ജനന-മരണ സർട്ടിഫിക്കറ്റുകളുടെ ഡിജിറ്റൽ സാക്ഷ്യപ്പെടുത്തൽ എളുപ്പമാക്കി വിദേശകാര്യ മന്ത്രാലയം

ദുബായ്, 2024 ഫെബ്രുവരി 07, (WAM) -- ആരോഗ്യ മേഖലയുമായുള്ള സഹകരണം ശക്തിപ്പെടുത്തുക, സർക്കാർ നടപടിക്രമങ്ങൾ ഏകീകരിക്കുക എന്നീ ലക്ഷ്യങ്ങളോടെ, ആരോഗ്യ-പ്രതിരോധ മന്ത്രാലയവും (MoHAP) എമിറേറ്റ് ഹെൽത്ത് സർവ്വീസസും (ഇഎച്ച്എസ്) നൽകുന്ന ഡിജിറ്റൽ ജനന സർട്ടിഫിക്കറ്റ്, മരണ സർട്ടിഫിക്കറ്റ് സേവനങ്ങളും ഡോക്യുമെൻ്റ് അറ്റസ്റ്റേഷൻ സേവനവും ഇലക്ട്രോണിക് രീതിയിൽ സംയോജിപ്പിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു.

ഈ നടപടി ഉപഭോക്താക്കൾക്ക് മൂന്ന് സർക്കാർ ഇടപാടുകൾ ഒരു നടപടിക്രമത്തിലൂടെയും ഏകീകൃത ഇലക്ട്രോണിക് വിൻഡോയിലൂടെയും പൂർത്തിയാക്കാൻ സഹായിക്കുന്നു.

ലോകമെമ്പാടുമുള്ള ഇത്തരത്തിലുള്ള ആദ്യ സംരംഭം, സജീവവും ഉൾക്കൊള്ളുന്നതുമായ ഡിജിറ്റൽ ഭാവിയിലേക്കുള്ള യുഎഇയുടെ കാഴ്ചപ്പാടുമായി ഒത്തുചേരുന്നു, കൂടാതെ പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആരംഭിച്ച സീറോ ഗവൺമെൻ്റ് ബ്യൂറോക്രസി പ്രോഗ്രാമിൻ്റെ ലക്ഷ്യങ്ങൾ നിറവേറ്റുകയും ചെയ്യുന്നു.

ജനന സർട്ടിഫിക്കറ്റുകൾ, മരണ സർട്ടിഫിക്കറ്റുകൾ എന്നിവയ്ക്കായി ഓൺലൈനായി അപേക്ഷിക്കുന്ന ഉപഭോക്താക്കൾക്ക് ഇപ്പോൾ, രണ്ട് സ്ഥാപനങ്ങളുടെയും വെബ്സൈറ്റുകളും വെവ്വേറെ സന്ദർശിക്കാതെ, പങ്കാളി സ്ഥാപനങ്ങളുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ചെക്ക്ഔട്ടിൽ വിദേശകാര്യ മന്ത്രാലയത്തിന്‍റെ സാക്ഷ്യപ്പെടുത്തൽ നേടാനും അവരുടെ ലക്ഷ്യരാജ്യത്ത് യുഎഇ മിഷൻ സാക്ഷ്യപ്പെടുത്തിയ രേഖകൾ ഒറ്റയടിക്ക് തിരഞ്ഞെടുക്കാനും കഴിയും.

സംയുക്ത പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും സർക്കാർ സേവനങ്ങൾ വികസിപ്പിക്കുന്നതിനും മികച്ച ഉപഭോക്തൃ അനുഭവം വാഗ്ദാനം ചെയ്യുന്നതിനും, സിസ്റ്റങ്ങൾക്കിടയിൽ ഡാറ്റയുടെ തടസ്സങ്ങളില്ലാതെ കൈമാറ്റം ചെയ്യുന്നതിനുമായി ഫെഡറൽ, പ്രാദേശിക സർക്കാർ സ്ഥാപനങ്ങളുമായി വിദേശകാര്യ മന്ത്രാലയം പങ്കാളിത്തം സ്ഥാപിച്ചു.

ആഗോളതലത്തിൽ ഇത്തരത്തിലുള്ള ആദ്യത്തേതായി കണക്കാക്കപ്പെടുന്ന ഈ സംരംഭം, ഏകീകൃത സമീപനത്തിന് അടിവരയിടുകയും, സംയോജിതവും സുരക്ഷിതവുമായ ഡിജിറ്റൽ അറ്റസ്റ്റേഷൻ സേവനങ്ങളുടെ ലഭ്യത മുഴുവൻ സമയവും ഉറപ്പാക്കുകയും, അതുവഴി ഡിജിറ്റൽ നവീകരണത്തിലും ഭരണത്തിലും യുഎഇയുടെ മുൻനിര പദവിക്ക് ഗണ്യമായ സംഭാവന നൽക്കുകയും ചെയ്യുന്നു.

WAM/അമൃത രാധാകൃഷ്ണൻ