18-ാമത് നബാത്തി കാവ്യോത്സവം ഷാർജ ഭരണാധികാരി ഉദ്ഘാടനം ചെയ്തു

ഷാർജ, 6 ഫെബ്രുവരി 2024 (WAM) -- സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ.ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, സാംസ്കാരിക വകുപ്പ് സംഘടിപ്പിക്കുന്ന ഷാർജ നബാത്തി കാവ്യോത്സവത്തിൻ്റെ 18-ാമത് പതിപ്പ് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 5 മുതൽ 11 വരെ 40 കവികൾ പങ്കെടുക്കുന്ന പരിപാടിയുടെ ഈ പതിപ്പ് കൾച്ചറൽ പാലസിലാണ് നടക്കുക.

അൽ ഹിറ മാഗസിനിൽ പ്രസിദ്ധീകരിച്ച ഏറ്റവും പ്രധാനപ്പെട്ട കവിതകളുടെ അംഗീകാരത്തിനും പ്രോത്സാഹനത്തിനുമായി 'നബാത്തി കവിതയ്ക്കുള്ള അൽ ഹിറ അവാർഡ്' നൽക്കാൻ ഷാർജ ഭരണാധികാരി ഡോ.ശൈഖ് സുൽത്താൻ സാംസ്കാരിക വകുപ്പിന് നിർദ്ദേശം നൽകി.വകുപ്പ് പ്രതിമാസം പുറത്തിറക്കുന്ന മാസികയുടെ ഓരോ ലക്കത്തിൽ നിന്നും ഒരു കവിത തിരഞ്ഞെടുക്കും, തിരഞ്ഞെടുക്കുന്ന കവിതകളുടെ എണ്ണം ഈ വർഷം മുതൽ 12 ആയി ഉയർത്തും.

പ്രാദേശിക, അറബ് തലങ്ങളിൽ ഏറെ ആസ്വാദകരുള്ള നബാത്തി കവിതകളുടെ രചന പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പ്രോത്സാഹനമാണ് കവികളെ ആദരിക്കുന്നത്.

സലേഹ് ബിൻ അസീസ് അൽ മൻസൂരി, നൈമ ബിൻ താലിത്ത് എന്നിവരുടെ ജീവതത്തെ ആസ്പദമാക്കിയ വീഡിയോ ചടങ്ങിൽ പ്രദർശിപ്പിച്ചു. നബാതി കവിതയിലെ അവരുടെ യാത്രയും, സാഹിത്യ ജീവിതവും ഏറ്റവും പ്രശസ്തമായ നിരവധി കവിതകളുടെ കാവ്യാത്മക വായനയും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

തുടർന്ന് അൽ ഹിറ ലിറ്റററി കൗൺസിൽ ഡയറക്ടർ കവി ബുട്ടി അൽ മസ്‌ലൂം കാവ്യോത്സത്തിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കവിതകൾ അവതരിപ്പിച്ചു.

കാവ്യോത്സത്തിൻ്റെ ആദ്യ ദിനമായ ഇന്നലെ, ജനങ്ങൾക്ക് മികച്ച ജീവിത നിലവാരം പ്രദാനം ചെയ്യുന്ന ഷാർജ ഭരണാധികാരിയുടെ മികച്ച ഭരണരീതികളും, എമിറേറ്റിൻ്റെ നേട്ടങ്ങളെക്കുറിച്ചും പ്രകീർത്തിക്കുന്ന രണ്ട്‌ കവിതകൾ സൗദി അറേബ്യയിൽ നിന്നുള്ള അബ്ദുൽ അസീസ് സുലൈമാൻ അൽ ഫദ്ഗൂഷ്, യുഎഇയിൽ നിന്നുള്ള മുഹമ്മദ് ബിൻ ഹമ്മദ് അൽ കാബി എന്നീ കവികൾ അവതരിപ്പിച്ചു.

ഷാർജ ഭരണാധികാരി കാവ്യോത്സവത്തിന്റെ 18-ാമത് പതിപ്പിൽ കവികളായ സാലിഹ് ബിൻ അലി അൽ മൻസൂരി, നൈമ ഖലീഫ ബിൻ താലിത്ത് എന്നിവർക്ക് പ്രശംസാപത്രങ്ങളും സ്മരണിക ഷീൽഡുകളും നൽകി ആദരിച്ചു.

ഷാർജ ഭരണാധികാരിയുടെ ഓഫീസ് ചെയർമാൻ ശൈഖ് സലേം ബിൻ അബ്ദുൽറഹ്മാൻ ബിൻ സലേം അൽ ഖാസിമി, സാംസ്കാരിക വകുപ്പ് ചെയർമാൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഒവൈസ്, ഷാർജ സർക്കാർ നിയമ വകുപ്പ് ചെയർമാൻ മൻസൂർ ബിൻ മുഹമ്മദ് ബിൻ നാസർ, പ്രോട്ടോക്കോൾ ഡിപ്പാർട്ട്‌മെൻ്റ് ചെയർമാനായ മുഹമ്മദ് ഉബൈദ് അൽ സാബി, നിരവധി ഉദ്യോഗസ്ഥരും കവികളും കവിതാപ്രേമികളും തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

WAM/അമൃത രാധാകൃഷ്ണൻ