‘10,000 ജീനോം’ പദ്ധതി പൂർത്തിയാക്കിയതായി ഇന്ത്യൻ സർക്കാർ

ന്യൂഡൽഹി, 28 ഫെബ്രുവരി 2024 (WAM) -- ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് ജീനോം സീക്വൻസുകളുടെ ഒരു റഫറൻസ് ഡാറ്റാബേസ് സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി '10,000 ജീനോം' പദ്ധതി പൂർത്തീകരിച്ചതായി ശാസ്ത്ര, സാങ്കേതിക, ആണവോർജ, ബഹിരാകാശ മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഇന്നലെ പ്രഖ്യാപിച്ചു.

ഇത് രോഗങ്ങൾക്കുള്ള ജീൻ അധിഷ്ഠിത പ്രതിവിധി, പുതിയ ആരോഗ്യ സംരക്ഷണ തന്ത്രങ്ങൾ, മെച്ചപ്പെട്ട പൊതുജനാരോഗ്യം എന്നിവയിലേക്ക് നയിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മനുഷ്യരുൾപ്പെടെ എല്ലാ ജീവജാലങ്ങളുടെയും തനതായ ഡിഎൻഎ വിരലടയാളം തിരിച്ചറിയുന്നതിനുള്ള ഒരു നൂതന ശാസ്ത്ര സാങ്കേതികതയാണ് ജീനോം സീക്വൻസിങ്. യുഎസ് സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പ്രകാരം ഇത് വിപുലമായ രോഗനിർണയത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജീനോം സീക്വൻസിംഗിൻ്റെ 10,000 കേസുകൾ പൂർത്തിയാക്കിയതായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ ഇന്ത്യയുടെ ബയോ-ടെക്‌നോളജി വകുപ്പ് ഉപദേഷ്ടാവ് ഡോ. സുചിത നിനാവെ പറഞ്ഞു.

2014ലെ 10 ബില്യൺ ഡോളറിൽ നിന്ന് ഈ വർഷം 130 ബില്യൺ ഡോളറായി കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ ജൈവ സമ്പദ്‌വ്യവസ്ഥ 13 മടങ്ങ് വളർന്നതായി ഡോ. സിംഗ് പറഞ്ഞു.

കഴിഞ്ഞ 10 വർഷത്തിനിടയിൽ ബയോടെക്‌നോളജി മേഖല അതിവേഗം വളർച്ച കൈവരിച്ചിട്ടുണ്ടെന്നും ലോകത്തെ ഏറ്റവും മികച്ച 12 ബയോ നിർമ്മാതാക്കളിൽ ഇന്ത്യയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സഹകരണവും രാജ്യവ്യാപകവും മിഷൻ അധിഷ്ഠിതവുമായ ശാസ്ത്ര പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിനായി 20 ദേശീയ ശാസ്ത്ര സ്ഥാപനങ്ങളുടെ കൺസോർഷ്യമായ ജീനോം ഇന്ത്യ സർക്കാർ സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


WAM/അമൃത രാധാകൃഷ്ണൻ