അവാർഡ് ഫോർ ഹ്യൂമൻ ഫ്രറ്റേണിറ്റി; അവാർഡ് ദാന ചടങ്ങിൽ മുഖ്യാതിഥിയായി അബ്ദുല്ല ബിൻ സായിദ്

അബുദാബി, 2024 ഫെബ്രുവരി 06, (WAM) -- യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ രക്ഷാകർതൃത്വത്തിൽ നടന്ന സായിദ് അവാർഡ് ഫോർ ഹ്യൂമൻ ഫ്രറ്റേണിറ്റി ചടങ്ങിൽ യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു.

'ടെയിൽസ് ഓഫ് ലൈറ്റ്' എന്ന പ്രമേയത്തിൽ തിങ്കളാഴ്ച വൈകുന്നേരം സ്ഥാപക സ്മാരകത്തിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ, ടിമോർ രാഷ്‌ട്രപതി ജോസ് റാമോസ്-ഹോർട്ട; ഇന്തോനേഷ്യ ഉപരാഷ്ട്രപതി മഅ്റൂഫ് അമീൻ, സഹിഷ്ണുതാ സഹവർത്തിത്വകാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ; ഊർജ, അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്‌റൂയി, സഹമന്ത്രി ശൈഖ് ശഖ്ബൂത് ബിൻ നഹ്യാൻ അൽ നഹ്യാൻ; സഹമന്ത്രി നൂറ ബിൻത് മുഹമ്മദ് അൽ കാബി, സഹമന്ത്രി അഹമ്മദ് അലി അൽ സയേഗ്, പ്രസിഡൻഷ്യൽ കോടതിയിലെ ഇൻ്റർനാഷണൽ അഫയേഴ്സ് ഓഫീസ് മേധാവി മറിയം ബിൻത് മുഹമ്മദ് അൽംഹെരി, യുഎഇ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് കമ്മ്യൂണിറ്റി ഡെവലപ്‌മെൻ്റ് ചെയർമാൻ മുഗീർ അൽ ഖൈലി; അബുദാബി സാംസ്കാരിക ടൂറിസം വകുപ്പ് ചെയർമാൻ മുഹമ്മദ് അൽ മുബാറക്; യുഎഇ നാഷണൽ മീഡിയ ഓഫീസ് ചെയർമാൻ ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ ബുട്ടി അൽ ഹമദ്, കൂടാതെ നിരവധി മുതിർന്ന ഉദ്യോഗസ്ഥർ, അംബാസഡർമാർ, അവാർഡിൻ്റെ ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങൾ, അന്താരാഷ്ട്ര നേതാക്കൾ എന്നിവർ പങ്കെടുത്തു.


2019 ഫെബ്രുവരി 4-ന് അബുദാബിയിൽ മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള രേഖയിൽ ഒപ്പുവച്ചതിൻ്റെ അംഗീകാരമായി ഐക്യരാഷ്ട്രസഭ ഏകകണ്ഠമായി ഒരു അന്താരാഷ്ട്ര ദിനമായി പ്രഖ്യാപിച്ച അന്താരാഷ്ട്ര മനുഷ്യ സാഹോദര്യ ദിനാചരണത്തോടനുബന്ധിച്ച് അവാർഡ് ദാന ചടങ്ങ് നടന്നത്.

ഇന്തോനേഷ്യൻ മാനുഷിക സംഘടനകളായ നഹ്‌ദലത്തുൽ ഉലമയും മുഹമ്മദിയ; ലോകപ്രശസ്ത കാർഡിയാക് സർജൻ പ്രൊഫസർ സർ മഗ്ദി യാക്കൂബ്; ചിലിയൻ എൻജിഒ സ്ഥാപകയായ സിസ്റ്റർ നെല്ലി ലിയോൺ കൊറിയ എന്നിവർ 2024-ലെ ഹ്യൂമൻ ഫ്രറ്റേണിറ്റിക്കുള്ള സായിദ് അവാർഡിന് അർഹരായി.

പ്രാദേശികവും അന്തർദേശീയവുമായ തലങ്ങളിൽ ഐക്യദാർഢ്യം, സമഗ്രത, നീതി, ശുഭാപ്തിവിശ്വാസം എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിനും സമാധാനപരമായ സഹവർത്തിത്വത്തിലേക്കുള്ള വഴിത്തിരിവുകൾ സൃഷ്ടിക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന ലോകമെമ്പാടുമുള്ള വ്യക്തികളെയും സംഘടനകളെയും അവാർഡ് ആദരിക്കുന്നു.


ചടങ്ങിൽ കത്തോലിക്കാ സഭയുടെ തലവനായ ഫ്രാൻസിസ് മാർപാപ്പ; അൽ അസ്ഹറിലെ ഗ്രാൻഡ് ഇമാം ഡോ.അഹമ്മദ് അൽ തയെബ്, ഇന്തോനേഷ്യൻ രാഷ്‌ട്രപതി ജോക്കോ വിഡോഡോ, ചിലി വിദേശകാര്യ മന്ത്രി ആൽബെർട്ടോ വാൻ ക്ലാവറൻ സ്റ്റോർക്ക് എന്നിവയുടെ വീഡിയോ സന്ദേശങ്ങളും പ്രസിദ്ധീകരിച്ചു. ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ഇസ്‌ലാമിക സംഘടനകളായ നഹ്‌ദലത്തുൽ ഉലമയും മുഹമ്മദിയ്യയും മാനുഷിക, സമാധാന പ്രവർത്തനങ്ങൾക്ക് അവാർഡ് നേടി.

ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതികൾ എന്നിവ സുഗമമാക്കുന്നതിലെ അവരുടെ സമർപ്പിത ശ്രമങ്ങളിലൂടെ, ഇന്തോനേഷ്യൻ കമ്മ്യൂണിറ്റി അംഗങ്ങളെയും ലോകമെമ്പാടുമുള്ള മറ്റ് ദുർബലരായ ജനങ്ങളെയും ഇരു സംഘടനകളും ഗണ്യമായി സഹായിച്ചിട്ടുണ്ട്.

ഏറ്റവും ദുർബലരായ ആളുകൾക്ക് വൈദ്യസഹായം ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾക്ക് സർ മഗ്ദി യാക്കൂബിനെ ആദരിച്ചു. ഈജിപ്തിലെ മഗ്ദി യാക്കൂബ് ഹാർട്ട് ഫൗണ്ടേഷൻ്റെയും യുകെയിലെ ചെയിൻ ഓഫ് ഹോപ്പ് ചാരിറ്റബിൾ ഓർഗനൈസേഷൻ്റെയും സ്ഥാപകനാണ് അദ്ദേഹം. ആയിരക്കണക്കിന് ആളുകളെ, പ്രത്യേകിച്ച് കുട്ടികളുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർ യാക്കൂബ് സഹായിച്ചിട്ടുണ്ട്.


അദ്ദേഹത്തിൻ്റെ പയനിയറിംഗ് ശസ്ത്രക്രിയാ വിദ്യകൾ ഹൃദയം മാറ്റിവെക്കുന്നതിൽ വിപ്ലവം സൃഷ്ടിച്ചു, കൂടാതെ ബ്രിട്ടീഷ് നൈറ്റ്ഹുഡ്, ഗ്രാൻഡ് ഓർഡർ ഓഫ് നൈൽ, എലിസബത്ത് രാജ്ഞിയുടെ ഓർഡർ ഓഫ് മെറിറ്റ് എന്നിവയുൾപ്പെടെ നിരവധി ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

മദർ നെല്ലി എന്നറിയപ്പെടുന്ന സിസ്റ്റർ നെല്ലി കൊറിയ, ജയിലിൽ കഴിയുന്ന സ്ത്രീകൾക്ക് പരിചരണം നൽകുന്നതിനും അടുത്തിടെ മോചിതരായവരെ അവരുടെ കമ്മ്യൂണിറ്റികളിൽ പുനരധിവസിപ്പിക്കുന്നതിനുമായി ഫൗണ്ടേഷൻ ഫണ്ടാസിയോൺ മുജർ ലെവൻ്റേറ്റ് (വുമൺ സ്റ്റാൻഡിംഗ് അപ്പ് ഫൗണ്ടേഷൻ) വഴി പ്രവർത്തിക്കുന്നു. മാനുഷിക സാഹോദര്യത്തിൻ്റെ തത്ത്വങ്ങളിൽ പ്രതിബദ്ധതയുള്ള അവർ, മോചിതരായാൽ പോകാൻ ഒരിടവുമില്ലാത്ത വനിതാ തടവുകാർക്ക് താൽക്കാലിക അഭയം നൽകുന്നു.


“മനുഷ്യ സാഹോദര്യത്തിനായുള്ള സായിദ് അവാർഡ് 2024 നേടിയവർ, മാനവികതയുടെ പുരോഗതിക്കും സമാധാനപരമായ സഹവർത്തിത്വത്തിൻ്റെ പ്രോത്സാഹനത്തിനുമുള്ള അവരുടെ ഏകീകൃത പ്രതിബദ്ധതയ്ക്ക് അംഗീകാരം നൽകുന്നു. എല്ലാ മനുഷ്യരാശിയുടെയും സേവനത്തിൽ വിവിധ മതങ്ങളിൽപ്പെട്ട ആളുകൾക്കിടയിൽ ഫലപ്രദമായ സഹകരണത്തിൽ നിന്ന് ഉത്ഭവിച്ച സംരംഭങ്ങൾ ഏറ്റെടുക്കാൻ അവരുടെ മാതൃക മറ്റുള്ളവർക്ക് പ്രചോദനം നൽകിയിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു," ഈ അവസരത്തിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.


"ഈ അവാർഡ് അതിൻ്റെ വിജയകരമായ തുടർച്ചയ്ക്ക് - സർവ്വശക്തനായ ദൈവത്തിനു ശേഷം - അറബികളുടെ ബഹുമാനപ്പെട്ട വ്യക്തിത്വമായ അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നു. സാഹോദര്യത്തിൻ്റെയും ആഗോള സമാധാനത്തിൻ്റെയും സംസ്‌കാരം പ്രചരിപ്പിക്കുന്നതിൽ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൻ്റെ ശുഷ്‌കാന്തിയുള്ള ശ്രമങ്ങളെയും നിരന്തര സമീപനത്തെയും ഇത് പ്രതിഫലിപ്പിക്കുന്നു." അൽ-അസ്ഹറിൻ്റെ ഗ്രാൻഡ് ഇമാം ഡോ. അഹമ്മദ് അൽ തയീബ് പറഞ്ഞു.


“ഞങ്ങളുടെ 2024-ലെ സ്വതന്ത്ര ജഡ്ജിംഗ് കമ്മിറ്റി പ്രചോദനവും സ്വാധീനവുമുള്ള വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും നൂറുകണക്കിന് നോമിനേഷനുകൾ അവലോകനം ചെയ്തു. സംസ്കാരങ്ങൾ, രാജ്യങ്ങൾ, മേഖലകൾ എന്നിവയിലുടനീളമുള്ള മനുഷ്യ സാഹോദര്യത്തിൻ്റെ യഥാർത്ഥ ചാമ്പ്യന്മാരാണ് ഈ വർഷത്തെ ബഹുമതികൾ. ഈ അവാർഡ് യഥാർത്ഥത്തിൽ ഒരു ആഗോള സംരംഭമായും മാനുഷിക സാഹോദര്യത്തിൻ്റെ മൂല്യങ്ങൾ ഉയർത്തുന്നതിനുള്ള സുപ്രധാന വേദിയായും മാറിയെന്ന് ഈ വർഷത്തെ ബഹുമതികൾ തെളിയിക്കുന്നു." ഹ്യൂമൻ ഫ്രറ്റേണിറ്റിക്കുള്ള സായിദ് അവാർഡ് സെക്രട്ടറി ജനറൽ ജഡ്ജി മുഹമ്മദ് അബ്ദുൽസലാം പറഞ്ഞു.


“മനുഷ്യ സാഹോദര്യത്തിനുള്ള 2024-ലെ സായിദ് അവാർഡ്, സഹ ഇന്തോനേഷ്യൻ സംഘടനയായ മുഹമ്മദിയ്യയ്‌ക്കൊപ്പം ലഭിച്ചതിൽ നഹ്‌ദ്‌ലത്തുൽ ഉലമ ബഹുമാനിക്കുന്നു. ഈ നിമിഷം ഇന്തോനേഷ്യയിലെ ജനങ്ങളെയും ലോകമെമ്പാടുമുള്ള സുമനസ്സുകളെയും ഒന്നിപ്പിക്കുന്നു. 121 ദശലക്ഷത്തിലധികം അംഗങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ ഇസ്‌ലാമിക സംഘടന എന്ന നിലയിൽ ഞങ്ങളുടെ മാനുഷികവും സമാധാനം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളും തുടരാൻ ഈ അവാർഡ് ഞങ്ങളെ പ്രാപ്തരാക്കും." ഇന്തോനേഷ്യയിലെ നഹ്‌ദലത്തുൽ ഉലമ ചെയർമാൻ ശൈഖ് യഹ്‌യ ചോലിൽ സ്താഖുഫ് പറഞ്ഞു.


“പ്രാദേശിക, ദേശീയ, അന്തർദേശീയ തലങ്ങളിൽ മാനുഷിക പങ്ക് വഹിക്കുന്നതിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നത് തുടരാൻ ഞങ്ങൾ കൂടുതൽ ഉത്സാഹഭരിതരാണ്. ഈ സായിദ് അവാർഡ് ലോകത്തിലെ മനുഷ്യ സാഹോദര്യ പ്രസ്ഥാനത്തിന് വളരെ പ്രധാനപ്പെട്ടതും അർത്ഥവത്തായതുമാണ്. നമുക്ക് ഈ ഭൂമിയിൽ ഒറ്റയ്ക്ക് ജീവിക്കാൻ കഴിയില്ലെന്നും ആത്മാർത്ഥവും ആധികാരികവുമായ സാഹോദര്യത്തിൽ ഒരുമിച്ചായിരിക്കണമെന്നും എല്ലാ മനുഷ്യരുടെയും ഹൃദയങ്ങളിൽ അവബോധം വളർത്തുന്നതിനുള്ള ഒരു പ്രേരണയാണിത്." മുഹമ്മദിയ്യ ജനറൽ ചെയർമാൻ ഡോ.ഹെദർ നാഷിർ പറഞ്ഞു.


“എല്ലാവരോടും നീതിയോടും സത്യസന്ധതയോടും പെരുമാറാനും ആളുകൾക്കിടയിൽ വിവേചനം കാണിക്കാതിരിക്കാനും ലോകമെമ്പാടുമുള്ള ആളുകളെ ഒന്നിപ്പിക്കുന്ന ഈ മഹത്തായ ഉദ്യമത്തിൽ ഒരു ചെറിയ പങ്കാളിയാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. ഞങ്ങളുടെ പങ്കിട്ട ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ഹ്യൂമൻ ഫ്രറ്റേണിറ്റി ടീമിനുള്ള സായിദ് അവാർഡിനൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു." ലോകപ്രശസ്ത കാർഡിയാക് സർജൻ പ്രൊഫസർ സർ മഗ്ദി യാക്കൂബ് പറഞ്ഞു.

“അബുദാബിയിൽ നിന്ന് 14,000 കിലോമീറ്ററിലധികം അകലെ ചിലിയിലെ സാൻ്റിയാഗോയിലെ വനിതാ ജയിലിൽ തടവുകാർ ഇപ്പോൾ ഈ ചടങ്ങിൽ ഞങ്ങളെ അനുഗമിക്കുന്നുണ്ട്. എനിക്ക് അവാർഡ് ലഭിച്ചുവെന്നറിഞ്ഞപ്പോൾ, അവരും വിജയികളായി തോന്നി. അവർക്ക് വേണ്ടി, അവരുടെ മക്കൾക്ക് വേണ്ടി, അവരുടെ കുടുംബത്തിന് വേണ്ടി പ്രവർത്തിക്കാൻ ഈ അവാർഡ് നമുക്ക് ഒരു പുതിയ പ്രചോദനമാകും," ലെവൻ്റെ വുമൺ ഫൗണ്ടേഷൻ(വുമൺ സ്റ്റാൻഡിംഗ് അപ്പ് ഫൗണ്ടേഷൻ) പ്രസിഡൻ്റും സഹസ്ഥാപകയുമായ സിസ്റ്റർ നെല്ലി ലിയോൺ കൊറിയ പറഞ്ഞു.