ലോക ഗവൺമെൻ്റ് ഉച്ചകോടി 2024 അജണ്ടയുടെ വിശദാംശങ്ങൾ പ്രഖ്യാപിച്ചു

ദുബായ്, 8 ഫെബ്രുവരി 2024 (WAM) -- ഈ മാസം 12 നും 14 നും ഇടയിൽ ദുബായിൽ നടക്കുന്ന വേൾഡ് ഗവൺമെൻ്റ് ഉച്ചകോടിയുടെ (ഡബ്ല്യൂജിഎസ്) 11-ാമത് പതിപ്പിൻ്റെ അജണ്ട വേൾഡ് ഗവൺമെൻ്റ് സമ്മിറ്റ് ഓർഗനൈസേഷൻ അധികൃതർ പ്രഖ്യാപിച്ചു.

'ഭാവി ഗവൺമെൻ്റുകളെ രൂപപ്പെടുത്തുക' എന്ന പ്രമേയത്തിന് കീഴിൽ, ഈ വർഷത്തെ ഉച്ചകോടി ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഭാവി അവസരങ്ങളും വെല്ലുവിളികളും ഉച്ചകോടി ചർച്ച ചെയ്യും. സർക്കാർ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ലോകമെമ്പാടുമുള്ള ഗവൺമെൻ്റുകൾക്കിടയിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ള ഒരു പൊതു സമീപനം മുന്നോട്ട് വെക്കുന്നതാണ് ഡബ്ല്യൂജിഎസ് അജണ്ട. കൂടാതെ, വിവിധ മേഖലകളിലെ അറിവും വൈദഗ്ധ്യവും പങ്കിടുന്നതിലും സർക്കാർ ജോലികളിൽ പ്രചോദനാത്മകമായ മാതൃകകൾ ഉയർത്തിക്കാട്ടുന്നതിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കും.

ആഗോള തലത്തിലെ ഭാവി പ്രവണതകളെയും മാറ്റങ്ങളെയും അഭിസംബോധന ചെയ്യുന്നതിനും പ്രാദേശികമായും ആഗോളതലത്തിലും സഹകരണം വളർത്തിയെടുക്കുന്നതിനുള്ള വഴികൾ ത്രിദിന ഉച്ചകോടി പര്യവേക്ഷണം ചെയ്യും. പരിപാടിയിൽ സംസാരിക്കുകയും പങ്കെടുക്കുകയും ചെയ്യുന്ന രാഷ്ട്രത്തലവന്മാരിൽ തുർക്കി രാഷ്ട്രപതി റജബ് തയ്യിപ് എർദോഗൻ; ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി; റുവാണ്ട രാഷ്‌ട്രപതി പോൾ കഗാമെ; കെനിയയുടെ രാഷ്‌ട്രപതി വില്യം റൂട്ടോ, കൂടാതെ കിർഗിസ് രാഷ്‌ട്രപതി സദിർ ജപറോവ്, മഡഗാസ്‌കർ രാഷ്‌ട്രപതി ആൻഡ്രി രാജോലിന, മാലിദ്വീപ് രാഷ്‌ട്രപതി ഡോ. മുഹമ്മദ് മുയിസു, മൗറീഷ്യസ് രാഷ്‌ട്രപതി പൃഥ്വിരാജ് സിംഗ് രൂപൻ, സീഷെൽസ് രാഷ്‌ട്രപതി വേവൽ രാംകലവൻ എന്നിവർ പ്ലീനറി സെഷനുകളിൽ സംസാരിക്കും.

യുഎഇ രാഷ്ട്രാപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ കാഴ്ചപ്പാടും ഭാവി രൂപപ്പെടുത്തുന്നതിലും നല്ല മാറ്റം വളർത്തുന്നതിലും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയും, ഉപരാഷ്ട്രാപതി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ നിർദേശങ്ങളും ഉച്ചകോടി പ്രതിഫലിപ്പിക്കുന്നുവെന്ന് കാബിനറ്റ് കാര്യ മന്ത്രിയും വേൾഡ് ഗവൺമെൻ്റ് സമ്മിറ്റ് ഓർഗനൈസേഷൻ ചെയർമാനുമായ മുഹമ്മദ് അബ്ദുല്ല അൽ ഗെർഗാവി പറഞ്ഞു.

“ലോക ഗവൺമെൻ്റ് ഉച്ചകോടി 2024 ആഗോള സംഭവവികാസങ്ങളെക്കുറിച്ച് പൊതുവായ കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുന്നതിനും നിർണായക വികസനത്തിനും മാനുഷിക ആശങ്കകൾക്കും ഫലപ്രദമായ പരിഹാരങ്ങൾ കൊണ്ടുവരുന്നതിനും മികച്ച അവസരം നൽകുന്നു. ഭാവിയിലെ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനും സാമൂഹിക സ്ഥിരത വർദ്ധിപ്പിക്കുന്നതിനും അനുഭവങ്ങൾ കൈമാറുന്നതിനും ഭാവി തലമുറയുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുമുള്ള സജീവമായ തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള ഒരു ആഗോള പ്ലാറ്റ്‌ഫോമായി ഇത് പ്രവർത്തിക്കുന്നു.
25-ലധികം രാഷ്ട്രത്തലവന്മാർ, 120 ഗവൺമെൻ്റ് പ്രതിനിധികൾ, 85-ലധികം അന്താരാഷ്ട്ര, പ്രാദേശിക സംഘടനകൾ, സ്ഥാപനങ്ങൾ, ചിന്തകരായ നേതാക്കൾ, വിദഗ്ധർ തുടങ്ങിയവരടക്കം 4,000 പേർ പങ്കെടുക്കുന്നു. ഉച്ചകോടിയുടെ ഈ പതിപ്പിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്, മന്ത്രി കൂട്ടിച്ചേർത്തു.

15 ആഗോള ഫോറങ്ങളിലൂടെയും 110-ലധികം സംവേദനാത്മക സംഭാഷണങ്ങളിലൂടെയും സെഷനുകളിലൂടെയും ആറ് പ്രധാന പ്രമേയങ്ങൾ ഡബ്ല്യൂജിഎസ് ഉൾക്കൊള്ളുന്നു. രാഷ്‌ട്രപതിമാരും മന്ത്രിമാരും ഉൾപ്പെടെ 200-ലധികം പ്രമുഖ പ്രഭാഷകർ, 300-ലധികം മന്ത്രിമാരെ സ്വാഗതം ചെയ്യുന്ന 23 മന്ത്രിതല യോഗങ്ങൾക്കും എക്‌സിക്യൂട്ടീവ് സെഷനുകൾക്കുമൊപ്പം അവരുടെ സ്ഥിതിവിവരക്കണക്കുകൾ പങ്കിടും.

പ്രധാന മേഖലകളിലുടനീളമുള്ള നിർണായക പ്രവർത്തനങ്ങളും പ്രവണതകളും ഉൾക്കൊള്ളുന്ന 25 ഓളം റിപ്പോർട്ടുകൾ ഉച്ചകോടി അവതരിപ്പിക്കും. ഈ റിപ്പോർട്ടുകൾ ഫോറങ്ങൾ, മന്ത്രിതല യോഗങ്ങൾ, അറിവ് പങ്കിടൽ സെഷനുകൾ എന്നിവ ഉൾക്കൊള്ളുന്നു. കൂടാതെ, ഉച്ചകോടിയുടെ വരാനിരിക്കുന്ന പതിപ്പ് ലോകമെമ്പാടുമുള്ള മന്ത്രിമാരെ നിർണായക ആഗോള പ്രശ്‌നങ്ങളിൽ അവരുടെ ആശയങ്ങൾ പങ്കിടാനും ഒരുമിച്ച് പരിഹാരങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സഹകരിക്കാൻ ക്ഷണിക്കുകയും, ആഗോള മന്ത്രിമാരുടെ സർവേ ആരംഭിക്കുകയും ചെയ്യും.

അറബ് ഫിസ്‌കൽ ഫോറം, ഡേ സീറോയിൽ, മാക്രോ ഇക്കണോമിക് സംഭവവികാസങ്ങളും സാധ്യതകളും, ഊർജ്ജ അനുബന്ധ പരിഷ്‌കരണങ്ങളും സാമൂഹിക സുരക്ഷാ വലകളും, മറ്റ് പ്രസക്തമായ വിഷയങ്ങൾക്കൊപ്പം പൊതു ആസ്തികളിൽ നിന്ന് മൂല്യം സൃഷ്ടിക്കുന്നതും ചർച്ച ചെയ്യും. ഉദ്ഘാടന സെഷനിൽ ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ട് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവ സദസ്സിനെ അഭിസംബോധന ചെയ്യും.

യുവ നേതാക്കൾക്കായുള്ള അറബ് യോഗം, വേൾഡ് ബാങ്ക് ഗ്രൂപ്പ് മിനിസ്റ്റീരിയൽ എക്‌സ്‌പീരിയൻസ് എക്‌സ്‌ചേഞ്ച്, അറബ് യുവ മന്ത്രിമാരുമൊത്തുള്ള മന്ത്രിതല റൗണ്ട് ടേബിൾ എന്നിവയാണ് ഡേ സീറോയിലെ മറ്റ് പ്രധാന പരിപാടികൾ.

ഫ്യൂച്ചർ ഓഫ് വർക്ക് ഫോറം, ഫ്യൂച്ചർ ഓഫ് മൊബിലിറ്റി ഫോറം എന്നിവയ്ക്ക് കീഴിലുള്ള വിവിധ സെഷനുകളും, സുസ്ഥിര ധനകാര്യം പ്രോത്സാഹിപ്പിക്കുന്നതിലൂടെ കാലാവസ്ഥ പ്രവർത്തനത്തെക്കുറിച്ചുള്ള മന്ത്രിതല വട്ടമേശ, ഫാമിലി ബിസിനസ് റൗണ്ട് ടേബിൾ, ശാസ്ത്രീയ കണ്ടെത്തലുകളും ആപ്ലിക്കേഷനുകളും അഭിസംബോധന ചെയ്യുന്ന റൗണ്ട് ടേബിൾ എന്നിവയും ആദ്യ ദിവസം കാണും.

രണ്ടാം ദിവസം ജിയോ ടെക്‌നോളജി ആൻഡ് പോളിസി ഫോറം, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഫോറം, ഗവൺമെൻ്റ് എക്‌സ്‌പീരിയൻസ് എക്‌സ്‌ചേഞ്ച് ഫോറം, ആക്ഷൻ ഫോറത്തിലെ എസ്‌ഡിജികൾ, ഗവൺമെൻ്റ് സർവീസസ് ഫോറം, അറബ് പബ്ലിക് അഡ്മിനിസ്‌ട്രേഷൻ ഫോറം, ഇൻഡസ്ട്രി ആൻഡ് അഡ്വാൻസ്ഡ് ടെക്‌നോളജി ഫോറം എന്നിവ നടക്കും.ഉച്ചകോടിയിൽ ചർച്ച ചെയ്യുന്ന വിഷയങ്ങൾ എഐ വെല്ലുവിളികളും അവസരങ്ങളും മുതൽ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയിലൂടെ ഡീകാർബണൈസേഷൻ വരെയുള്ള വ്യത്യസ്ത
വിഷയങ്ങൾ ഉൾപ്പെടുന്നു.

ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനൻ്റ് ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ ഉച്ചകോടിക്കിടെ ഒരു പ്രധാന സെഷനിൽ സംസാരിക്കും. ക്രിയേറ്റീവ് വ്യവസായങ്ങൾക്കായുള്ള പുതിയ സർക്കാർ കാഴ്ചപ്പാടിനെക്കുറിച്ചുള്ള സെഷനിൽ ദുബായ് കൾച്ചർ ആൻഡ് ആർട്‌സ് അതോറിറ്റി ചെയർപേഴ്‌സൺ ശൈഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും പങ്കെടുക്കും.
ഉയർന്നുവരുന്ന വിപണികളിലെ സുസ്ഥിര നിക്ഷേപത്തിനായുള്ള തന്ത്രങ്ങൾ ഉച്ചകോടിയുടെ അവസാന ദിനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലകളിൽ ഉൾപ്പെടുന്നു.

എമർജിംഗ് എക്കണോമിസ് ഫോറം, ഫ്യൂച്ചർ ഓഫ് സ്‌പേസ് ഫോറം, ഗ്ലോബൽ ഹെൽത്ത് ഫോറം, ഫ്യൂച്ചർ ഓഫ് എജ്യുക്കേഷൻ ഫോറം, ഉത്തരവാദിത്തമുള്ള എഐ, ഡിജിറ്റൽ പരിവർത്തനം എന്നിവയെ അഭിസംബോധന ചെയ്യുന്ന മറ്റ് വിഷയങ്ങളും നിരവധി റൗണ്ട് ടേബിളുകളും മറ്റു പരിപാടികളും ഉൾപ്പെടുന്നു.

ലോകത്തിലെ ഏറ്റവും മികച്ച മന്ത്രി, ദുബായ് ഇൻ്റർനാഷണൽ ഫോർ ബെസ്റ്റ് സസ്‌റ്റെയ്‌നബിൾ ഡെവലപ്‌മെൻ്റ് പ്രാക്ടീസ്, ക്രിയേറ്റീവ് ഗവൺമെൻ്റ് ഇന്നൊവേഷൻസ് അവാർഡ്, മികച്ച ഗവൺമെൻ്റ് ആപ്ലിക്കേഷനുകൾക്കുള്ള ഗ്ലോബൽ അവാർഡ്, ഗ്ലോബൽ ഗവൺമെൻ്റ് എക്‌സലൻസ് അവാർഡ് തുടങ്ങി നിരവധി ആഗോള അവാർഡുകളും ഉച്ചകോടിയിൽ സമ്മാനിക്കും.


WAM/അമൃത രാധാകൃഷ്ണൻ