അബുദാബി, 12 മാർച്ച് 2024 (WAM) -- ട്രെൻഡ് റിസർച്ച് ആൻഡ് അഡ്വൈസറിയും ഹേഗ് സെൻ്റർ ഫോർ സ്ട്രാറ്റജിക് സ്റ്റഡീസും(എച്ച്സിഎസ്എസ്) സംയുക്തമായി ഗവേഷണ സഹകരണത്തിൻ്റെ സാധ്യതകളും മാർഗങ്ങളും ഉൾക്കൊള്ളുന്ന ഒരു പങ്കാളിത്ത കരാറിൽ ഒപ്പുവച്ചു.
നെതർലൻഡ്‌സിലെയും ലോകത്തെയും പ്രമുഖ ഗവേഷണ സ്ഥാപനങ്ങളിലൊന്നാണ് എച്ച്സിഎസ്എസ്. ഗവേഷണ, സ്പെഷ്യലൈസ്ഡ് സ്റ്റഡീസ് മേഖലകളിൽ അന്താരാഷ്ട്ര സഹകരണം വർധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണ് കരാർ.
കേന്ദ്രീകൃത ഗവേഷണവും വൈവിധ്യമാർന്ന പഠനങ്ങളും ഉൾപ്പെടെ വിവിധ ശാസ്ത്ര ഗവേഷണ മേഖലകളിൽ ഇരു കേന്ദ്രങ്ങളും തമ്മിൽ സമഗ്രമായ സഹകരണം കരാർ പ്രാപ്തമാക്കുന്നു. സംയുക്ത ഗവേഷണ പദ്ധതികളിലെ സഹകരണം, വിദഗ്ധരുടെയും ഗവേഷകരുടെയും കൈമാറ്റം, അഭിപ്രായ വോട്ടെടുപ്പുകൾ, പൊതു താൽപ്പര്യമുള്ള വിഷയങ്ങളിലെ ഉൾക്കാഴ്ചകൾ എന്നിവ ഇത് ഉൾക്കൊള്ളുന്നു.
കരാറിന്റെ ഭാഗമായി ഇരുപക്ഷവും സമ്മേളനങ്ങളും സെമിനാറുകളും ശിൽപശാലകളും സംഘടിപ്പിക്കും. സംയുക്ത പ്രസിദ്ധീകരണങ്ങളിലും ഗവേഷണ പഠനങ്ങളിലും സഹകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ലോകമെമ്പാടുമുള്ള പ്രമുഖ ഗവേഷണ സ്ഥാപനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള ട്രെൻഡ്‌സിൻ്റെ താൽപ്പര്യമാണ് ഈ കരാർ പ്രതിഫലിപ്പിക്കുന്നതെന്ന് ട്രെൻഡ്‌സ് റിസർച്ച് ആൻഡ് അഡ്വൈസറി സിഇഒ ഡോ. മുഹമ്മദ് അബ്ദുല്ല അൽ-അലി പറഞ്ഞു.
"ഈ കരാറിലൂടെ, ഞങ്ങളുടെ പ്രദേശത്തിൻ്റെയും അതിനപ്പുറവും ഭാവിയിൽ പ്രസക്തമായ വിവിധ മേഖലകൾ ഉൾപ്പെടുത്തുന്നതിനായി ഞങ്ങളുടെ ഗവേഷണത്തിൻ്റെയും പഠനങ്ങളുടെയും വ്യാപ്തി വിപുലീകരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. പൊതുവായ ആശങ്കയുള്ള വിഷയങ്ങളിൽ അന്തർദേശീയ സംഭാഷണം സമ്പന്നമാക്കാനും നൂതനമായ പരിഹാരങ്ങൾ നൽകാനും ഞങ്ങൾ ലക്ഷ്യമിടുന്നു. അത് സമാധാനവും സുസ്ഥിരതയും കൈവരുന്നു.അങ്ങനെ, 'അറിവിലൂടെ ഭാവി മുൻകൂട്ടിക്കാണുക' എന്ന ട്രെൻഡ് മുദ്രാവാക്യം ഞങ്ങൾ സ്ഥിരീകരിക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.
" ഈ പങ്കാളിത്തത്തെ ഞങ്ങൾ വളരെയധികം വിലമതിക്കുന്നു. അനുഭവങ്ങൾ കൈമാറാനും ഗവേഷണത്തിലും പ്രത്യേക പഠനങ്ങളിലും സഹകരിക്കാനുമുള്ള അവസരമാണിത്. ഈ കരാർ ശാസ്ത്ര ഗവേഷണത്തിൽ അന്താരാഷ്ട്ര സഹകരണം വർദ്ധിപ്പിക്കുമെന്നും ലോകം നേരിടുന്ന വെല്ലുവിളികൾക്ക് ശാസ്ത്രീയമായ പരിഹാരങ്ങൾ നൽകുമെന്നും വിശ്വസിക്കുന്നു," എച്ച്സിഎസ്എസ് ഡെപ്യൂട്ടി ഡയറക്ടറും, സ്ഥാപകരിലൊരാളുമായ മൈക്കൽ റേഡ്മേക്കർ പറഞ്ഞു.
WAM/അമൃത രാധാകൃഷ്ണൻ