ഭക്ഷ്യസുരക്ഷ, കാലാവസ്ഥ, ജൈവവൈവിധ്യ ലക്ഷ്യങ്ങൾ എന്നിവ കൈവരിക്കുന്നതിന് ഡബ്ല്യൂടിഒയുടെ കാർഷിക പരിഷ്‌കാരങ്ങൾ നിർണായകമാണ്: ഓസ്‌ട്രേലിയൻ മന്ത്രി

അബുദാബി, 29 ഫെബ്രുവരി 2024 (WAM) --ആഗോള ഭക്ഷ്യസുരക്ഷ, കാലാവസ്ഥ വ്യതിയാനം, ജൈവവൈവിധ്യ ലക്ഷ്യങ്ങൾ എന്നിവ കൈവരിക്കുന്നതിന് ലോകവ്യാപാര സംഘടനയിലെ (ഡബ്ല്യുടിഒ) കാർഷിക വ്യാപാര മാറ്റങ്ങൾ നിർണായകമാണെന്ന് ഓസ്‌ട്രേലിയയുടെ വാണിജ്യ-ടൂറിസം മന്ത്രി ഡോൺ ഫാരെൽ എമിറേറ്റ്സ് ന്യൂസ് ഏജൻസിയോട് പറഞ്ഞു.

"കാർഷിക പരിഷ്‌കരണം ഓസ്‌ട്രേലിയയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. കൃഷിയിലെ സ്വതന്ത്രവും ന്യായവുമായ വ്യാപാരം ലോകത്തെമ്പാടുമുള്ള ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ സഹായിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു," അബുദാബിയിൽ നടക്കുന്ന ഡബ്ല്യുടിഒയുടെ 13-ാമത് മന്ത്രിതല സമ്മേളനത്തിൽ (എംസി13) ഓസ്‌ട്രേലിയൻ പ്രതിനിധി സംഘത്തെ നയിക്കുന്ന മന്ത്രി ഫാരെൽ പറഞ്ഞു.

സമ്മേളനത്തിൽ വാമിന് നൽകിയ അഭിമുഖത്തിൽ, ഏറ്റവും പിന്നാക്കം നിൽക്കുന്നവർക്ക് ദീർഘകാല ഭക്ഷ്യസുരക്ഷ മെച്ചപ്പെടുത്തുന്ന കൃഷിയുമായി മുന്നോട്ട് പോകാനുള്ള ഒരു രീതി കണ്ടെത്തണമെന്ന് അദ്ദേഹം ഉപദേശിച്ചു. പരിസ്ഥിതിക്ക് ഹാനികരമായ സബ്‌സിഡികൾ ഉൾപ്പെടെയുള്ള കാർഷിക വ്യാപാര പരിഷ്‌കരണത്തിൽ പുരോഗതി കൈവരിക്കാതെ ആഗോള ഭക്ഷ്യസുരക്ഷ, കാലാവസ്ഥ, ജൈവവൈവിധ്യ ലക്ഷ്യങ്ങൾ എന്നിവ കൈവരിക്കുക അസാധ്യമാണെന്ന് ഓസ്‌ട്രേലിയ വിശ്വസിക്കുന്നു.

എംസി13-ലെ ആവേശകരമായ അനുഭവം

"യുഎഇ ഇപ്പോൾ അതിശയകരമാണ്. അബുദാബി ഒരു മനോഹരമായ നഗരമാണ്, യുഎഇ ഒരു മനോഹരമായ രാജ്യമാണ്. അതിനാൽ, ഇവിടെ വരുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്," അബുദാബിയിൽ എംസ13ൽ പങ്കെടുത്തതിൻ്റെ അനുഭവങ്ങളെക്കുറിച്ച് സംസാരിച്ച മന്ത്രി ഫാരെൽ പറഞ്ഞു.

"കഴിഞ്ഞ ഡിസംബറിൽ യുഎഇയും ഓസ്‌ട്രേലിയയും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര നിക്ഷേപ പ്രവാഹം വർധിപ്പിക്കുന്നതിനായി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (സിഇപിഎ) ചർച്ചകൾ ആരംഭിക്കാൻ സമ്മതിച്ചതിനാൽ, ഇക്കാര്യത്തിൽ പുരോഗതി കൈവരിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നു,” മന്ത്രി പറഞ്ഞു.

ഈ വർഷം സിഇപിഎ ഒപ്പിടാൻ കഴിയുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

"യുഎഇയുമായുള്ള ഒരു വ്യാപാര കരാർ മിഡിൽ ഈസ്റ്റിലെ ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര, നിക്ഷേപ പങ്കാളികളിൽ ഒരാളുമായുള്ള ഞങ്ങളുടെ ബന്ധം ശക്തിപ്പെടുത്തും. ആഗോള സാമ്പത്തിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിലും നെറ്റ്-സീറോയിലേക്ക് മാറാനുള്ള ഞങ്ങളുടെ പങ്കാളിത്ത അഭിലാഷത്തിലും സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള അവസരമാണിത്, " അദ്ദേഹം കൂട്ടിച്ചേർത്തു.

എംസി 13-ലെ മറ്റ് മുൻഗണനകൾ

എംസി13-ൽ, തർക്ക പരിഹാര നടപടിക്രമങ്ങൾ, ഫിഷറീസ് സബ്‌സിഡികൾ, ഇലക്ട്രോണിക് ട്രാൻസ്മിഷനുകൾക്ക് കസ്റ്റംസ് തീരുവ ചുമത്തുന്നതിനുള്ള മൊറട്ടോറിയം പുതുക്കൽ എന്നിവയെക്കുറിച്ചുള്ള ചർച്ചകളിൽ പുരോഗതി പ്രതീക്ഷിക്കുന്നതായി ഓസ്‌ട്രേലിയ, മന്ത്രി ഫാരെൽ പറഞ്ഞു.

"ഞങ്ങൾ സ്വതന്ത്ര വ്യാപാരത്തെ പിന്തുണയ്ക്കുന്നു. ഞങ്ങൾ ഒരു ദ്വീപ് രാഷ്ട്രമാണ്, ഞങ്ങളുടെ അഭിവൃദ്ധി ലോകമെമ്പാടുമുള്ള ന്യായമായ വ്യാപാരത്തെ ആശ്രയിച്ചിരിക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.

"പുരോഗതി നേടാനുള്ള സാധ്യത ഞങ്ങൾ ഉപേക്ഷിച്ചിട്ടില്ല. ഓസ്‌ട്രേലിയയുടെ വീക്ഷണകോണിൽ നിന്ന്, ഒരു അപ്പീൽ പ്രക്രിയ ലഭിക്കുന്നതിന് ഞങ്ങൾ വളരെ കഠിനമായി പരിശ്രമിക്കും. ഡബ്ല്യുടിഒയുടെ നിയമങ്ങളുടെ ഭാഗമായി ഒരു അപ്പീൽ നടപടി ഉണ്ടാകുമ്പോൾ,സിസ്റ്റം മികച്ച രീതിയിൽ പ്രവർത്തിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു," തർക്ക പരിഹാര നടപടിക്രമങ്ങളെ കുറിച്ചുള്ള ചർച്ചകളെക്കുറിച്ച് അദ്ദേഹം പറഞ്ഞു.

ഫിഷറീസ് സബ്‌സിഡികളുടെ കാര്യത്തിൽ, എംസി12 ൽ കുറച്ച് പുരോഗതിയുണ്ടെന്നും അബുദാബിയിൽ കൂടുതൽ പുരോഗതി കൈവരിക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എംസി13ൻ്റെ ആദ്യ ദിവസം ഔദ്യോഗികമായി പ്രഖ്യാപിച്ച ഡബ്ല്യൂടിഒയിൽ ടിമോർ-ലെസ്റ്റെ, കൊമോറോസ് എന്നിവയുടെ പ്രവേശനത്തെ മന്ത്രി ഫാരെൽ സ്വാഗതം ചെയ്തു.

ടിമോർ-ലെസ്റ്റെ ഒരു അടുത്ത പ്രാദേശിക പങ്കാളിയാണ്, അതിൻ്റെ ഡബ്ല്യുടിഒ പ്രവേശനത്തിന് പ്രാദേശിക, ആഗോള സമ്പദ്‌വ്യവസ്ഥയുമായി കൂടുതൽ സംയോജിപ്പിക്കുന്നതിലൂടെ രാജ്യത്തിൻ്റെ സാമ്പത്തിക സുസ്ഥിരത, വൈവിധ്യവൽക്കരണം, സ്വകാര്യ മേഖലയുടെ വളർച്ച എന്നിവയ്ക്ക് വലിയ സംഭാവന നൽകാനുള്ള കഴിവുണ്ട്, അദ്ദേഹം പറഞ്ഞു.

രണ്ട് വർഷത്തിലൊരിക്കൽ യോഗം ചേരുന്ന ഡബ്ല്യുടിഒയുടെ മന്ത്രിതല സമ്മേളനത്തിൽ ഏകദേശം 164 രാജ്യങ്ങളും വ്യാപാര കൂട്ടായ്മകളും പങ്കെടുക്കുന്നു.

WAM/അമൃത രാധാകൃഷ്ണൻ