എമിറേറ്റ്‌സ് ലേബർ മാർക്കറ്റ് അവാർഡിൻ്റെ രണ്ടാം പതിപ്പ് പ്രഖ്യാപിച്ച് മാനവ വിഭവശേഷി മന്ത്രാലയം

ദുബായ്, 7 മാർച്ച് 2024 (WAM) -- ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ്റെ രക്ഷാകർതൃത്വത്തിൽ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡിൻ്റെ രണ്ടാമത്തെ പതിപ്പ് പ്രഖ്യാപിച്ചു.

ജീവിക്കാനും ജോലി ചെയ്യാനും നിക്ഷേപം നടത്താനും അനുയോജ്യമായ സ്ഥലമെന്ന നിലയിൽ യുഎഇയുടെ സ്ഥാനം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് രാജ്യത്തുടനീളമുള്ള വിശിഷ്ട സ്വകാര്യമേഖലാ കമ്പനികളെയും തൊഴിലാളികളെയും ആദരിക്കുന്ന യുഎഇയിലെ ഇത്തരത്തിലുള്ള ആദ്യത്തെ അവാർഡാണ് ഇത്.

അവാർഡിൻ്റെ രണ്ടാം പതിപ്പ് ലേബർ അക്കമഡേഷനുകളും പ്രത്യേക അംഗീകാരവും എന്നിങ്ങനെ രണ്ട് പുതിയ വിഭാഗങ്ങൾ അവതരിപ്പിച്ച് അവാർഡ് വിഭാഗങ്ങൾ മൂന്നിൽ നിന്ന് അഞ്ചായി വിപുലീകരിക്കുന്നു.
അവാർഡിൻ്റെ ആദ്യ പതിപ്പിലെ ഉയർന്ന ജനപങ്കാളിത്തവും തൊഴിൽ വിപണിയിലെ വ്യതിരിക്തമായ രീതികളും കാരണം, വിജയികളുടെ എണ്ണം 66 ൽ നിന്ന് 90 ആയി ഉയർത്താൻ തീരുമാനിച്ചു, അതേസമയം അവാർഡിൻ്റെ മൂല്യം ഇപ്പോൾ 37 ദശലക്ഷം ദിർഹമാണ്. ആദ്യ പതിപ്പിൽ ഇത് 9 ദശലക്ഷം ദിർഹമായിരുന്നു.

സുസ്ഥിരതയും നൂതനത്വ നിലവാരവും വിന്യസിക്കുന്നതിനാണ് അവാർഡ് മാനദണ്ഡങ്ങൾ വികസിപ്പിച്ചെടുത്തത്, തൊഴിൽ വിപണി മെച്ചപ്പെടുത്തുന്നതിൽ രാജ്യത്തിന്റെ പദവിയും പങ്കും പ്രതിഫലിപ്പിക്കുന്നു.

കഴിഞ്ഞ വർഷം ആരംഭിച്ചത് മുതൽ അവാർഡിന് തുടർച്ചയായി പിന്തുണ നൽകിയ ശൈഖ് മൻസൂരിനെ യുഎഇ മാനവ വിഭവശേഷി മന്ത്രിയും, എമിറേറ്റ്‌സ് ലേബർ മാർക്കറ്റ് അവാർഡിൻ്റെ സൂപ്പർവൈസറി കമ്മിറ്റി ചെയർമാനുമായ ഡോ. അബ്ദുൾറഹ്മാൻ അൽ അവാർ, അഭിനന്ദിച്ചു.

“അവാർഡിൻ്റെ ആദ്യ പതിപ്പിൻ്റെ വിജയത്തിൽ ശൈഖ് മൻസൂറിൻ്റെ രക്ഷാകർതൃത്വം നിർണായക പങ്ക് വഹിച്ചു. ഇത് ഓരോ ഘട്ടത്തിലും അസാധാരണമായ ഫലങ്ങളിലേക്ക് നയിക്കുകയും രണ്ടാം പതിപ്പിൻ്റെ സമാരംഭത്തിന് അടിത്തറയിടുകയും ചെയ്തു. തൊഴിൽ വിപണിയിലെ എല്ലാ മേഖലകളിലും മത്സരശേഷി വർധിപ്പിക്കാനും എല്ലാ വിഭാഗങ്ങൾക്കും ഫലപ്രദമായ ഭരണ മാനദണ്ഡങ്ങൾ നടപ്പിലാക്കി, ഫലങ്ങളിൽ സുതാര്യതയും സമഗ്രതയും ഉറപ്പാക്കിക്കൊണ്ട് മികവ് ഉയർത്തിപ്പിടിക്കാന്നുമാണ് അവാർഡ് ലക്ഷ്യമിടുന്നത്.

"യുഎഇയിലെ തൊഴിൽ വിപണിയുടെ അവിഭാജ്യ വശങ്ങളായി നേതൃത്വവും മികവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധതയ്ക്ക് അനുസൃതമായാണ് അവാർഡിൻ്റെ രണ്ടാം പതിപ്പിൻ്റെ സമാരംഭം," എമിറേറ്റ്‌സ് ലേബർ മാർക്കറ്റ് അവാർഡിൻ്റെ രണ്ടാം പതിപ്പിൻ്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ മന്ത്രാലയം ദുബായിൽ സംഘടിപ്പിച്ച മാധ്യമ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി അൽ അവാർ പറഞ്ഞു.

യുഎഇ തൊഴിൽ വിപണിയിലെ വിവിധ മേഖലകളിലെ മികച്ച പ്രവർത്തനങ്ങളെ ആദരിക്കുന്നതിൻറെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിലും സംഭാവനകളെ അംഗീകരിക്കുന്നതിലും ഒരു നവീകരിച്ച ഘട്ടത്തിൻ്റെ തുടക്കമാണ് അവാർഡിൻ്റെ ഈ പതിപ്പ് അടയാളപ്പെടുത്തുന്നത്. നൂതനമായ അനുഭവങ്ങൾ പ്രദർശിപ്പിക്കുക, മത്സരക്ഷമത വളർത്തുക, പങ്കാളിത്തം വർദ്ധിപ്പിക്കുക എന്നിവയാണ് ഇത് ലക്ഷ്യമിടുന്നത്. ഗവൺമെൻ്റും സ്വകാര്യ മേഖലയും തമ്മിലുള്ള ഈ സഹകരണം രാജ്യത്തിൻ്റെ തൊഴിൽ വിപണിയുടെ നിലവാരം ഉയർത്തുന്നതിനും വിപുലമായ അറിവും വൈദഗ്ധ്യവുമുള്ള മികച്ച പ്രതിഭകൾക്കുള്ള ആകർഷണം വർദ്ധിപ്പിക്കുന്നതിനും സഹായകമായി.

"ഇത് യുഎഇയുടെ അഭിലാഷ ലക്ഷ്യങ്ങളെയും വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിലേക്കുള്ള പുരോഗതിയെയും സുസ്ഥിര വികസനത്തെയും പിന്തുണയ്ക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.

സുഗമമായ ബിസിനസ്സ് പ്രോത്സാഹിപ്പിക്കുക, ബിസിനസ് മേഖലയെ ഉത്തേജിപ്പിക്കുക, രാജ്യത്തിൻ്റെ തൊഴിൽ വിപണി വികസിപ്പിക്കുന്നതിന് നൂതനമായ രീതികളുടെ കൈമാറ്റം പ്രോത്സാഹിപ്പിക്കുക എന്നീ തത്വങ്ങളെ പിന്തുണയ്ക്കുന്ന അവാർഡിൽ പങ്കെടുക്കാൻ അൽ അവാർ സ്വകാര്യ മേഖലയിലെ കമ്പനികളെയും തൊഴിലാളികളെയും പ്രോത്സാഹിപ്പിച്ചു.

വിഭാഗങ്ങളും മാനദണ്ഡങ്ങളും

നിലവിലെ പതിപ്പിൽ, അവാർഡിൽ അഞ്ച് വിഭാഗങ്ങൾ ഉൾപ്പെടുന്നു. റിക്രൂട്ട്‌മെൻ്റ്, ശാക്തീകരണം, നൈപുണ്യ ആകർഷണം, ജോലിസ്ഥല അന്തരീക്ഷം, ജീവിത നിലവാരം, നൂതനത്വം, സന്നദ്ധത തുടങ്ങിയ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി, മാനവ വിഭവശേഷിയിൽ മികച്ച സമ്പ്രദായങ്ങൾ സ്വീകരിച്ച കമ്പനികളെ അംഗീകരിക്കുന്ന കമ്പനി വിഭാഗം. വിവിധ സാമ്പത്തിക മേഖലകളിലെ ജോലിസ്ഥലത്തെ പരിസ്ഥിതിയോടും മാനദണ്ഡങ്ങളോടുമുള്ള ഉയർന്ന തലത്തിലുള്ള പ്രതിബദ്ധതയും ഇതിൽ ഉൾപ്പെടുന്നു. ഈ വിഭാഗത്തിൽ 33 കമ്പനികളെ തിരഞ്ഞെടുക്കും.

രണ്ടാമത്തെ വിഭാഗം മികച്ച തൊഴിൽ ശക്തിയാണ്, മൂന്ന് വ്യത്യസ്ത ഉപവിഭാഗങ്ങളും ഇതിനുണ്ട്. ആദ്യത്തേത് ഉയർന്ന തലത്തിലുള്ള പ്രൊഫഷണൽ തൊഴിലാളികളെ അംഗീകരിക്കുന്ന നൈപുണ്യമുള്ള തൊഴിലാളിയാണ്. നേട്ടം, പഠനം, തുടർച്ചയായ വികസനം, സാമൂഹിക ഉത്തരവാദിത്തം എന്നിവ അതിൻ്റെ മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്നു.

രണ്ടാമത്തെയും മൂന്നാമത്തെയും ഉപവിഭാഗങ്ങൾ മറ്റ് പ്രൊഫഷണൽ വർക്ക്ഫോഴ്സ്, ഗാർഹിക തൊഴിലാളികൾ എന്നിവയാണ്, അവിടെ വിജയികളെ സാമൂഹിക ഉത്തരവാദിത്തത്തിൻ്റെയും നേട്ടത്തിൻ്റെയും അടിസ്ഥാനത്തിൽ വിലയിരുത്തുന്നു. കമ്പനികൾ, സമൂഹം, തൊഴിലുടമകൾ, കുടുംബങ്ങൾ എന്നിവയാൽ അവരെ നാമനിർദ്ദേശം ചെയ്യുന്നു. ഈ വിഭാഗത്തിൽ വിജയിക്കാൻ 48 വിജയികളെ തിരഞ്ഞെടുക്കും.

മൂന്നാമത്തെ വിഭാഗം ലേബർ അക്കമഡേഷൻസ് ആണ്, അതിൽ ലേബർ അക്കമഡേഷനുകളിലെ മികച്ച നിക്ഷേപങ്ങൾക്കും സൗകര്യങ്ങളിലെ മികച്ച നിലവാരം പ്രയോഗിക്കുന്നതിനും തൊഴിലാളികൾക്ക് നൽകുന്ന അധിക സേവനങ്ങൾക്കും സുസ്ഥിര സംരംഭങ്ങൾ സ്വീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനും തൊഴിൽ ശക്തി ക്ഷേമത്തിനും അവാർഡ് നൽകുന്നു.

നാലാമത്തെ വിഭാഗം, ബിസിനസ് സേവന പങ്കാളികൾ, പ്രമുഖ തൊഴിൽ വിപണി സമ്പ്രദായങ്ങളുടെ വികസനത്തിന് സംഭാവന നൽകിയ കമ്പനികളെ ആദരിക്കുന്നു. ഈ വിഭാഗത്തിന് മൂന്ന് ഉപവിഭാഗങ്ങളുണ്ട്: ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെൻ്റ് ഏജൻസികൾ - അവരുടെ തൊഴിലാളികളെ പിന്തുണയ്ക്കുന്നതിലും ക്ലയൻ്റുകൾക്ക് ആവശ്യമായ സേവനങ്ങൾ ആക്‌സസ് ചെയ്യാൻ പ്രാപ്‌തമാക്കുന്നതിലും മികച്ച രീതികൾ പ്രയോഗിക്കുന്ന ഏജൻസികൾക്ക് നൽകുന്നു. രണ്ടാമത്തെ ഉപവിഭാഗം എംപ്ലോയ്‌മെൻ്റ് ഏജൻസിയാണ്.

ഉൽപ്പാദനക്ഷമതയും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിന് ശാക്തീകരണത്തിൻ്റെയും വികസനത്തിൻ്റെയും ചട്ടക്കൂടിനുള്ളിൽ യോഗ്യതയുള്ള മനുഷ്യവിഭവശേഷി ആകർഷിക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനും മികവ് പുലർത്തുന്ന ഏജൻസികൾക്ക് നൽകുന്നു.

മൂന്നാമത്തെ ഉപവിഭാഗം ബിസിനസ് സേവന കേന്ദ്രങ്ങളാണ് - അവരെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനും പുറമെ, ബിസിനസ് മേഖലയ്ക്ക് മികച്ച സേവനങ്ങൾ നൽകുന്നതിന് മാനവ വിഭവശേഷി പ്രാപ്‌തമാക്കുന്നതിൽ മികച്ച സമ്പ്രദായങ്ങൾ നടപ്പിലാക്കിയ യുഎഇയിലെ പ്രമുഖ ബിസിനസ് സേവന കേന്ദ്രങ്ങൾക്ക് അവാർഡ് നൽകുന്നു.

ബിസിനസ് സേവന പങ്കാളികളുടെ വിഭാഗത്തിൽ, സേവന ഗുണഭോക്താക്കളിൽ നിന്നുള്ള ഫീഡ്‌ബാക്ക് പരിഗണിക്കും. അങ്ങനെ, മൂല്യനിർണ്ണയ പ്രക്രിയയിൽ പൊതുജനങ്ങളെ ഉൾപ്പെടുത്തുക.

അഞ്ചാമത്തെ വിഭാഗമായ സ്പെഷ്യൽ റെക്കഗ്നിഷൻ, ഇനിപ്പറയുന്ന വിഭാഗങ്ങളെ ആദരിക്കുന്നു: പയനിയറിംഗ് കമ്പനി, മികച്ച സമ്പ്രദായങ്ങളും യുഎഇ തൊഴിൽ വിപണിയിൽ നല്ല സ്വാധീനവും ചെലുത്തിയ ഒരു കമ്പനിക്ക് അവാർഡ് നൽകുന്നു. യുഎഇ തൊഴിൽ വിപണിയുടെ വികസനത്തിന് സംഭാവന ചെയ്യുന്ന അസാധാരണ വ്യക്തിക്ക് ഈ വർഷത്തെ വ്യക്തിത്വം; തൊഴിൽ ബന്ധങ്ങളിലെ മികവിനും നൈപുണ്യ സമ്പാദനത്തിലും തൊഴിൽ ശക്തി ശാക്തീകരണത്തിലും മികച്ച രീതികൾ വികസിപ്പിക്കുന്നതിനുമുള്ള മുൻകൈ എടുക്കൽ; തൊഴിൽ വിപണി നിയന്ത്രണങ്ങൾ, നയങ്ങൾ, അവയെക്കുറിച്ച് അവബോധം വളർത്തൽ എന്നിവയിൽ മികവ് പുലർത്തുന്ന സോഷ്യൽ ഇൻഫ്ലുവൻസർ ഇതിൽ ഉൾപ്പെടുന്നു.

ഒന്നാം സ്ഥാനം നേടുന്ന കമ്പനികൾക്ക് ഇനിപ്പറയുന്ന ആനുകൂല്യങ്ങൾ ലഭിക്കും: മാനവ വിഭവശേഷി മന്ത്രാലയത്തിൻ്റെ വർഗ്ഗീകരണത്തിനുള്ളിൽ ആദ്യ വിഭാഗത്തിൽ അവരുടെ വർഗ്ഗീകരണം. വിജയികൾക്ക് മന്ത്രാലയത്തിൻ്റെ സേവനങ്ങളിൽ 1.5 ദശലക്ഷം ദിർഹം വരെ ലാഭം ലഭിക്കും. രണ്ടാം സ്ഥാനം നേടുന്ന കമ്പനികൾക്ക് 1 മില്യൺ ദിർഹം വരെ ലാഭം ലഭിക്കുന്ന അതേ ആനുകൂല്യങ്ങൾ ലഭിക്കും.

മൂന്നാം സ്ഥാനം നേടുന്ന കമ്പനിക്ക് 500,000 ദിർഹം വരെ ലാഭം ലഭിക്കുന്ന അതേ ആനുകൂല്യങ്ങൾ ലഭിക്കും. മുൻഗണനയുള്ള ഇടപാട് പ്രോസസ്സിംഗ്, സാങ്കേതിക വെല്ലുവിളികളെ അഭിമുഖീകരിക്കൽ, അസാധാരണമായ ഫോൺ സേവനം തുടങ്ങിയ ആനുകൂല്യങ്ങൾ ഉൾപ്പെടുന്ന മന്ത്രാലയത്തിൻ്റെ ഡയമണ്ട് ശ്രേണിയിൽ വിജയിക്കുന്ന എല്ലാ കമ്പനികളെയും ഉൾപ്പെടുത്തും.

വ്യക്തിഗത അവാർഡുകളിൽ, ഒന്നാം സ്ഥാനം നേടുന്നവർക്ക് 100,000 ദിർഹവും രണ്ടാം സ്ഥാനക്കാർക്ക് 75,000 ദിർഹവും മൂന്നാം സ്ഥാനക്കാർക്ക് 50,000 ദിർഹം ക്യാഷ് പ്രൈസും ലഭിക്കും.

അവാർഡിൻ്റെ ആദ്യ പതിപ്പിന് 3500-ലധികം നോമിനേഷനുകൾ ലഭിക്കുകയും 66 തൊഴിലാളികളെയും കമ്പനികളെയും ആദരിക്കുകയും ചെയ്തു, അവാർഡിൻ്റെ മാധ്യമ കവറേജ് ആഗോളതലത്തിൽ 24 ദശലക്ഷത്തിലധികം എത്തി.

അവാർഡിനുള്ള നോമിനേഷനുകൾ Riyada.mohre.gov.ae എന്ന വെബ്‌സൈറ്റ് വഴി 2024 ഓഗസ്റ്റ് 31 വരെ സ്വീകരിക്കും.


WAM/അമൃത രാധാകൃഷ്ണൻ