ചൊവ്വ ദൗത്യത്തിന് മുന്നോടിയായി ഒരു വർഷത്തെ പരിശീലനത്തിനായി അപേക്ഷകൾ ക്ഷണിച്ച് നാസ

വാഷിംഗ്ടൺ, 2024 ഫെബ്രുവരി 17, (WAM) - ചൊവ്വാ ഗ്രഹത്തിൽ തനിച്ചായാൽ എന്തായിരിക്കും അനുഭവം എന്ന് മനസ്സിലാക്കാൻ അമേരിക്കൻ ബഹിരാകാശ ഏജൻസി രൂപം നൽകുന്ന ഒരു ഒറ്റപ്പെടൽ പരീക്ഷണത്തിൽ പങ്കെടുക്കാൻ സ്വയം സന്നദ്ധരായ വ്യക്തികളെ ക്ഷണിക്കുന്നതായി നാസ ഔദ്യോഗികമായി അറിയിച്ചു.

തിരഞ്ഞെടുക്കപ്പെടുന്ന നാല് വ്യക്തികൾ, ചൊവ്വയിൽ പര്യവേക്ഷണം ചെയ്യാൻ മനുഷ്യരെ പ്രാപ്തമാക്കുന്നതിന് സഹായിക്കുന്ന പദ്ധതികൾക്കായുള്ള ഡാറ്റ ശേഖരിക്കാൻ രൂപകൽപ്പന ചെയ്തിരിക്കുന്ന ഏജൻസിയുടെ അടുത്ത ചൊവ്വ ഉപരിതല ദൗത്യത്തിൽ പങ്കെടുക്കും.

നാസ ചൊവ്വയിൽ നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള രണ്ടാമത്തെ പരീക്ഷണമാണിത്. ആദ്യത്തേത് 2023 ജൂണിൽ ആരംഭിച്ചു.

സിഎച്ച്എപിഇഎ (ക്രൂ ഹെൽത്ത് ആന്‍റ് പെർഫോമൻസ് എക്‌സ്‌പ്ലോറേഷൻ അനലോഗ്) എന്ന് വിളിക്കപ്പെടുന്ന മൂന്ന് ഗ്രൗണ്ട് അധിഷ്ഠിത ദൗത്യങ്ങളിൽ രണ്ടാമത്തേത് 2025-ൽ ആരംഭിക്കും.

ഹൂസ്റ്റണിലെ നാസയുടെ ജോൺസൺ സ്‌പേസ് സെൻ്ററിൽ 1,700 ചതുരശ്ര അടി വിസ്തീർണമുള്ള 3ഡി പ്രിൻ്റഡ് ബേസിൽ ജോലി ചെയ്യുകയും ഒരുമിച്ച് താമസിക്കുകയും ചെയ്യുന്നതാണ് ദൗത്യങ്ങളിൽ ഉൾപ്പെടുന്നത്.

മാർസ് ഡ്യൂൺ ആൽഫ എന്ന് വിളിക്കപ്പെടുന്ന ബേസ്, വിഭവങ്ങളുടെ ദൗർലഭ്യം, ഉപകരണങ്ങളുടെ പരാജയങ്ങൾ, ആശയവിനിമയ കാലതാമസം, മറ്റ് സമ്മർദ്ദകരമായ സാഹചര്യങ്ങൾ എന്നിങ്ങനെ ദൗത്യത്തിനിടെ ക്രൂ അംഗങ്ങൾ അഭിമുഖീകരിക്കുന്ന യതാർത്ഥ വെല്ലുവിളികളെ അനുകരിക്കുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

2025-ൽ ആരംഭിക്കുന്ന രണ്ടാമത്തെ സിഎച്ച്എപിഇഎ ദൗത്യത്തിനായുള്ള അപേക്ഷകൾ ഏപ്രിൽ 2 വരെ സ്വീകരിക്കുന്നതാണ്.

30-നും 55-നും ഇടയിൽ പ്രായമുള്ള ആരോഗ്യമുള്ള, പുകവലിക്കാത്ത ഇംഗ്ലീഷിൽ പ്രാവീണ്യമുള്ള യുഎസ് പൗരന്മാർക്കാണ് യോഗ്യത. അതോടൊപ്പം അതുല്യവും സാഹസികതകൾക്കായുള്ള ശക്തമായ ആഗ്രഹവും ആദ്യത്തെ മനുഷ്യ യാത്രയ്ക്ക് തയ്യാറെടുക്കാൻ നാസയുടെ പ്രവർത്തനങ്ങളിൽ സംഭാവന നൽകാനുള്ള താൽപ്പര്യവും ഉണ്ടായിരിക്കണം.

ക്രൂ അംഗങ്ങൾക്ക് എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ്, ബയോളജിക്കൽ, ഫിസിക്കൽ അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് പോലുള്ള ഒരു സ്റ്റെം ഫീൽഡിൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. അതോടൊപ്പം കുറഞ്ഞത് രണ്ട് വർഷത്തെ പ്രൊഫഷണൽ സ്റ്റെം പ്രവർത്തന പരിചയം അല്ലെങ്കിൽ കുറഞ്ഞത് 1,000 മണിക്കൂർ വിമാനം പൈലറ്റിംഗ് പരിചയവും ഉണ്ടായിരിക്കണം.