കുടുംബ സ്ഥിരതയ്ക്കായി രക്ഷാകർതൃ തത്വങ്ങളെക്കുറിച്ച് മാതാപിതാക്കൾക്ക് ബോധവൽക്കരണവുമായി എഡിജെഡി

അൽ ഐൻ, 14 മാർച്ച് 2024 (WAM) -- അൽ ഐനിലെ അൽ അമേറ ഏരിയയിൽ സെയ്ഫ് ബിൻ മായ അൽ അഫാരിയിൽ മജ്‌ലിസിൽ പ്രസിഡൻഷ്യൽ കോടതിയുടെ സിറ്റിസൺസ് ആൻ്റ് കമ്മ്യൂണിറ്റി അഫയേഴ്‌സ് ഓഫീസുമായി സഹകരിച്ച് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെൻ്റ്(എഡിജെഡി) ശരിയായ രക്ഷാകർതൃ ബന്ധം എന്ന വിഷയത്തിൽ ബോധവൽക്കരണ പ്രഭാഷണം നടത്തി.

ഉപരാഷ്ട്രപതിയും, ഉപപ്രധാനമന്ത്രിയും, പ്രസിഡൻഷ്യൽ കോടതി ചെയർമാനും എഡിജെഡി ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ്റെ നിർദേശപ്രകാരം ജുഡീഷ്യൽ വകുപ്പ് ആരംഭിച്ച 'മജലിസ്ന' പദ്ധതിയുടെ ഭാഗമാണ് ഈ പ്രഭാഷണം. സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ നിയമാവബോധം വർധിപ്പിക്കാനും സുരക്ഷ, സ്ഥിരത, സമൂഹ ക്ഷേമം എന്നിവയ്ക്ക് സംഭാവന നൽകാനും ഈ സംരംഭം ലക്ഷ്യമിടുന്നു.

കുട്ടികളുടെ വൈകാരികവും വിദ്യാഭ്യാസപരവുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള തന്ത്രങ്ങൾ, വിദ്യാഭ്യാസപരവും പരിചരണപരവുമായ ഉത്തരവാദിത്തങ്ങൾ തമ്മിൽ വേർതിരിച്ചറിയുന്ന ജീവിതത്തിലെ വെല്ലുവിളികളെ നേരിടാൻ കഴിവുള്ള പൊരുത്തപ്പെടുന്ന വ്യക്തിത്വങ്ങളെ വളർത്തിയെടുക്കൽ, മാതാപിതാക്കളുടെ റോളുകളുടെ പ്രാധാന്യം, കുട്ടികളുമായി താൽപ്പര്യങ്ങൾ പങ്കിടൽ തുടങ്ങി വിവിധ വിഷയങ്ങൾ ജുഡീഷ്യൽ ഡിപ്പാർട്ട്‌മെൻ്റിലെ ഫാമിലി കൗൺസിലർ സുൽത്താൻ അൽഷുവെയ്ഹി അവതരിപ്പിച്ച പ്രഭാഷണം ചർച്ച ചെയ്തു.

ശരിയായ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നതിനുള്ള അവശ്യ മാനദണ്ഡങ്ങളും തത്വങ്ങളും, ശരിയായ പങ്കാളിയെ അറിയാൻ മതിയായ സമയമെടുക്കുക, വിവാഹത്തിന് മുമ്പോ ശേഷമോ അമിതമായ ആവശ്യങ്ങളോ സാമ്പത്തിക ബാധ്യതകളോ ചുമത്തുന്നത് ഒഴിവാക്കുക, വിശ്വാസം വളർത്തുക, പരസ്പര ബഹുമാനം, ബന്ധത്തിനുള്ളിലെ ഉത്തരവാദിത്തം എന്നീ വിഷയങ്ങൾ ചർച്ച ചെയ്തു.

കുട്ടികളുമായുള്ള മാതാപിതാക്കളുടെ ബന്ധം ശക്തിപ്പെടുത്തുന്നതിനും അവരുടെ കുടുംബത്തിൻ്റെ പ്രയോജനത്തിനായി ഒരു പിന്തുണാ പങ്കാളിത്തം വളർത്തിയെടുക്കുന്നതിനും മാതാപിതാക്കളെ സഹായിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പ്രായോഗിക ഉപദേശങ്ങളും നല്ല സന്ദേശങ്ങളും അൽഷുവെയ്ഹി അവതരിപ്പിച്ചു.


WAM/അമൃത രാധാകൃഷ്ണൻ