ദേശീയ നിയമനിർമ്മാണ പദ്ധതി അവലോകനം ചെയ്ത് മുഹമ്മദ് ബിൻ റാഷിദിൻ്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം

അബുദാബി, 2024 ഫെബ്രുവരി 6,(WAM)--ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ അധ്യക്ഷതയിൽ അബുദാബിയിലെ കാസർ അൽ വതാനിൽ ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും രാഷ്ട്രപതി കോടതിയുടെ ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, യുഎഇയുടെ ധനകാര്യ മന്ത്രിയും ദുബായുടെ ആദ്യ ഉപഭരണാധികാരിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനൻ്റ് ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുടെ സാന്നിധ്യത്തിൽ യുഎഇ മന്ത്രിസഭാ യോഗം ചേർന്നു.

“ഞാൻ യുഎഇ കാബിനറ്റ് യോഗത്തിന് അധ്യക്ഷത വഹിച്ചു. യോഗം രാജ്യത്തിൻ്റെ നിയമനിർമ്മാണ പദ്ധതി അവലോകനം ചെയ്തു. കഴിഞ്ഞ വർഷം സാമ്പത്തിക, ബാങ്കിംഗ്, വിദ്യാഭ്യാസം,ആരോഗ്യം, സർക്കാർ നിയന്ത്രണ മേഖലകൾ തുടങ്ങിയ മേഖലകളിലായി 73-ലധികം ഫെഡറൽ നിയമനിർമ്മാണങ്ങൾ പൂർത്തീകരിച്ചു. യൂണിയൻ സ്ഥാപിതമായതിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിയമനിർമ്മാണ സംഖ്യയാണിത്," ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.

1500-ലധികം വിദഗ്ദ്ധരടങ്ങുന്ന 50 സർക്കാർ ടീമുകളും ഈ പദ്ധതി നടപ്പിലാക്കുന്നതിൽ പങ്കെടുത്തതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

"ഞങ്ങളുടെ നിയമങ്ങൾ അപ്‌ഡേറ്റ് ചെയ്യാനും, വഴക്കമുള്ളതും, ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ്സ് അന്തരീക്ഷം ഉറപ്പാക്കുന്നതുമായ മാറ്റങ്ങൾക്ക് അനുയോജ്യമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം," ശൈഖ് മുഹമ്മദ് ബിൻ റാഷിദ് കൂട്ടിച്ചേർത്തു.

“ഇന്ന്, ഞങ്ങൾ യുഎഇയിലെ പ്രാബല്യത്തിലുള്ള നിയമങ്ങൾ സമന്വയിപ്പിച്ച് ലെജിസ്ലേഷൻ പ്ലാറ്റ്‌ഫോം (www.uaelegislation.gov.ae) ഒരു പ്ലാറ്റ്‌ഫോം ആരംഭിച്ചു. ഇതിൽ 1971ൽ രാജ്യം സ്ഥാപിതമായത് മുതൽ പുറപ്പെടുവിച്ച എല്ലാ ഫെഡറൽ നിയമനിർമ്മാണങ്ങളും ഉത്തരവുകളും എക്സിക്യൂട്ടീവ് നിയന്ത്രണങ്ങളും തീരുമാനങ്ങളും ഉൾപ്പെടുന്നു. പൊതുജനങ്ങൾക്ക് ആക്‌സസ് ചെയ്യാവുന്ന പ്ലാറ്റ്‌ഫോമിൽ അറബി, ഇംഗ്ലീഷ് ഭാഷകളിൽ വിവരങ്ങൾ ലഭ്യമാക്കിയിട്ടുണ്ട് . കൂടാതെ വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധർക്ക് നിലവിലുള്ള നിയമനിർമ്മാണത്തിൽ ഇൻപുട്ട് നൽകാനും അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും നിർദ്ദേശങ്ങളും നിരീക്ഷണങ്ങളും വാഗ്ദാനം ചെയ്യുന്നതിലൂടെ നിയമനിർമ്മാണ പ്രക്രിയയിൽ പങ്കെടുക്കാനും കഴിയുമെന്ന്," ശൈഖ് മുഹമ്മദ് പറഞ്ഞു.

"സർക്കാരിൻ്റെ സുതാര്യത പ്രോത്സാഹിപ്പിക്കുക, സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ പങ്കാളിത്തവും ഇടപഴകലും വർദ്ധിപ്പിക്കുക, ആഗോളതലത്തിൽ ഏറ്റവും മികച്ച നിയമനിർമ്മാണ അന്തരീക്ഷത്തിൻ്റെ പദവി നിലനിർത്തുക എന്നിവയാണ് ഞങ്ങളുടെ ലക്ഷ്യം", അദ്ദേഹം കൂട്ടിച്ചേർത്തു.

“യുഎഇ കാബിനറ്റ് അജണ്ടയിൽ പുതിയ നിയമപാലന സൂചകത്തിന് ഞങ്ങൾ അംഗീകാരം നൽകി. നിയമങ്ങൾ നടപ്പിലാക്കുന്നതും നിക്ഷേപകർ, പൗരന്മാർ, താമസക്കാർ, അല്ലെങ്കിൽ പ്രത്യേക ഗ്രൂപ്പുകൾ എന്നിവയിൽ അവയുടെ സ്വാധീനവും വിലയിരുത്തുന്നതും ഇതിൽ ഉൾപ്പെടുന്നു. നിയമങ്ങളുടെ സ്വാധീനം അളക്കുക, ആവശ്യമെങ്കിൽ അവ പുതുക്കുക, എല്ലാവർക്കും തുല്യമായ പ്രയോഗം ഉറപ്പാക്കുക എന്നിവയാണ് ഇതുകൊണ്ട് ലക്ഷ്യം വെക്കുന്നത്," ശൈഖ് മുഹമ്മദ് ബിൻ റാഷിദ് പറഞ്ഞു.

യുഎഇയുടെ നിയമങ്ങളിലും നടപടിക്രമങ്ങളിലും ഒരു ആഗോള സമീപനം സ്ഥാപിച്ചിട്ടുണ്ടെന്നും അവയുടെ
സുതാര്യത നന്നായി സ്ഥാപിതമാണെന്നും നിയമവാഴ്ച ഒരു പ്രധാന മുൻഗണനയായി തുടരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

“ഇന്ന്, മന്ത്രിസഭയിൽ ഞങ്ങൾ ‘ശാസ്ത്രം, സാങ്കേതികവിദ്യ, നവീകരണ നയം’ അംഗീകരിച്ചു. ഊർജ പരിവർത്തനം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, ജലസുരക്ഷ, സാങ്കേതികവിദ്യ, സൈബർ സുരക്ഷ, ഉൽപ്പാദനം എന്നിവ ഉൾപ്പെടെ ആറ് പ്രധാന മേഖലകൾ ദേശീയ നയം ഉൾക്കൊള്ളുന്നു. ഗവേഷണ-വികസന പ്രോഗ്രാമുകളിൽ നിക്ഷേപിക്കുന്നത് നമ്മുടെ ജിഡിപിയുടെ മൂല്യം വർദ്ധിപ്പിക്കുകയും നമ്മുടെ ഭാവി തലമുറയ്ക്ക് അവസരങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യും," ശൈഖ് മുഹമ്മദ് പറഞ്ഞു.

"യുഎഇയിലെ സ്ത്രീകൾക്ക് രോഗശാന്തി, പ്രതിരോധം, പുനരധിവാസ സേവനങ്ങൾ എന്നിങ്ങനെ ഉയർന്ന ആരോഗ്യ പരിരക്ഷാ സേവനങ്ങൾ നൽകുന്നുവെന്ന് ഉറപ്പാക്കാൻ 'സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ദേശീയ നയം' ഞങ്ങൾ അംഗീകരിച്ചു, സ്ത്രീകളുടെ ആരോഗ്യത്തിന് മുൻഗണന നൽകുന്ന ഏറ്റവും മികച്ച അന്തരീക്ഷം രാജ്യത്ത് വളർത്തിയെടുക്കുന്നതിനും ആരോഗ്യ ഗവേഷണത്തിന് നേതൃത്വം നൽകുന്നതിനും എല്ലാ സർക്കാർ, സ്വകാര്യ മേഖലകളും ഒരുമിച്ച് പ്രവർത്തിക്കും," ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ഉപസംഹരിച്ചു.

ദേശീയ നിയമനിർമ്മാണ പദ്ധതി അവലോകനം

വിവിധ മേഖലകളെ ഉൾക്കൊള്ളുന്ന 73 ഫെഡറൽ നിയമങ്ങൾ പുറപ്പെടുവിക്കുന്നത് ഉൾപ്പെട്ട 2023 ലെ ദേശീയ നിയമനിർമ്മാണ പദ്ധതി യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂ, അവലോകനം ചെയ്തു,

പുതിയതോ പുതുക്കിയതോ ആയ നിയമനിർമ്മാണം നടപടിക്രമങ്ങൾ കൂടുതൽ സുഗമമാക്കുകയും സേവനങ്ങൾ സ്വീകരിക്കുന്നതിനുള്ള ആവശ്യകതകൾ കുറയ്ക്കുകയും വിവിധ സുപ്രധാന മേഖലകളുമായി ബന്ധപ്പെട്ട ബിസിനസ്സും പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അവർ ഫെഡറൽ, ലോക്കൽ ഗവൺമെൻ്റ് സ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനവും മെച്ചപ്പെടുത്തി.1500-ലധികം വിദഗ്ദ്ധരും, ഫെഡറൽ, പ്രാദേശിക സർക്കാരിൽ നിന്നും സ്വകാര്യ മേഖലകളിൽ നിന്നുമുള്ള 50 ടീമുകളും നിയമനിർമ്മാണ പദ്ധതി നടപ്പിലാക്കുന്നതിൽ പങ്കാളികളായി.


WAM/അമൃത രാധാകൃഷ്ണൻ