അബുദാബി, 19 ഫെബ്രുവരി 2024 (WAM) --ഗാർഹിക പീഡനങ്ങൾക്കെതിരെ മൂന്ന് മാസം നീണ്ടു നിൽക്കുന്ന ബോധവൽക്കരണ കാമ്പയിന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെൻ്റിൻ്റെ (എഡിജെഡി) സെൻ്റർ ഫോർ ലീഗൽ ആൻഡ് കമ്മ്യൂണിറ്റി അവയർനസ് തുടക്കമിട്ടു.
'അക്രമം... കുടുംബ സ്ഥിരതയുടെ അന്ത്യം' എന്ന കാമ്പയിൻ ഗാർഹിക പീഡനത്തിനെതിരായ വിവിധ പ്രതിരോധ നടപടികളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുക, ദോഷഫലങ്ങൾ ഉയർത്തിക്കാട്ടുക, കുടുംബാവകാശങ്ങളെ കടമകളെ കുറിച്ച് ബോധവൽക്കരിക്കുക, കുറ്റവാളികൾക്കുള്ള ശിക്ഷകൾക്ക് അടിവരയിടുക തുടങ്ങിയ വിഷയങ്ങൾ ബോധവത്കരിക്കാൻ ലക്ഷ്യമിടുന്നു.
പ്രതിരോധ നടപടികളിലൂടെ സമൂഹത്തെ സംരക്ഷിക്കുന്നതിൽ കേന്ദ്രത്തിൻ്റെ നിർണായക പങ്ക് എഡിജെഡി അണ്ടർസെക്രട്ടറി കൗൺസിലർ യൂസഫ് സയീദ് അൽ അബ്രി ഊന്നിപ്പറഞ്ഞു. ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനും എഡിജെഡി ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ്റെ നിർദ്ദേശങ്ങൾക്കനുസൃതമായി ശരിയായ പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനും നിയമം ഉറപ്പുനൽകുന്ന അവകാശങ്ങൾ ഉയർത്തിക്കാട്ടുന്നതിനുമുള്ള നിയമപരവും സാമൂഹികവുമായ അവബോധം വർദ്ധിപ്പിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.
ആധുനിക സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിച്ച്, തന്ത്രപരവും ദേശീയവുമായ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി കേന്ദ്രം സാമൂഹ്യ മാധ്യമങ്ങളിലും ഒന്നിലധികം പ്ലാറ്റ്‌ഫോമുകളിലും ലക്ഷ്യബോധമുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നു. ക്രിമിനൽ പ്രവർത്തനങ്ങളും തെറ്റായ പ്രവർത്തികളും തടയുക, കുടുംബത്തിൻ്റെയും സാമൂഹിക അവകാശങ്ങളുടെയും സംരക്ഷണം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം.
കുടുംബ മൂല്യങ്ങൾ നിലനിർത്തുന്നതിൽ കാമ്പയിൻ ഊന്നൽ നൽകുന്നതായി,അബുദാബി സെൻ്റർ ഫോർ ലീഗൽ ആൻഡ് കമ്മ്യൂണിറ്റി അവെയർനസ് ഡയറക്ടർ, കൗൺസിലർ ഡോ. മുഹമ്മദ് റാഷിദ് അൽ ദൻഹാനി പറഞ്ഞു. സാമൂഹികവും വിദ്യാഭ്യാസപരവുമായ വികസനത്തിന് ശക്തമായ ഒരു കുടുംബ ഘടന അനിവാര്യമാണെന്നും, അംഗങ്ങൾക്കിടയിൽ ആത്മവിശ്വാസം, ബഹുമാനം, അഭിനന്ദനം എന്നിവ വളർത്തുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
കുടുംബത്തിൻ്റെ സുരക്ഷിതത്വവും അസ്തിത്വവും കാത്തുസൂക്ഷിക്കുന്നതിനായി കുടുംബ സംഭാഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൻ്റെയും കുടുംബാംഗങ്ങൾക്കിടയിൽ ബഹുമാനത്തിൻ്റെ സംസ്കാരം വളർത്തുന്നതിൻ്റെയും മൂല്യത്തെക്കുറിച്ച് സമൂഹത്തിലെ എല്ലാ അംഗങ്ങളേയും ബോധവൽക്കരിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യമെന്ന് ഡോ. അൽ-ദൻഹാനി പറഞ്ഞു.
WAM/അമൃത രാധാകൃഷ്ണൻ