എമിറാത്തി-ജോർദാനിയൻ ക്യാമ്പിലെ താമസക്കാർക്കായി ഇആർസി ഇഫ്താർ സംഘടിപ്പിച്ചു

മ്രജീബ് അൽ ഫൂഡ്, 18 മാർച്ച് 2024 (WAM) --റമദാൻ പരിപാടികൾ ജോർദാനിലെ എമിറാത്തി റിലീഫ് ടീമിലൂടെ തുടരുകയാണ് എമിറേറ്റ്സ് റെഡ് ക്രസൻ്റ് (ഇആർസി). മ്രജീബ് അൽ ഫൂഡിലെ എമിറാത്തി-ജോർദാനിയൻ ക്യാമ്പിന് സമീപമുള്ള ടെൻ്റുകളിൽ താമസിക്കുന്ന കുടുംബങ്ങൾക്കൊപ്പം ടീമിൻ്റെ സന്നദ്ധപ്രവർത്തകർ കഴിഞ്ഞ ദിവസം ഇഫ്താർ ആഘോഷിച്ചു.

എമിറാത്തി റിലീഫ് ടീം ഡെപ്യൂട്ടി കമാൻഡർ യൂസഫ് അബ്ദുല്ല അൽ ഹർമൂദി ഇഫ്താർ ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിച്ചു. മുസ്‌ലിംകൾക്കിടയിൽ സാമൂഹിക ഐക്യത്തിനും ഐക്യദാർഢ്യത്തിനും ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ആഹ്വാനം ചെയ്യുന്ന നമ്മുടെ മഹത്തായ മതത്തിൻ്റെ പഠിപ്പിക്കലുകൾക്ക് അനുസൃതമാണ് പദ്ധതിയെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. അറുപതോളം കുടുംബങ്ങൾക്ക് ഈ സംരംഭത്തിൻ്റെ പ്രയോജനം ലഭിച്ചതായി അദ്ദേഹം വിശദീകരിച്ചു.

വിശുദ്ധ മാസത്തിൽ ജോർദാനിലെ എമിറാത്തി റിലീഫ് ടീമിൻ്റെ സംരംഭങ്ങളുടെ ഭാഗമാണ് റംദാൻ പരിപാടിയെന്ന് അൽ ഹർമൂദി കൂട്ടിച്ചേർത്തു, ജോർദാനിൽ ഈ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ യുഎഇ നേതൃത്വത്തിൻ്റെ ഉദാരമായ പിന്തുണക്ക് നന്ദി രേഖപ്പെടുത്തുന്നു, അദ്ദേഹം പറഞ്ഞു.

എമിറാത്തി റിലീഫ് ടീമിനൊപ്പം ഇഫ്താർ ഭക്ഷണം പങ്കിട്ടതിൽ ഇഫ്താറിൻ്റെ ഗുണഭോക്താക്കൾ സന്തോഷം പ്രകടിപ്പിക്കുകയും, ഇആർസിയുടെ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. യുണൈറ്റഡ് അറബ് എമിറേറ്റ്സിൻ്റെയും ജോർദാനിൻ്റെയും ക്ഷേമത്തിനായി പ്രാർത്ഥിക്കുന്നതായി അവർ പറഞ്ഞു.

WAM/അമൃത രാധാകൃഷ്ണൻ