ഷാർജ, 20 ഫെബ്രുവരി 2024 (WAM) -- യുഎഇ ഇന്നൊവേഷൻ മാസത്തിൻ്റെ ആഘോഷത്തിൽ ഷാർജ സിറ്റി മുനിസിപ്പാലിറ്റി തകർപ്പൻ പദ്ധതികളും സംരംഭങ്ങളും അവതരിപ്പിച്ചു. ഈ പദ്ധതികൾ ഡിജിറ്റൽ പരിവർത്തന തന്ത്രവുമായി യോജിപ്പിച്ചിരിക്കുന്നു, ഷാർജ എമിറേറ്റിൻ്റെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ ശക്തി പ്രയോജനപ്പെടുത്തുകയും അതുവഴി സമൂഹത്തിനുള്ള സുപ്രധാന സേവനങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
മുസല്ല ഏരിയയിലെ മുനിസിപ്പാലിറ്റിയുടെ പ്രധാന കെട്ടിടത്തിൽ മുനിസിപ്പൽ കാര്യ വകുപ്പ് ചെയർമാൻ ഡോ. സുലൈമാൻ അബ്ദുല്ല ബിൻ സർഹാൻ അൽ സാബി, മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഉബൈദ് സയീദ് അൽ തെനൈജി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ആഘോഷം.
യുഎഇ ഇന്നൊവേഷൻ മാസത്തിൽ മുനിസിപ്പാലിറ്റിയുടെ വാർഷിക പങ്കാളിത്തത്തിൻ്റെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട്, എല്ലാ മേഖലകളിലും ഷാർജയുടെ സമഗ്രമായ പുരോഗതിക്ക് അനുസൃതമായി സേവനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പ്രതിബദ്ധത അൽ തെനൈജി അടിവരയിട്ടു. ജീവനക്കാർക്കിടയിൽ നവീകരണ സംസ്കാരം വളർത്തിയെടുക്കേണ്ടതിൻ്റെ പ്രാധാന്യവും, ആശയങ്ങളെ മൂർത്തമായ പ്രോജക്ടുകളാക്കി മാറ്റാൻ ഇത് സഹായിക്കുമെന്നും, അദ്ദേഹം കൂട്ടിച്ചേർത്തു.
മുനിസിപ്പാലിറ്റി ക്രിയേറ്റീവ് സംരംഭങ്ങളിലൊന്നായാണ് 'സ്മാർട്ട് പാത്ത്' പദ്ധതി ആരംഭിച്ചതെന്ന് ഷാർജ മുനിസിപ്പാലിറ്റിയിലെ ഇന്നൊവേഷൻ ടീം തലവനും ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടറുമായ റീം അബ്ദുല്ല അൽ റോസി,വെളിപ്പെടുത്തി. പബ്ലിക് പാർക്കിംഗ് മാനേജ്‌മെൻ്റിലെ പരിശോധന പ്രവർത്തനങ്ങൾ രൂപകൽപ്പന ചെയ്യുന്നതിനും ഓട്ടോമേറ്റ് ചെയ്യുന്നതിനും ഡിപ്പാർട്ട്‌മെൻ്റ് ഉപയോക്താക്കളുടെ പരിശോധന വാഹനങ്ങളുടെ ഉപയോഗം നിരീക്ഷിക്കുന്നതിനും സഹായിക്കുന്ന ഒരു നൂതന പദ്ധതിയാണിത്.
കൂടാതെ, സെൻട്രൽ ലബോറട്ടറീസ് മാനേജ്‌മെൻ്റിൻ്റെ പരിശോധനകൾക്ക് ആവശ്യമായ സ്പെസിഫിക്കേഷനുകൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു പയനിയറിംഗ് ഉപകരണമായ ഗ്ലോബൽ ഇൻസ്പെക്ഷൻ ഡിവൈസ് മുനിസിപ്പാലിറ്റി അവതരിപ്പിച്ചു.
ഷാർജ സിറ്റി മുനിസിപ്പാലിറ്റിയിലെ വിദഗ്ധർ വികസിപ്പിച്ചെടുത്ത ഒരു നൂതന സാങ്കേതികവിദ്യയായ സ്മാർട്ട് ലെൻസ് സംവിധാനമാണ് മറ്റൊരു ശ്രദ്ധേയമായ കണ്ടുപിടുത്തം. വിപുലമായ ഒപ്റ്റിക്കൽ ലാംഗ്വേജ് മോഡൽ പ്രയോജനപ്പെടുത്തിക്കൊണ്ട്, വാട്ട്‌സ്ആപ്പ് ആപ്ലിക്കേഷൻ വഴി മുനിസിപ്പാലിറ്റിക്ക് ഓഡിയോ, വീഡിയോ പരാതികളും നിരീക്ഷണങ്ങളും സൗകര്യപ്രദമായി സമർപ്പിക്കാൻ ഈ സംവിധാനം താമസക്കാരെ പ്രാപ്‌തമാക്കുന്നു.
കൂടാതെ, സ്കൂൾ വിദ്യാർത്ഥികളുടെയും യുവാക്കളുടെയും കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള സംരംഭങ്ങൾക്ക് മുനിസിപ്പാലിറ്റി നേതൃത്വം നൽകി. ഇന്നൊവേറ്റീവ് എഞ്ചിനീയർ, ഇന്നൊവേറ്റീവ് ഫാർമർ, ഇന്നൊവേറ്റീവ് ഇൻസ്‌പെക്ടർ തുടങ്ങിയ പ്രോഗ്രാമുകൾ വിദ്യാർത്ഥികളുടെ കഴിവുകൾ വർധിപ്പിക്കുന്നതിനും അവരുടെ അനുഭവങ്ങൾ വിശാലമാക്കുന്നതിനും ഷാർജ സിറ്റി മുനിസിപ്പാലിറ്റിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് അവരെ പരിചയപ്പെടുത്തുന്നതിനുമായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.
WAM/അമൃത രാധാകൃഷ്ണൻ