അജ്മാൻ അന്താരാഷ്ട്ര പരിസ്ഥിതി സമ്മേളനത്തിന് അടുത്ത ആഴ്ച തുടക്കമാക്കും

അജ്മാൻ, 1 മാർച്ച് 2024 (WAM) -- സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമിയുടെ രക്ഷാകർതൃത്വത്തിൽ, അജ്മാൻ അന്താരാഷ്ട്ര പരിസ്ഥിതി സമ്മേളനം 'ക്ലൈമേറ്റ്" ന്യൂട്രൽ സിറ്റി 2050' എന്ന പ്രമേയത്തിൽ മാർച്ച് 5 ന് ആരംഭിക്കും.

അജ്മാൻ മുനിസിപ്പാലിറ്റിയും ആസൂത്രണ വകുപ്പും ചേർന്നാണ് ദ്വിദിന സമ്മേളനം സംഘടിപ്പിക്കുന്നത്. 15-ലധികം രാജ്യങ്ങളിൽ നിന്നുള്ള പങ്കാളിത്തവും അന്താരാഷ്ട്ര വിദഗ്ധരും പരിപാടിയിൽ പങ്കെടുക്കും. അജ്മാൻ യൂണിവേഴ്സിറ്റി - ശൈഖ് സായിദ് സെൻ്റർ ഫോർ കോൺഫറൻസസ് & എക്സിബിഷനിലാണ് സമ്മേളനം നടക്കുക.

ഊർജം, എണ്ണ, വാതകം, നിർമ്മാണം, മുനിസിപ്പാലിറ്റികൾ, കൺസൾട്ടിംഗ് സ്ഥാപനങ്ങൾ, കരാർ കമ്പനികൾ, പരിസ്ഥിതി ഏജൻസികൾ, സ്വകാര്യ മേഖലകൾ, യൂണിവേഴ്സിറ്റി ബിരുദധാരികൾ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള പരിസ്ഥിതി വിദഗ്ധരും സമ്മേളനത്തിൽ പങ്കെടുക്കും.

സുസ്ഥിരത വർധിപ്പിക്കുന്നതിലും കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുന്നതിനുള്ള മാർഗരേഖ രൂപപ്പെടുത്തുന്നതിലും എമിറേറ്റിലെ നയങ്ങളെ പിന്തുണയ്ക്കുന്ന ആശയങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള ഒരു വേദിയാണ് അജ്മാൻ ഇൻ്റർനാഷണൽ എൻവയോൺമെൻ്റ് കോൺഫറൻസ് എന്ന് അജ്മാനിലെ പബ്ലിക് ഹെൽത്ത് ആൻഡ് എൻവയോൺമെൻ്റ് സെക്ടർ എക്സിക്യൂട്ടീവ് ഡയറക്ടർ ഖാലിദ് മൊയീൻ അൽ ഹൊസാനി പറഞ്ഞു.

യുഎഇയിലെ സുസ്ഥിര വികസനത്തെ പിന്തുണയ്ക്കാനും കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുന്നതിനുള്ള ഒരു റോഡ്മാപ്പ് സ്ഥാപിക്കാനും സമ്മേളനം ലക്ഷ്യമിടുന്നു.

സമ്മേളനം നിരവധി വിജയങ്ങൾ കൈവരിച്ചിട്ടുണ്ടെന്നും മികവിലേക്കുള്ള പാതയിൽ പ്രതിജ്ഞാബദ്ധമാണെന്നും അൽ ഹൊസാനി തുടർന്നു.

പാരിസ്ഥിതിക സുസ്ഥിരതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചും ആധുനിക ആസൂത്രണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും ഏറ്റവും മികച്ചതും അത്യാധുനികവുമായ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇത് കാലാവസ്ഥാ പ്രശ്‌നങ്ങൾ, നിർമ്മാണ സാമഗ്രികൾ, വികസന പ്രക്രിയകൾ എന്നിവ മനസ്സിലാക്കുന്നതിനും സമൂഹത്തിലെ അംഗങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പരിസ്ഥിതിയും അതിൻ്റെ വിഭവങ്ങളും സംരക്ഷിക്കാൻ സഹായിക്കുന്നു. സുസ്ഥിരമായ അന്തരീക്ഷത്തിൽ ആരോഗ്യകരമായ ഒരു സമൂഹം നിലനിർത്തുന്നതിനും ഇത് സഹായിക്കുന്നു.

കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ഭാവിയെയും നമ്മുടെ ലോകത്തെ രൂപപ്പെടുത്തുന്നതിലെ സ്വാധീനത്തെയും കേന്ദ്രീകരിച്ച് അഞ്ച് സെഷനുകളും നാല് വർക്ക് ഷോപ്പുകളും കോൺഫറൻസ് അജണ്ടയിൽ ഉൾപ്പെടുന്നു. കാലാവസ്ഥ വ്യതിയാന ലഘൂകരണത്തിൻ്റെയും അഡാപ്റ്റേഷൻ്റെയും ഭാവി, ഊർജ്ജ സംക്രമണം: കാലാവസ്ഥാ വ്യതിയാനത്തെ അഭിസംബോധന ചെയ്യുന്നതിനുള്ള ഒരു താക്കോൽ എന്നിവയെക്കുറിച്ചുള്ള സെഷനുകൾ ആദ്യ ദിവസം അവതരിപ്പിക്കും, തുടർന്ന് വർക്ക്ഷോപ്പുകളും സംഘടിപ്പിക്കും.

'നെറ്റ് സീറോ സിറ്റികൾക്കും കമ്മ്യൂണിറ്റികൾക്കും വേണ്ടിയുള്ള ഭാവി രൂപപ്പെടുത്തുക' എന്ന സെഷനോടെയാണ് രണ്ടാം ദിവസം ആരംഭിക്കുന്നത്, തുടർന്ന് രണ്ട് അധിക സെഷനുകൾ. സാങ്കേതികവിദ്യയും നവീകരണവും ഉപയോഗിച്ച് കാലാവസ്ഥാ പ്രവർത്തനം ത്വരിതപ്പെടുത്തൽ, ലോ-കാർബൺ ഇൻഫ്രാസ്ട്രക്ചർ & വേസ്റ്റ് സർക്കുലർ ഇക്കോണമി സിസ്റ്റങ്ങളിലേക്കുള്ള പരിവർത്തനം എന്നിവയും തുടർന്ന് വർക്ക്ഷോപ്പുകളും ഇതിൽ ഉൾപ്പെടുന്നു.

നാല് വിഭാഗങ്ങളിലെ മികവിനെ ആദരിക്കുന്ന ശൈഖ് ഹുമൈദ് ബിൻ റാഷിദ് ഇൻ്റർനാഷണൽ സസ്റ്റൈനബിലിറ്റി അവാർഡിന് സമ്മേളനം ആതിഥേയത്വം വഹിക്കും. സമ്മേളനത്തിന്റെ രണ്ടാം പതിപ്പിൽ, ഗവേഷണം, വ്യക്തിഗത സംഭാവനകൾ, സ്ഥാപനപരമായ സമ്പ്രദായങ്ങൾ എന്നിവയുൾപ്പെടെയുള്ള സുസ്ഥിരത സംരംഭങ്ങളെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അവാർഡ് ലക്ഷ്യമിടുന്നു.

പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനും അവർ നൽകിയ സംഭാവനകൾ പരിഗണിച്ച് മികച്ച ഗവേഷണം, മികച്ച വ്യക്തിത്വം, മികച്ച സ്ഥാപനം തുടങ്ങിയ വിഭാഗങ്ങളിലെ വിജയികളെ സമ്മേളനത്തിൻ്റെ ആദ്യ ദിവസം പ്രഖ്യാപിക്കും.

WAM/അമൃത രാധാകൃഷ്ണൻ