എംസി13ഉം, സിഇപിഎയും ദക്ഷിണ കൊറിയ-യുഎഇ വ്യാപാര ബന്ധം ആഴത്തിലാകുന്നു: കൊറിയൻ മന്ത്രി

അബുദാബി, 28 ഫെബ്രുവരി 2024 (WAM) -- ദക്ഷിണ കൊറിയയും യുഎഇയുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള അവസരമാണ് അബുദാബിയിൽ നടക്കുന്ന ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യൂടിഒ) 13-ാമത് മന്ത്രിതല സമ്മേളനമെന്ന് (എംസി13) ദക്ഷിണ കൊറിയൻ വ്യാപാരമന്ത്രി ചിയോങ് ഇങ്ക്യോ, എമിറേറ്റ്സ് ന്യൂ ഏജൻസിയോട്(വാം) പറഞ്ഞു.

'കൊറിയ-യുഎഇ 'സ്ട്രാറ്റജിക് അഡ്വാൻസ്ഡ് ഇൻഡസ്ട്രിയൽ ടെക്നോളജി പാർട്ണർഷിപ്പ്' നടത്തുന്നതിന് വർഷം മുഴുവനും ഉന്നതതല വിനിമയങ്ങളിൽ ഏർപ്പെടാനും ബഹുമുഖ തലത്തിൽ ഭാവിയെ അടിസ്ഥാനമാക്കിയുള്ള സഹകരണം വർദ്ധിപ്പിക്കാനുമുള്ള അവസരമായി എംസി13-നെ പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

ഇങ്ങനെ ചെയ്യുന്നതിലൂടെ, മൊബിലിറ്റി, എയ്‌റോസ്‌പേസ്, ഡിജിറ്റൽ പരിവർത്തനം, വിതരണ ശൃംഖല തുടങ്ങിയ നൂതന വ്യവസായങ്ങളിൽ മൂർത്തമായ സഹകരണ പദ്ധതികൾ തിരിച്ചറിയാനും വിതരണം ചെയ്യാനും ഇരു രാജ്യങ്ങൾക്കും കഴിയുമെന്ന് അദ്ദേഹം വിശദീകരിച്ചു.

എംസി13ലേക്കുള്ള ദക്ഷിണ കൊറിയൻ പ്രതിനിധി സംഘത്തെ നയിക്കുന്ന മന്ത്രി ഇൻക്യോ, സമ്മേളനത്തിടെ വാമിനോട് ഒരു അഭിമുഖത്തിൽ സംസാരിച്ചു.

ബന്ധം വിപുലീകരിക്കാൻ സിഇപിഎ

കൂടാതെ, കഴിഞ്ഞ ഒക്ടോബറിൽ കൊറിയയും യുഎഇയും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൻ്റെ (സിഇപിഎ) ചർച്ചകൾ അവസാനിപ്പിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

"ഞങ്ങളുടെ ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും കൂടുതൽ ആഴത്തിലാക്കുക എന്ന ലക്ഷ്യത്തോടെ ഈ കരാർ അതിവേഗം പ്രാബല്യത്തിൽ വരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു," അദ്ദേഹം വ്യക്തമാക്കി.

2023 ജനുവരിയിൽ കൊറിയൻ പ്രസിഡൻ്റിൻ്റെ യുഎഇ സന്ദർശനത്തിനിടെ 30 ബില്യൺ യുഎസ് ഡോളർ നിക്ഷേപിക്കാനുള്ള മുബദാലയുടെ തീരുമാനത്തിനൊപ്പം 6.1 ബില്യൺ യുഎസ് ഡോളറിൻ്റെ മൊത്തം 32 വാണിജ്യ ധാരണാപത്രങ്ങൾ (എംഒയു) കൊറിയയും യുഎഇയും ഒപ്പുവെച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി.

"ഇത്തരം ഫലങ്ങൾ ആണവോർജം, പ്രതിരോധ വ്യവസായം എന്നിവയിൽ നിന്നുള്ള നമ്മുടെ ഉഭയകക്ഷി സഹകരണത്തെ ശുദ്ധമായ ഊർജ്ജം, പുതിയ വ്യവസായങ്ങൾ, വ്യാപാരം, നിക്ഷേപം എന്നിവയുൾപ്പെടെയുള്ള പുതിയ മേഖലകളിലേക്ക് വിപുലീകരിച്ചു," ചിയോങ് ഇങ്ക്യോ പറഞ്ഞു.

ഡബ്ല്യൂടിഒയിലെ ജെഎസ്ഐകളുടെ പ്രസക്തി

എംസി13-ലെ ചർച്ചകളെക്കുറിച്ച് സംസാരിക്കവേ, ഡബ്ല്യുടിഒയുടെ ചർച്ചാ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും നവീകരിക്കുന്നതിനും സംയുക്ത പ്രസ്താവന സംരംഭങ്ങൾ (ജെഎസ്ഐ) പ്രധാനമാണെന്ന് മന്ത്രി ഇങ്കിയോ പറഞ്ഞു.

ഡബ്ല്യുടിഒ അംഗങ്ങളുടെ ഗ്രൂപ്പുകൾ ആരംഭിച്ച ബഹുമുഖ ചർച്ചാ ഉപകരണമായാണ് അദ്ദേഹം ജെഎസ്ഐകളെ പരാമർശിച്ചത്. എല്ലാവർക്കുമായി തുറന്നിട്ടുണ്ടെങ്കിലും, പ്രത്യേക വിഷയങ്ങളിൽ ഇത്തരം സംരംഭങ്ങൾ എല്ലാ ഡബ്ല്യുടിഒ അംഗങ്ങളും ഉൾപ്പെടുന്ന സമവായ തീരുമാനങ്ങൾ എടുക്കുന്നതിനുള്ള നിയമം പാലിക്കുന്നില്ല.

"ഡബ്ല്യുടിഒ ചട്ടക്കൂടിലേക്ക് വികസനത്തിനായുള്ള നിക്ഷേപ സൗകര്യത്തെക്കുറിച്ചുള്ള ജെഎസ്ഐകളുടെ സംയോജനം എംസി13ൽ സാധ്യമായിരിക്കുമെന്നും കൂടാതെ ആഗോള നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു," അദ്ദേഹം വ്യക്തമാക്കി.

ഈ ജെഎസ്ഐയുടെ കോർഡിനേറ്റർ എന്ന നിലയിൽ ദക്ഷിണ കൊറിയ, വ്യക്തമായ ഫലങ്ങൾ നൽകുന്നതിന് അംഗരാജ്യങ്ങളുമായി സഹകരിക്കുമെന്ന് മന്ത്രി ഇൻക്യോ ഊന്നിപ്പറഞ്ഞു.

"ഡിജിറ്റൽ പരിവർത്തനത്തെ നിയന്ത്രിക്കുന്ന വ്യാപാര നിയമങ്ങളായി ഇ-കൊമേഴ്‌സിലെ ജെഎസ്ഐയെ സംബന്ധിച്ച പുരോഗതിയെ ഞങ്ങൾ സ്വാഗതം ചെയ്യുകയും ഈ വർഷത്തിനുള്ളിൽ ദ്രുതഗതിയിലുള്ള സമാപനം പ്രതീക്ഷിക്കുകയും ചെയ്യുന്നു," അദ്ദേഹം അഭിപ്രായപ്പെട്ടു.

2017 ഡിസംബറിൽ നടന്ന 11-ാമത് മന്ത്രിതല സമ്മേളനത്തിൽ, ഇ-കൊമേഴ്‌സിനെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനും, നിക്ഷേപ സൗകര്യത്തെക്കുറിച്ചുള്ള ഒരു ബഹുമുഖ ചട്ടക്കൂട് വികസിപ്പിക്കുന്നതിനും, സൂക്ഷ്മ, ചെറുകിട, ഇടത്തരം വിഷയങ്ങളിൽ ഒരു വർക്കിംഗ് ഗ്രൂപ്പ് ആരംഭിക്കുന്നതിനും,എംഎസ്എംഇകളും, സേവന വ്യാപാരത്തിലെ ആഭ്യന്തര നിയന്ത്രണത്തെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനും സമാന ചിന്താഗതിക്കാരായ ഡബ്ല്യുടിഒ അംഗങ്ങളുടെ ഗ്രൂപ്പുകൾ സംയുക്ത പ്രസ്താവനകൾ പുറപ്പെടുവിച്ചിരുന്നു.

ഡബ്ല്യുടിഒ പരിഷ്കാരം

ഡബ്ല്യുടിഒ പരിഷ്‌കരണത്തിന് അത്യധികം പ്രാധാന്യമുണ്ടെന്ന് മന്ത്രി ഇൻക്യോ പറഞ്ഞു, പ്രത്യേകിച്ച് പൂർണ്ണമായും പ്രവർത്തിക്കുന്ന തർക്ക പരിഹാര സംവിധാനം. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ചർച്ചകളും നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രവചിക്കാവുന്നതും വിശ്വസനീയവുമായ ഡിജിറ്റൽ ബിസിനസ് അന്തരീക്ഷം ഉറപ്പാക്കുന്നതിന് ഇ-കൊമേഴ്‌സ് മൊറട്ടോറിയം നീട്ടുന്നതിനെ കൊറിയ പിന്തുണയ്ക്കുന്നു, മന്ത്രി സ്ഥിരീകരിച്ചു.

വ്യാപാര, വ്യാവസായിക നയങ്ങളെക്കുറിച്ചുള്ള എംസി13ലെ ചർച്ച, സംരക്ഷണവാദ നയങ്ങളും സബ്‌സിഡി ഓട്ടവും വ്യാപാര തർക്കങ്ങൾ സൃഷ്ടിക്കുന്നതിൽ നിന്നും ആഗോള വ്യാപാരത്തെയും നിക്ഷേപത്തെയും വികലമാക്കുന്നതിൽ നിന്നും തടയുന്നതിന് പ്രധാനമാണ്, അദ്ദേഹം നിരീക്ഷിച്ചു.

"കൂടാതെ, കാലാവസ്ഥാ വ്യതിയാനം എല്ലാ മനുഷ്യരാശിയും നേരിടുന്ന ഒരു വലിയ വെല്ലുവിളിയാണ്. അതിനാൽ, വ്യക്തിഗത രാജ്യങ്ങളുടെ കാലാവസ്ഥയും പാരിസ്ഥിതിക നടപടികളും വ്യാപാര തടസ്സങ്ങളല്ലെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം ഹരിത പരിവർത്തനം ത്വരിതപ്പെടുത്തുന്നതിന് വ്യാപാരത്തിൻ്റെ പങ്ക് ഞങ്ങൾ ശക്തിപ്പെടുത്തണം," മന്ത്രി ഇൻക്യോ ചൂണ്ടിക്കാട്ടി.

എംസി13-ൽ ഫലപ്രദമായ ഫലങ്ങൾ കൈവരിക്കുന്നതിനുള്ള വെല്ലുവിളികൾക്കിടയിലും, അന്താരാഷ്ട്ര സമൂഹത്തിന് കാര്യമായ ഫലങ്ങൾ നൽകാൻ ഡബ്ല്യുടിഒയ്ക്ക് കഴിയുമെന്ന് അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

WAM/അമൃത രാധാകൃഷ്ണൻ