ഗാസയിലെ പ്രാദേശിക വികസനവും, മാനുഷിക സാഹചര്യങ്ങളും ചർച്ച ചെയ്ത് യുഎഇ, സിംഗപ്പൂർ വിദേശകാര്യമന്ത്രിമാർ

അബുദാബി, 20 മാർച്ച് 2024 (WAM) --അബുദാബി സന്ദർശനത്തിനെത്തിയ സിംഗപ്പൂർ വിദേശകാര്യ മന്ത്രി ഡോ. വിവിയൻ ബാലകൃഷ്ണനുമായി യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ കൂടിക്കാഴ്ച്ച നടത്തി.

കൂടിക്കാഴ്ച്ചയിൽ, ഗാസ മുനമ്പിലെ മാനുഷിക സാഹചര്യങ്ങളെക്കുറിച്ചും മിഡിൽ ഈസ്റ്റിലെ ഏറ്റവും പുതിയ സംഭവങ്ങളെക്കുറിച്ചും ഇരു നേതാക്കളും സംസാരിച്ചു. ദീർഘകാല വെടിനിർത്തൽ നടപ്പിലാക്കുന്നതിനും സാധാരണക്കാരുടെ സുരക്ഷ ഉറപ്പു നൽകുന്നതിനും ഗാസയിലേക്കുള്ള മാനുഷിക സാമഗ്രികളുടെ ഒഴുക്ക് വർധിപ്പിക്കുന്നതിനുമുള്ള അന്താരാഷ്ട്ര സംരംഭങ്ങൾ യോഗം പരിശോധിച്ചു.

ഗാസയിലേക്ക് സഹായം എത്തിക്കുന്നതിനുള്ള മാരിടൈം കോറിഡോർ സംരംഭവും മാനുഷിക പിന്തുണ വർദ്ധിപ്പിക്കുന്നതിലെ പങ്കും മന്ത്രിമാർ അവലോകനം ചെയ്തു.

ഗാസയിലെ സാധാരണക്കാർക്ക് മതിയായതും സുരക്ഷിതവും സുസ്ഥിരവും തടസ്സമില്ലാത്തതുമായ മാനുഷിക സഹായം എത്തിക്കുന്നതിനും അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും, ദുരിതങ്ങൾ ലഘൂകരിക്കുന്നതിനും പ്രാദേശിക, അന്തർദേശീയ പങ്കാളികളുമായി പ്രവർത്തിക്കാനുള്ള യുഎഇയുടെ പ്രതിബദ്ധത ശൈഖ് അബ്ദുല്ല ആവർത്തിച്ചു.

പ്രാദേശിക തീവ്രവാദം, പിരിമുറുക്കം, അക്രമം എന്നിവ അവസാനിപ്പിക്കേണ്ടതിൻ്റെയും സാധാരണക്കാരെ സംരക്ഷിക്കേണ്ടതിൻ്റെയും ഫലസ്തീൻ ജനതയ്ക്ക് സാധ്യമായ എല്ലാ മാനുഷിക പിന്തുണയും വർദ്ധിപ്പിക്കേണ്ടതിൻ്റെയും പ്രാധാന്യം അദ്ദേഹം ആവർത്തിച്ചു.

ഗാസയിലെ സിംഗപ്പൂരിൻ്റെ പ്രമുഖ ദുരിതാശ്വാസ പ്രവർത്തനങ്ങളെയും പ്രതിസന്ധി പരിഹരിക്കുന്നതിനും ഗാസയിലെ സാധാരണക്കാരെ പിന്തുണയ്ക്കുന്നതിനും പ്രസക്തമായ കക്ഷികളുമായുള്ള സഹകരണത്തെയും ശൈഖ് അബ്ദുല്ല അഭിനന്ദിച്ചു.

യുഎഇയും സിംഗപ്പൂരും തമ്മിലുള്ള സൗഹൃദ ബന്ധങ്ങളെക്കുറിച്ചും സമഗ്രമായ പങ്കാളിത്തത്തെക്കുറിച്ചും കൂടിക്കാഴ്ച അഭിസംബോധന ചെയ്തു, പരസ്പര പ്രയോജനത്തിനായി വിവിധ മേഖലകളിൽ കൂടുതൽ സഹകരണത്തിനുള്ള അവസരങ്ങൾ പര്യവേക്ഷണം ചെയ്തു.

വികസനത്തെ പിന്തുണയ്ക്കുന്നതിനും സുസ്ഥിര സാമ്പത്തിക അഭിവൃദ്ധി കൈവരിക്കുന്നതിനുമായി തങ്ങളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് ലഭ്യമായ അവസരങ്ങൾ ചൂഷണം ചെയ്യാനുള്ള ഇരു രാജ്യങ്ങളുടെയും താൽപ്പര്യം എടുത്തുകാണിച്ചുകൊണ്ട് വികസിച്ചുകൊണ്ടിരിക്കുന്നതും വളരുന്നതുമായ ബന്ധങ്ങളെ ശൈഖ് അബ്ദുല്ല പ്രശംസിച്ചു.

സമ്മേളനത്തിൽ സഹമന്ത്രി അഹമ്മദ് അലി അൽ സയേഗ്, സാമ്പത്തിക, വാണിജ്യകാര്യ സഹമന്ത്രി സയീദ് മുബാറക് അൽ ഹജേരി എന്നിവർ പങ്കെടുത്തു.

WAM/അമൃത രാധാകൃഷ്ണൻ