ജോർദാൻ രാജാവുമായി ഉഭയകക്ഷി ബന്ധവും, പ്രാദേശിക സംഭവ വികാസങ്ങളും ചർച്ച ചെയ്ത് യുഎഇ രാഷ്‌ട്രപതി

അമ്മാൻ, 6 ഫെബ്രുവരി 2024 (WAM) -- ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധം അവലോകനം ചെയ്യുന്നതിനായി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ജോർദാൻ രാജാവ് അബ്ദുല്ല II ബിൻ അൽ ഹുസൈനുമായി ഇന്ന് കൂടിക്കാഴ്ച നടത്തി.

അമ്മാനിലെ ബാസ്മാൻ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ, സമ്പദ്‌വ്യവസ്ഥ, നിക്ഷേപം, ഭക്ഷ്യസുരക്ഷ, പുനരുപയോഗ ഊർജം, സുസ്ഥിരത എന്നീ മേഖലകളിലെ ഇരുരാജ്യങ്ങളുടെയും വികസന ലക്ഷ്യങ്ങളെ പിന്തുണയ്ക്കാൻ ലക്ഷ്യമിട്ടുള്ള സഹകരണത്തിനുള്ള പുതിയ അവസരങ്ങൾ യോഗം പര്യവേക്ഷണം ചെയ്തു.

ശൈഖ് മുഹമ്മദും അബ്ദുള്ള രാജാവും മിഡിൽ ഈസ്റ്റിലെയും ഗാസ മുനമ്പിലെയും ഏറ്റവും പുതിയ സംഭവവികാസങ്ങളിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് പരസ്പര താൽപ്പര്യമുള്ള നിരവധി പ്രാദേശിക, അന്തർദേശീയ വിഷയങ്ങൾ ചർച്ച ചെയ്തു.

ഗാസയിൽ വെടിനിർത്തൽ കരാർ കൈവരിക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കേണ്ടതിൻ്റെ ആവശ്യകതയും അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി സാധാരണക്കാർക്ക് പൂർണ സംരക്ഷണം നൽകേണ്ടതിൻ്റെ ആവശ്യകതയും ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു. ഗാസയിലെ വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യത്തെ അടിയന്തിരമായി അഭിസംബോധന ചെയ്യേണ്ടതിൻ്റെയും അന്താരാഷ്ട്ര മാനുഷിക സംഘടനകൾ വഹിക്കുന്ന പങ്കിനെ പിന്തുണയ്ക്കുന്നതിൻ്റെയും പ്രാധാന്യവും അവർ ആവർത്തിച്ചു.

എല്ലാവർക്കും സുസ്ഥിരതയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന്, ദ്വിരാഷ്ട്ര പരിഹാരത്തിൽ വേരൂന്നിയ, നീതിപൂർവകവും സമഗ്രവുമായ സമാധാനത്തിലേക്കുള്ള വ്യക്തമായ രാഷ്ട്രീയ പാത സ്ഥാപിക്കേണ്ടതിൻ്റെ പ്രാധാന്യം യോഗത്തിൽ ഇരുനേതാക്കളും എടുത്തുകാണിച്ചു. മിഡിൽ ഈസ്റ്റ് മേഖലയിൽ സംഘർഷം വ്യാപിക്കുന്നത് തടയാൻ നയതന്ത്രത്തിൻ്റെയും സംഭാഷണത്തിൻ്റെയും ആവശ്യകതയും യോഗം ഊന്നിപ്പറഞ്ഞു.

എല്ലാവരുടെയും വികസനവും സമൃദ്ധിയും കൈവരിക്കുന്നതിന് സമാധാനപരമായ സഹവർത്തിത്വവും സഹകരണവും പ്രോത്സാഹിപ്പിക്കുക എന്ന ഇരു രാജ്യങ്ങളുടെയും ദീർഘകാല നയത്തിന് അടിവരയിടുന്ന, പ്രാദേശിക സ്ഥിരതയ്ക്കായി കൂട്ടായ അറബ് ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത ഇരു നേതാക്കളും പ്രസ്താവിച്ചു.

യോഗ നടപടികൾക്ക് ശേഷം യുഎഇ രാഷ്ട്രപതിയെയും, പ്രതിനിധി സംഘത്തേയും രാജാവ് അബ്ദുല്ല II ബിൻ അൽ ഹുസൈൻ ഉച്ചഭക്ഷണം വിരുന്നൊരുക്കി സത്കരിച്ചു.

WAM/അമൃത രാധാകൃഷ്ണൻ