മാധ്യമ വ്യവസായത്തിൻ്റെ പ്രവർത്തനക്ഷമത നിലനിർത്തുന്നതിനുള്ള നിയന്ത്രണങ്ങൾ ചർച്ച ചെയ്ത് ദുബായ് മീഡിയ കൗൺസിൽ

ദുബായ്, 26 മാർച്ച് 2024 (WAM) -- അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന മാധ്യമ ലോകത്തിനൊപ്പം വളർച്ച കൈവരിക്കാനായി എമിറേറ്റിലെ മാധ്യമ വ്യവസായവുമായി ബന്ധപ്പെട്ട നിയമങ്ങളും നയങ്ങളും സംഘടനാ ചട്ടക്കൂടുകളും ഉടൻ പുനഃപരിശോധിക്കണമെന്ന് ദുബായിലെ രണ്ടാമത്തെ ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആവശ്യപ്പെട്ടു. ദുബായ് മീഡിയ കൗൺസിൽ യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. ആഗോള മികച്ച സമ്പ്രദായങ്ങൾക്കും ധാർമ്മിക തത്വങ്ങൾക്കും അനുസൃതമായി അവരുടെ ഉള്ളടക്കം നിഷ്പക്ഷമായി അവതരിപ്പിക്കാനും കാഴ്ചക്കാരെ സേവിക്കാനും മാധ്യമങ്ങളെ ശാക്തീകരിക്കുന്നതിൻ്റെ പ്രാധാന്യം അദ്ദേഹം അടിവരയിട്ടു.

ദുബായ് മീഡിയ കൗൺസിൽ ആസ്ഥാനത്ത് നടന്ന യോഗത്തിൽ ദുബായിലെ മാധ്യമ മേഖലയെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള അവശ്യ നയങ്ങൾ വിശദീകരിക്കുന്ന സമഗ്രമായ ഒരു ബ്ലൂപ്രിൻ്റ് സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങൾ ശക്തമാക്കേണ്ടതിൻ്റെ ആവശ്യകത ശൈഖ് അഹമ്മദ് ഊന്നിപ്പറഞ്ഞു. അന്താരാഷ്ട്ര വ്യാപാരത്തിൻ്റെ കേന്ദ്രമായും വിദേശ നിക്ഷേപത്തിനുള്ള ആകർഷകമായ സ്ഥലമായും മാറുന്നതിലെ നഗരത്തിൻ്റെ വിജയത്തിൻ്റെ പ്രധാന ദൃഷ്ടാന്തമായി ദുബായുടെ നിയമനിർമ്മാണ പൊരുത്തപ്പെടുത്തലും അദ്ദേഹം ഉദ്ധരിച്ചു.

നിക്ഷേപ നയങ്ങൾ, മാധ്യമ തൊഴിലുകളെ സംബന്ധിച്ച നയങ്ങൾ, പ്രധാനപ്പെട്ടതും വികസിക്കുന്നതുമായ മാധ്യമ മേഖലകൾ നയ നിർവഹണത്തിൻ്റെ മൂന്ന് പ്രധാന മേഖലകൾക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള മാധ്യമ നയ വികസന പദ്ധതി ദുബായിൽ വേഗത്തിൽ നടപ്പിലാക്കാൻ അദ്ദേഹം ഉത്തരവിട്ടു. പ്രത്യേകിച്ച് കഴിവുകളുടെ വികസനത്തിൻ്റെയും സാങ്കേതിക പുരോഗതിയുടെയും വെളിച്ചത്തിൽ മാധ്യമ സമ്പദ്‌വ്യവസ്ഥയുടെ സാധ്യതകൾ വർധിപ്പിക്കേണ്ടത് എത്ര നിർണായകമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

റമദാൻ ആരംഭത്തിൽ അവതരിപ്പിച്ച #RamadanInDubai കാമ്പെയ്ൻ ശൈഖ് അഹമ്മദ് പരിശോധിച്ചു, സർക്കാർ സ്ഥാപനങ്ങൾ, അധികാരികൾ, സ്വകാര്യ മേഖല എന്നിവ തമ്മിലുള്ള സുഗമമായ സഹകരണം പ്രകടമാക്കി. എമിറാത്തി ആചാരങ്ങളെ ബഹുമാനിക്കാനും റമദാനിൻ്റെ യഥാർത്ഥ ചൈതന്യം അറിയിക്കാനുമാണ് പരസ്യം ശ്രമിച്ചത്.

മേഖലാ ഭരണം, നിയമനിർമ്മാണങ്ങളും നയങ്ങളും തയ്യാറാക്കൽ, മനുഷ്യ മൂലധനം വികസിപ്പിക്കൽ, പ്രതിഭകളെ ആകർഷിക്കൽ, പ്രാദേശിക പ്രതിഭകൾക്ക് പരിശീലനവും നൈപുണ്യവും നൽകുന്ന അവസരങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മാധ്യമ മേഖലയെ മുന്നോട്ട് നയിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് മോണ അൽ മാരി പറഞ്ഞു. ലോകമെമ്പാടും ദുബായിയുടെ ചലനാത്മകത പ്രദർശിപ്പിക്കുന്നതിലും വിവിധ മേഖലകളിലെ മികവ് ലക്ഷ്യമിടുന്നതിലും മാധ്യമങ്ങളുടെ പങ്ക് അവർ എടുത്തുപറഞ്ഞു.


WAM/അമൃത രാധാകൃഷ്ണൻ