബ്ല്യുഎസുമായുള്ള ഈ പങ്കാളിത്തത്തിലൂടെ, ആർടിഎ അതിൻ്റെ സാങ്കേതികവിദ്യകൾ മെച്ചപ്പെടുത്താനും പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്താനും ആഗ്രഹിക്കുന്നു.