ദുബായ്, 2024 ഫെബ്രുവരി 6,(WAM)-- സാങ്കേതിക വിദ്യയിലെ പരിഹാരങ്ങൾ നവീകരിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ ചർച്ച ചെയ്യുന്നതിനും ലോകമെമ്പാടുമുള്ള സാങ്കേതിക നേതാക്കളെ ഒരുമിച്ചു കൊണ്ടുവരാനുള്ള വേദിയൊരുക്കുകയാണ് ലോക ഗവൺമെൻ്റ് ഉച്ചകോടിയുടെ (ഡബ്ല്യുജിഎസ് 2024) ഭാഗമായി നടക്കുന്ന 'ഉത്തരവാദിത്തമുള്ള എഐ ഫോറം'.
ഈ അടുത്ത കാലങ്ങളിലായി ഡിജിറ്റൽ ലോകത്ത് വളരെയധികം സ്വീകാര്യതയാണ് എഐക്ക് ലഭിക്കുന്നത്. എന്നിരുന്നാലും ഈ നൂതന സാങ്കേതികവിദ്യ വരുത്തിയേക്കാവുന്ന വിപത്തുകളെക്കുറിച്ചു ഉത്കണഠയിലാണ് ലോകം ഇന്നും. ഈ പ്രതിസന്ധിയെ മറികടക്കുന്നത്തിനായി അന്താരാഷ്ട്ര ശ്രമങ്ങൾ ഊർജിതമാക്കാനും ലോകത്തെ എല്ലാ രാജ്യങ്ങളിലെയും സാങ്കേതിക നേതാക്കൾ തമ്മിലുള്ള സംയോജനം പ്രോത്സാഹിപ്പിക്കാനും ഉച്ചകോടി ലക്ഷ്യമിടുന്നു.
ഫോറത്തിൽ സർക്കാർ ഉദ്യോഗസ്ഥർ, വിദഗ്ധർ, ഫ്യൂച്ചറിസ്റ്റുകൾ, സംരംഭകർ എന്നിവരടങ്ങുന്ന സംഘം പങ്കെടുക്കും. ഫെബ്രുവരി 12 മുതൽ 14 വരെ ദുബായിൽ ഉച്ചകോടിയുടെ ഭാഗമായാണ് ഫോറം സംഘടിപ്പിക്കുന്നത്. രാഷ്ട്രത്തലവന്മാർ, ഗവൺമെൻ്റ് തലവൻമാർ, 80 ലധികം അന്താരാഷ്ട്ര, പ്രാദേശിക സംഘടനകൾ, 120 സർക്കാർ പ്രതിനിധികൾ, വിവിധ മേഖലയിലെ വിദഗ്ധരും ഫോറത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
23-ലധികം മന്ത്രിതല യോഗങ്ങൾക്കും 300-ലധികം മന്ത്രിമാർ പങ്കെടുക്കുന്ന എക്‌സിക്യൂട്ടീവ് സെഷനുകൾക്കും പുറമെ 200 ആഗോള വ്യക്തികൾ സംസാരിക്കുന്ന 110-ലധികം പ്രധാന സംഭാഷണങ്ങളിലും സംവേദനാത്മക സെഷനുകളിലും ഉച്ചകോടി എഐയുടെ ഭാവിയിലെ പ്രധാന പ്രവണതകൾ ചർച്ച ചെയ്യും.
സർക്കാരുകളെയും നയതന്ത്രപ്രമുഖരേയും മനുഷ്യജീവിതവുമായും സമൂഹങ്ങളുടെ ഭാവിയുമായും ഏറ്റവും അടുത്ത ബന്ധമുള്ള മേഖലകളിൽ ഒരുമിച്ച് കൊണ്ടുവരുന്ന അസാധാരണമായ ഒരു പ്രമുഖ പ്ലാറ്റ്‌ഫോമാണ് ഉച്ചകോടിയെന്ന് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഡിജിറ്റൽ ഇക്കണോമി, റിമോട്ട് വർക്ക് ആപ്ലിക്കേഷനുകൾ എന്നിവയുടെ സഹമന്ത്രിയും ഡബ്ല്യുജിഎസ് വൈസ് ചെയർമാനുമായ ഒമർ സുൽത്താൻ അൽ ഒലാമ പറഞ്ഞു.
ഈ മേഖലയുടെ ഭാവിയും സമൂഹങ്ങളുടെ നന്മയ്ക്കായി അത് ഉപയോഗപ്പെടുത്താൻ കഴിവുള്ള ഉപകരണങ്ങളും ഉത്തരവാദിത്ത എഐ ഫോറത്തിലൂടെ ഉച്ചകോടി പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഈ സാങ്കേതിക വിദ്യയുടെ ഉപയോഗങ്ങൾ നിയന്ത്രിക്കുന്നതിനും ആവശ്യമായ നിയമനിർമ്മാണം വികസിപ്പിക്കുന്നതിനും വിവിധ മേഖലകളിലെ വികസനത്തിനും സമഗ്രമായ വികസന പ്രക്രിയകൾക്കും പിന്തുണ നൽകുന്ന ജനറേറ്റീവ് എഐ സൊല്യൂഷനുകളിൽ നിന്ന് പ്രയോജനം നേടുന്നതിനുമുള്ള വഴികളിൽ ഫോറം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ലോകമെമ്പാടുമുള്ള നൂതന സാങ്കേതിക മേഖലകളിലെ വിദഗ്ധരുടെയും സംരംഭകരുടെയും വിപുലമായ പങ്കാളിത്തത്തിന് എഐ ഫോറം സാക്ഷ്യം വഹിക്കും.
WAM/അമൃത രാധാകൃഷ്ണൻ