ആസിയാൻ കമ്മിറ്റിയുടെ ആദ്യ യോഗം അബുദാബിയിൽ

അബുദാബി, 15 മാർച്ച് 2024 (WAM) -- യുഎഇയുടെ പ്രവേശനത്തെത്തുടർന്ന് തങ്ങളുടെ തന്ത്രപരമായ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനുള്ള യുഎഇ-ആസിയാൻ ശ്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് (ആസിയാൻ) കമ്മിറ്റി അബുദാബിയിൽ സഹമന്ത്രി അഹമ്മദ് അൽ സയേഗുമായി കൂടിക്കാഴ്ച നടത്തി. 2022-ൽ ഒരു സെക്ടറൽ ഡയലോഗ് പാർട്ണർ എന്ന നിലയിലാണ് യുഎഇ അസോസിയേഷനിൽ അംഗമായത്. 2024-2028-ലേക്കുള്ള യുഎഇ-ആസിയാൻ കർമപദ്ധതിയും യോഗം അംഗീകരിച്ചു.

യുഎഇയിലെ മലേഷ്യൻ അംബാസഡർ അഹ്മദ് ഫാദിൽ ബിൻ ഹാജി ഷംസുദ്ദീൻ്റെ അധ്യക്ഷതയിൽ നടന്ന കമ്മിറ്റി യോഗത്തിൽ ഇന്തോനേഷ്യ, സിംഗപ്പൂർ, തായ്‌ലൻഡ്, ബ്രൂണെ ദാറുസലാം, വിയറ്റ്നാം, ഫിലിപ്പീൻസ് എന്നിവിടങ്ങളിലെ അംബാസഡർമാർ പങ്കെടുത്തു.

യോഗത്തിൽ, ആസിയാൻ സെക്രട്ടേറിയറ്റുമായി ഏകോപിപ്പിച്ച് നിർദ്ദിഷ്ട പദ്ധതികളുടെ വികസനം ഉൾപ്പെടെ, യുഎഇയും ആസിയാനും തമ്മിലുള്ള സെക്ടറൽ ഡയലോഗ് പാർട്ണർഷിപ്പിനുള്ളിലെ നിരവധി സംയുക്ത പദ്ധതികളും സംരംഭങ്ങളും ചർച്ച ചെയ്തു.

സാമ്പത്തികം, വ്യാപാരം, നിക്ഷേപം, കാലാവസ്ഥ വ്യതിയാനം, ശുദ്ധ ഊർജം എന്നീ മേഖലകളിൽ സഹകരണം വിപുലീകരിക്കുന്നതിനുള്ള യുഎഇയുടെ ഇടപെടലിൻ്റെ പ്രാധാന്യം കമ്മിറ്റി അംഗങ്ങൾ ഊന്നിപ്പറഞ്ഞു, കൂടാതെ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ആസിയാൻ പദ്ധതികളെക്കുറിച്ചും അഭിപ്രായങ്ങൾ കൈമാറി.

2024-2028 ലെ യുഎഇ-ആസിയാൻ ആക്ഷൻ പ്ലാൻ സ്ഥിരമായി നടപ്പാക്കാനുള്ള രാജ്യത്തിൻ്റെ പ്രതിബദ്ധതയുമായി ഇത് ചേർന്ന് പോവുന്നു. ഒരു സെക്ടറൽ ഡയലോഗ് പാർട്ണർ എന്ന നിലയിൽ യുഎഇയുടെ പങ്ക് സജീവമാക്കുന്നതിന് ആസിയാൻ പ്രകടിപ്പിച്ച സഹകരണത്തിന് അൽ സയേഗ് അഭിനന്ദനം അറിയിച്ചു. ഇരു കക്ഷികളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം തുടർച്ചയായി മുന്നോട്ട് കൊണ്ടുപോകാൻ യുഎഇയുടെ സന്നദ്ധതയും അദ്ദേഹം അറിയിച്ചു.

തങ്ങളുടെ ഭാഗത്ത്, യുഎഇയിലെ ആസിയാൻ അംബാസഡർമാർ യോഗത്തെ അഭിനന്ദിക്കുകയും ഇരു കക്ഷികളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിൽ കമ്മിറ്റിയുടെ പ്രധാന പങ്ക് എടുത്തുപറയുകയും ചെയ്തു.

യുഎഇയും അസോസിയേഷനും തമ്മിൽ വിവിധ മേഖലകളിൽ കൈവരിച്ച പൊതു ലക്ഷ്യങ്ങളും പുരോഗതിയും പിന്തുടരുക എന്ന ലക്ഷ്യത്തോടെ അബുദാബിയിൽ ആസിയാൻ കമ്മിറ്റി യോഗങ്ങൾ വർഷത്തിൽ രണ്ടുതവണ നടക്കും.


WAM/അമൃത രാധാകൃഷ്ണൻ