ഇനി ആറു മാസം ബഹിരാകാശ വാസം, ദൗത്യവുമായി നാലവർ സംഘം

കേപ് കനവറൽ, ഫ്ലോറിഡ, 4 മാർച്ച് 2024 (WAM) --കെന്നഡി സ്‌പേസ് സെൻ്ററിൽ നിന്ന് ആറു മാസത്തെ ബഹിരാകാശ വാസത്തിനായി നാല് ബഹിരാകാശയാത്രികർ ഞായറാഴ്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയി. ദൗത്യ സംഘം രണ്ട് പുതിയ റോക്കറ്റ്ഷിപ്പുകളുടെ വരവിന് മേൽനോട്ടം വഹിക്കുമെന്ന് അസോസിയേറ്റഡ് പ്രസ് (എപി) റിപ്പോർട്ട് ചെയ്തു.

നാസയുടെ മാത്യു ഡൊമിനിക്, മൈക്കൽ ബരാറ്റ്, ജീനെറ്റ് എപ്‌സ്, റഷ്യയുടെ അലക്‌സാണ്ടർ ഗ്രെബെൻകിൻ എന്നിവർ അടങ്ങുന്നതാണ് ദൗത്യ സംഘം.

ബഹിരാകാശ സഞ്ചാരികൾ ചൊവ്വാഴ്ചയോടെ ഭ്രമണപഥത്തിലെ ലാബിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് മുതൽ അവിടെയുണ്ടായിരുന്ന യുഎസ്, ഡെൻമാർക്ക്, ജപ്പാൻ, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ഒരു ക്രൂ അവരുടെ ആഗമനത്തോടെ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ട്.

ഞായറാഴ്ച രാത്രി, അവസാന ഘട്ട സുരക്ഷാ പരിശോധനയിൽ സ്‌പേസ് എക്‌സ് ക്യാപ്‌സ്യൂളിലെ ഹാച്ചിൻ്റെ സീലിൽ ഒരു ചെറിയ ദ്വാരം കണ്ടെത്തിയത് യാത്ര വൈകിപ്പിച്ചുവെന്നും, എന്നാൽ വിദഗ്ദ്ധ പരിശോധനക്ക് ശേഷം വാഹനം ദൗത്യത്തിന് സുരക്ഷിതമാണെന്ന് നിർണ്ണയിക്കപ്പെട്ടതായും എപി റിപ്പോർട്ട് ചെയ്തു.

WAM/അമൃത രാധാകൃഷ്ണൻ