അബുദാബി, 2024 ഫെബ്രുവരി 14, (WAM) -- യുഎഇ സന്ദർശനത്തിനായി അബുദാബിയിൽ എത്തിച്ചേർന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎഇ ഔദ്യോഗിക സ്വീകരണമൊരുക്കി. സന്ദർശന വേളയിൽ ദുബായിൽ നടക്കുന്ന ലോക ഗവൺമെൻ്റ് ഉച്ചകോടി 2024-ൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഔദ്യോഗിക അതിഥിയായി അദ്ദേഹം പരിപാടിയിൽ പങ്കെടുക്കും.
അബുദാബിയിലെ പ്രസിഡൻഷ്യൽ എയർപോർട്ടിൽ എത്തിയ ഇന്ത്യൻ പ്രധാനമന്ത്രിയെ യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിച്ചു.
യുഎഇയുടെയും ഇന്ത്യയുടെയും ദേശീയ ഗാനങ്ങൾ ആലപിച്ചുകൊണ്ടും, ഔദ്യോഗിക സൈനിക സ്വീകരണത്തോടെയും ഇന്ത്യൻ പ്രധാനമന്ത്രിയെ യുഎഇ സ്വാഗതം ചെയ്തു.
ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ; അബുദാബി ഡെപ്യൂട്ടി ഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശൈഖ് തഹ്നൂൻ ബിൻ സായിദ് അൽ നഹ്യാൻ; ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനൻ്റ് ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ, ശൈഖ് ഹമദ് ബിൻ സായിദ് അൽ നഹ്യാൻ; പ്രസിഡൻഷ്യൽ കോടതിയിലെ ഓഫീസ് ഓഫ് ഡെവലപ്‌മെൻ്റ് ആൻഡ് രക്തസാക്ഷി കുടുംബകാര്യങ്ങളുടെ ചെയർമാൻ ശൈഖ് തെയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ; പ്രസിഡൻഷ്യൽ കോടതിയിലെ പ്രത്യേക കാര്യ ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ; ദേശീയ സുരക്ഷാ സുപ്രീം കൗൺസിൽ സെക്രട്ടറി ജനറൽ അലി ബിൻ ഹമ്മദ് അൽ ഷംസി;യുഎഇ രാഷ്ട്രപതിയുടെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷ്, ധനകാര്യ സഹമന്ത്രി മുഹമ്മദ് ഹാദി അൽ ഹുസൈനി, രാജ്യാന്തര സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി, ഊർജ, അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്‌റൂയി, നിക്ഷേപ മന്ത്രി മുഹമ്മദ് ഹസൻ അൽ സുവൈദി, എക്‌സിക്യൂട്ടീവ് അഫയേഴ്‌സ് അതോറിറ്റി ചെയർമാനും എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗവുമായ ഖൽദൂൻ ഖലീഫ അൽ മുബാറക്; യുഎഇ സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് മുഹമ്മദ് സലേം ബാലാമ അൽ തമീമി കൂടാതെ ഇന്ത്യയിലെ യുഎഇ അംബാസഡർ ഡോ. അബ്ദുൾ നാസർ അൽ ഷാലി, നിരവധി യുഎഇ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യൻ പ്രധാനമന്ത്രിയെ അനുഗമിക്കുന്ന പ്രതിനിധി സംഘത്തിൽ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കറും നിരവധി മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.
WAM/അമൃത രാധാകൃഷ്ണൻ