അബുദാബി, 2024 ഫെബ്രുവരി 10, (WAM) -- സൊമാലിയയിൽ നടന്ന ഭീകരാക്രമണത്തിൽ യുഎഇ സായുധ സേനയിലെ മൂന്ന് അംഗങ്ങളും ബഹ്‌റൈൻ പ്രതിരോധ സേനയിലെ ഒരു ഉദ്യോഗസ്ഥനും രക്തസാക്ഷിത്വം വരിക്കുകയും മറ്റ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുഎഇ പ്രതിരോധ മന്ത്രാലയം (MoD) അറിയിച്ചു. യുണൈറ്റഡ് അറബ് എമിറേറ്റ്‌സും സൊമാലിയയും തമ്മിലുള്ള ഉഭയകക്ഷി കരാറിൻ്റെ ഭാഗമായി സോമാലിയൻ സായുധ സേനയെ പരിശീലിപ്പിക്കാനുള്ള സൈനിക സഹകരണത്തിൽ ഏർപ്പെട്ടവരാണ് രക്തസാക്ഷികളായ സൈനികർ.
രക്തസാക്ഷികളുടെ മേൽ കാരുണ്യം വർഷിക്കാൻ സർവ്വശക്തനായ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതായും അവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നതായും, അതോടൊപ്പം പരിക്കേറ്റവർ വേഗത്തിൽ സമ്പൂർണ്ണ സുഖം പ്രാപിക്കെട്ടെയന്ന് ആശംസിക്കുന്നതായും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
സൈനികരുടെ മരണത്തിനിടയാക്കിയ ഭീകരപ്രവർത്തനം അന്വേഷിക്കുന്നതിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സ് സോമാലിയൻ സർക്കാരുമായി ഏകോപിപ്പിക്കുകയും സഹകരിക്കുകയും ചെയ്യുന്നതായി മന്ത്രാലയം കൂട്ടിച്ചേർത്തു.