അബുദാബി, 19 മാർച്ച് 2024 (WAM) -- യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ഗാസയിലെ യുഎൻ സീനിയർ ഹ്യൂമാനിറ്റേറിയൻ ആൻഡ് റീ കൺസ്ട്രക്ഷൻ കോർഡിനേറ്റർ സിഗ്രിദ് കാഗും ഗാസയിലെ മാനുഷിക സാഹചര്യങ്ങളെക്കുറിച്ചും സഹായം വർദ്ധിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ചും ചർച്ച ചെയ്തു.
ഗാസയിലെ പലസ്തീൻ ജനതയ്ക്ക് സുസ്ഥിരമായ മാനുഷിക സഹായം നൽകാൻ ലക്ഷ്യമിടുന്ന സമുദ്ര ഇടനാഴി സംരംഭത്തിൻ്റെ പുരോഗതിയും ഇരുനേതാക്കളും അവലോകനം ചെയ്തു.
ശാശ്വത വെടിനിർത്തൽ സ്ഥാപിക്കുന്നതിനും ഗാസയിലെ നിവാസികൾക്ക് മാനുഷിക പിന്തുണ നൽകുന്നത്തിനും നിലവിലെ പ്രാദേശിക സംഭവവികാസങ്ങളും അന്താരാഷ്ട്ര ശ്രമങ്ങളും അവർ ചർച്ച ചെയ്തു.
മേഖലയിലെ തീവ്രവാദം, പിരിമുറുക്കം, അക്രമം എന്നിവ അവസാനിപ്പിക്കുന്നതിൽ ഐക്യരാഷ്ട്രസഭയുടെയും അന്താരാഷ്ട്ര പങ്കാളികളുടെയും പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട്, ഗാസയിലെ യുഎന്നിൻ്റെ മാനുഷിക ശ്രമങ്ങൾക്ക് യുഎഇയുടെ പൂർണ പിന്തുണ ശൈഖ് അബ്ദുല്ല അറിയിച്ചു.
പലസ്തീൻ ജനതയുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുന്നതിന് സിവിലിയന്മാരെ സംരക്ഷിക്കേണ്ടതിൻ്റെയും അടിയന്തിര മാനുഷിക സഹായം നൽകേണ്ടതിൻ്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു.
കൂടാതെ, വടക്കൻ ഗാസ മുനമ്പിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതിന് സുസ്ഥിരമായ ഒരു ചാനൽ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ യുഎന്നുമായും സമുദ്ര ഇടനാഴി സംരംഭത്തിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റ് പങ്കാളികളുമായും സഹകരിക്കാനുള്ള യുഎഇയുടെ പ്രതിബദ്ധത ശൈഖ് അബ്ദുല്ല ആവർത്തിച്ചു.
WAM/അമൃത രാധാകൃഷ്ണൻ