നേതൃത്വ പിന്തുണയാൽ യുഎഇ-ഇന്ത്യ ബന്ധം തുടർച്ചയായ പുരോഗതി കൈവരിക്കുന്നു: സുഹൈൽ അൽ മസ്‌റൂയി

അബുദാബി, 2024 ഫെബ്രുവരി 13, (WAM) -- മൂല്യങ്ങളും പരസ്പര താൽപര്യങ്ങളും വർധിപ്പിക്കുന്ന ശക്തമായ ബന്ധങ്ങളാൽ ഇരു രാജ്യങ്ങളും ബന്ധിക്കപ്പെട്ടിരിക്കുന്നതിനാൽ ഇന്ത്യ യുഎഇയുടെ പ്രധാന പങ്കാളിയാണെന്ന് ഊർജ, അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്റൂയി പറഞ്ഞു. വിവിധ മേഖലകളിൽ, പ്രത്യേകിച്ച് ഊർജം, അടിസ്ഥാന സൗകര്യങ്ങൾ, ഗതാഗതം, ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളിൽ സഹകരണം തുടരാൻ ഇരുരാജ്യങ്ങളും എപ്പോഴും താൽപ്പര്യപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനത്തോടനുബന്ധിച്ച് എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ, ഇരു രാജ്യങ്ങളും പങ്കിട്ട കാഴ്ചപ്പാടുകളെയും തന്ത്രങ്ങളെയും പിന്തുണയ്ക്കുക, ഐക്യം വർദ്ധിപ്പിക്കുക, വിവിധ മേഖലകളിൽ സുസ്ഥിര വികസനം കൈവരിക്കുക എന്നിങ്ങനെ യുഎഇ-ഇന്ത്യ ബന്ധം പുതിയതും വാഗ്ദാനപ്രദവുമായ ചക്രവാളങ്ങളിലേക്ക് ശക്തിപ്പെടുത്തുന്നതിന് സന്ദർശനം സംഭാവന ചെയ്യുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.


ഇന്ത്യൻ പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനം ചരിത്രപരമായ ബന്ധങ്ങളുടെയും ഉന്നതതല പരസ്പര സന്ദർശനങ്ങളുടെയും വിപുലീകരണമാണെന്ന് യുഎഇ ഊർജ, അടിസ്ഥാന സൗകര്യ വികസന മന്ത്രി സ്ഥിരീകരിച്ചു, അതിൽ അവസാനത്തേത് യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ സന്ദർശനമായിരുന്നു. കഴിഞ്ഞ ജനുവരിയിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധങ്ങളെക്കുറിച്ചും അവ വികസിപ്പിക്കാനും വിശാലമാക്കാനുമുള്ള വഴികൾ, പ്രത്യേകിച്ച് വികസന തലത്തിൽ, ഇന്ത്യൻ പ്രധാനമന്ത്രിയുമായി ശൈഖ് മുഹമ്മദ് ചർച്ച ചെയ്തു. യുഎഇയെ സംബന്ധിച്ചിടത്തോളം ഇന്ത്യ ഒരു പ്രധാന രാജ്യമാണെന്നും പരസ്പരം ബന്ധം വികസിപ്പിക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.


യുഎഇയിലെ എണ്ണ, വാതക മേഖലയിലെ ഏറ്റവും വലിയ നിക്ഷേപകരിൽ ഇന്ത്യൻ കമ്പനികൾ ഉൾപ്പെടുന്നതിനാൽ, യുഎഇയുടെ ലോകത്തിലെ ഏറ്റവും വലിയ പങ്കാളികളിൽ ഒന്നാണ് രാജ്യം. അതേസമയം ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണക്കാരിൽ 8 ശതമാനം വിഹിതവുമയി അഞ്ചാമത്തെ വലിയ രാജ്യമാണ് യുഎഇ.

പുനരുപയോഗ ഊർജ മേഖലയിൽ ഇരു രാജ്യങ്ങളുടെയും സഹകരണം വർധിപ്പിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളെ പിന്തുണച്ച്, പുനരുപയോഗ ഊർജ പരിഹാരങ്ങൾ, ഗ്രീൻ ഹൈഡ്രജൻ, കാർബൺ എന്നിവയുടെ വിന്യാസം വികസിപ്പിക്കുന്നതിന് പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള പങ്കാളിത്തത്തിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള വഴികൾ പര്യവേക്ഷണം ചെയ്യുക, വിപണികൾ, കാർഷിക മേഖലയിലെ കാര്യക്ഷമതയുടെ നിലവാരം, സുസ്ഥിര ധനസഹായം എന്നിവ ഉയർത്തുക ലക്ഷ്യമിട്ട് യുഎഇയും ഇന്ത്യയും 2022 മെയ് മാസത്തിൽ ഒരു ധാരണാപത്രത്തിൽ ഒപ്പുവെച്ചതായി അൽ മസ്റൂയി വിശദീകരിച്ചു.


ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾക്ക് ഇരുരാജ്യങ്ങളുടെയും നേതൃത്വത്തിൽ വലിയ പിന്തുണയുണ്ടെന്നും ഊർജം പോലുള്ള പുതിയ മേഖലകളെ ഉൾപ്പെടുത്തി സുസ്ഥിര വികസനം കൈവരിക്കുന്നതിനുള്ള സമഗ്ര പങ്കാളിത്തത്തിൻ്റെ കുട വിപുലീകരിക്കുന്നതിനും വൈവിധ്യവത്കരിക്കുന്നതിനുമുള്ള ഒരു പങ്കിട്ട കാഴ്ചപ്പാട് പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഉന്നതതല സന്ദർശനങ്ങൾ വഴി ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് ആക്കം കൂട്ടുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.


WAM/ അമൃത രാധാകൃഷ്ണൻ