ദേശീയ മയക്കുമരുന്ന് വിരുദ്ധ ചാർട്ടർ പുറത്തിറക്കി യുഎഇ ആൻ്റി നാർകോട്ടിക് കൗൺസിൽ

അബുദാബി, 7 ഫെബ്രുവരി 2024 (WAM) --മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിൽ യുഎഇയുടെ നയങ്ങളെ മുൻനിർത്തി യുഎഇ ആൻ്റി നാർക്കോട്ടിക് കൗൺസിൽ ദേശീയ മയക്കുമരുന്ന് വിരുദ്ധ ചാർട്ടർ പുറത്തിറക്കി.ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്. ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിലുള്ള കൗൺസിലിൻ്റെ 2024ലെ ഉദ്ഘാടന യോഗത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടന്നത്.

സർക്കാർ പ്രതിനിധികൾ, ബന്ധപ്പെട്ട പങ്കാളികൾ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ 2024-2026 വർഷത്തെ ഫലങ്ങൾ വിലയിരുത്തുന്നതിനുള്ള 51 പ്രകടന സൂചകങ്ങൾ ഉൾക്കൊള്ളുന്ന ദേശീയ പദ്ധതികൾക്ക് കൗൺസിൽ അംഗീകാരം നൽകി.

കൗൺസിലിനു കീഴിലുള്ള ദേശീയ കമ്മിറ്റികൾ നയിക്കുന്ന ഈ സംരംഭങ്ങൾ, മന്ത്രാലയങ്ങളിലും ഫെഡറൽ, തദ്ദേശ സ്ഥാപനങ്ങളിലും മയക്കുമരുന്നിന് എതിരെയുള്ള രാജ്യത്തിൻ്റെ ശ്രമങ്ങൾ വേഗത്തിലാക്കാൻ ലക്ഷ്യമിടുന്നു. യുഎഇ ഗവൺമെൻ്റിൻ്റെ ഇൻ്റഗ്രേറ്റീവ് ഇൻസ്റ്റിറ്റ്യൂഷണൽ ഡോക്ട്രിനുമായി യോജിച്ച് മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ ദേശീയോദ്ഗ്രഥനത്തിൻ്റെ ചാർട്ടറും കൗൺസിൽ സ്വീകരിച്ചു. കൂടാതെ, സുരക്ഷിതമായ സമൂഹങ്ങൾക്കായി നവീകരണവും മത്സരശേഷിയും വളർത്തിയെടുക്കുന്നതിൽ അവരുടെ പങ്ക് ഊന്നിപ്പറഞ്ഞുകൊണ്ട് മയക്കുമരുന്ന് വിരുദ്ധ പ്രോത്സാഹന സംവിധാനം ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള ചർച്ചകളും നടന്നു.

നാഷണൽ ഗാർഡിൻ്റെ കമാൻഡർ മേജർ ജനറൽ ഹംദാൻ അഹമ്മദ് അൽ-സെയൂദി; ആരോഗ്യ-പ്രതിരോധ മന്ത്രാലയം അണ്ടർ സെക്രട്ടറി മുഹമ്മദ് സലിം അൽ ഒലാമ, മാനവ വിഭവശേഷി മന്ത്രാലയ അണ്ടർ സെക്രട്ടറി ഐഷ മുഹമ്മദ് അഹമ്മദ് ബെൽഹാർഫിയ, വിദ്യാഭ്യാസ മന്ത്രാലയത്തിലെ നിയന്ത്രണ വിഭാഗത്തിൻ്റെ അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി ശൈഖ ഖുലൂദ് സഖർ അൽ ഖാസിമി, സാമൂഹിക വികസന മന്ത്രാലയത്തിലെ സാമൂഹികക്ഷേമ അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി നാസർ ഇസ്മായിൽ മുറാദ്, ഫെഡറൽ നാർക്കോട്ടിക് കൺട്രോൾ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ സെയ്ദ് അബ്ദുല്ല അൽ സുവൈദി, യുഎഇ മീഡിയ കൗൺസിൽ സെക്രട്ടറി ജനറൽ മുഹമ്മദ് സഈദ് അൽ ഷെഹി, ആഭ്യന്തര മന്ത്രാലയത്തിലെ ഫെഡറൽ ഡ്രഗ് കൺട്രോൾ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ അബ്ദുൾ റഹ്മാൻ മുഹമ്മദ് അൽ ഒവൈസ്, എമിറേറ്റ്‌സ് ഫൗണ്ടേഷൻ ഫോർ സ്‌കൂൾ എജ്യുക്കേഷനിലെ എക്‌സിക്യൂട്ടീവ് ഡയറക്ടർ എഞ്ചിനീയർ സുലൈമാൻ സലേം അൽ കാബി, യുഎഇ സർക്കാരിൻ്റെ സൈബർ സുരക്ഷാ കൗൺസിലിൽ നിന്നുള്ള ഡോ. നാസർ അൽ ഖത്രി; യുഎഇ സെൻട്രൽ ബാങ്ക് ഫോർ ബാങ്കിംഗ് സൂപ്പർവിഷൻ ആൻഡ് ഇൻഷുറൻസ് അസിസ്റ്റൻ്റ് ഗവർണർ അഹമ്മദ് സയീദ് അൽ ഖംസി, സുപ്രീം കൗൺസിൽ ഫോർ നാഷണൽ സെക്യൂരിറ്റി മതർ ഹുമൈദ് അൽ നെയാദി, നാഷണൽ ഫണ്ട് ഫോർ സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഡയറക്ടർ നോഹ മുഹമ്മദ് അൽ ഹർമൂദി, നീതിന്യായ മന്ത്രാലയത്തിൽ നിന്നുള്ള ജഡ്ജി അഹമ്മദ് സയീദ് അൽ നഖ്ബി; സുൽത്താൻ ഇബ്രാഹിം ഹമദ് അബ്ദുൾ റഹ്മാൻ അൽ നുഐമി; മേജർ ഹമീദ് അബ്ദുൾ റഹ്മാൻ അൽ ഷെഹി; ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള മേജർ മുഹമ്മദ് സുൽത്താൻ അൽ ഷംസിയും യോഗത്തിൽ സന്നിഹിതരായിരുന്നു.

WAM/അമൃത രാധാകൃഷ്ണൻ