അബുദാബി, 6 ഫെബ്രുവരി 2024 (WAM) --യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസിൽ നിന്ന് ഒരു ഫോൺ കോൾ ലഭിച്ചു. യുഎഇയും ഐക്യരാഷ്ട്രസഭയും തമ്മിലുള്ള സഹകരണത്തിൻ്റെ വിവിധ വശങ്ങൾ നേതാക്കൾ ചർച്ച ചെയ്തു.
മിഡിൽ ഈസ്റ്റിലെ സാഹചര്യങ്ങളിലും ഗാസ മുനമ്പിലെ സംഭവവികാസങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് യുഎഇ രാഷ്ട്രപതിയും, മിസ്റ്റർ ഗുട്ടെറസും പരസ്പര താൽപ്പര്യമുള്ള നിരവധി പ്രാദേശിക, അന്തർദേശീയ വിഷയങ്ങൾ ചർച്ച ചെയ്തു. ഉടനടി വെടിനിർത്തൽ കൊണ്ടുവരാനും സിവിലിയൻ ജീവൻ സംരക്ഷിക്കാനും മാനുഷിക സഹായങ്ങൾ നൽക്കാനും, സുരക്ഷിതവും സുസ്ഥിരവുമായ വിതരണം ഉറപ്പാക്കാനും സംയുക്ത അന്താരാഷ്ട്ര നടപടിയുടെ ആവശ്യകത ഇരുപക്ഷവും ഊന്നിപ്പറഞ്ഞു. പ്രാദേശിക അസ്ഥിരത വർദ്ധിക്കുന്നത് തടയാനും ദ്വി-രാഷ്ട്ര പരിഹാരത്തിലൂടെ മേഖലയിലെ ജനങ്ങൾക്ക് സമാധാനത്തിലേക്കുള്ള പാത പിന്തുടരാനുമുള്ള ശ്രമങ്ങളും ആഹ്വാനത്തിൽ ഉൾപ്പെടുന്നു.
സംഭാഷണത്തിനിടയിൽ, ഗാസ മുനമ്പിലെ ഐക്യരാഷ്ട്രസഭയുടെ മാനുഷിക ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധത യുഎഇ രാഷ്ട്രപതി ആവർത്തിച്ചു, വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾക്കിടയിൽ നിവാസികളുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുന്നതിനും അവരുടെ അടിയന്തിര ആവശ്യങ്ങൾ പരിഹരിക്കുന്നതിനും യോഗം ഊന്നൽ നൽകി. ഗാസയിൽ അരങ്ങേറുന്ന മാനുഷിക പ്രതിസന്ധി കൂടുതൽ വഷളാക്കുന്നത് തടയാൻ നിശ്ചയദാർഢ്യമുള്ള അന്താരാഷ്ട്ര നടപടിയുടെ പ്രാധാന്യം യുഎഇ രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി.
ഗാസയിൽ യുഎന്നിന്റെ മാനുഷിക പ്രവർത്തനങ്ങക്ക് യുഎഇ നൽകിയ പിന്തുണക്ക് സെക്രട്ടറി ജനറൽ ഗുട്ടെറസ് അഭിനന്ദനം അറിയിച്ചു. അഭയാർത്ഥികൾക്കായുള്ള ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ-പ്രവർത്തന ഏജൻസിയുടെ (UNRWA) ശ്രമങ്ങളെ പിന്തുണയ്ക്കേണ്ടതിൻ്റെ പ്രാധാന്യവും പലസ്തീൻ ജനത കടന്നുപോകുന്ന ദുഷ്കരമായ ഈ സാഹചര്യത്തിൽ ഒരുമിച്ച് പ്രവർത്തിക്കേണ്ടതിൻ്റെ ആവശ്യകതയും ഇരുപക്ഷവും ഊന്നിപ്പറഞ്ഞു.
WAM/അമൃത രാധാകൃഷ്ണൻ